Friday, 27 December 2019

വാണിയെ തേടിയെത്തിയ സൂസന്ന

മലയാളി മാറോടണച്ച വെള്ളിത്തിരയിലെ 12 ക്രിസ്ത്യാനികൾ    Part 9





സൂസന്ന 
        
      2000 ലാണ്   സൂസന്ന  റിലീസ് ചെയ്യുന്നത് .  ആ വർഷത്തെ രണ്ടു സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ ലഭിച്ച ചിത്രം. ജീവിതത്തിന്റെ പൊതുധാരയിൽ നിന്ന് മാറി ജീവിക്കേണ്ടി വന്ന വ്യക്തിയുടെ കഥയാണ് സൂസന്ന. പലരും പറഞ്ഞതുപോലെ സൂസന്ന വെറുമൊരു ലൈംഗിക തൊഴിലാളിയുടെ കഥയായിരുന്നില്ലെന്ന് സംവിധായകൻ ടി.വി.ചന്ദ്രൻ.
    ഒരു ഭാര്യയാവാനും അമ്മയാവാനും തന്നെയായിരുന്നു എല്ലാവരെയും പോലെ സൂസന്ന യും ആഗ്രഹിച്ചിരുന്നത്. എന്നാൽ മനഃപൂർവം അല്ലാത്ത ഒരു തെറ്റിന് സമൂഹം അവളെ പുറത്താക്കുമ്പോൾ അവൾക്കു ജീവിക്കേണ്ടി വന്ന ശിഷ്ട ജീവിതത്തെയാണ് സൂസന്നയിലൂടെ  ടി.വി.ചന്ദ്രൻ ദൃശ്യവൽക്കരിച്ചത്.
    തുടക്കത്തിൽ ഒന്നുമറിയാതെ സംവിധായകൻ പറഞ്ഞത് പോലെയൊക്കെ അഭിനയിക്കുകയായിരുന്നെന്ന് സൂസന്ന എന്ന കഥാപാത്രത്തെ മികച്ച രീതിയിൽ അവതരിപ്പിച്ച നടി വാണി വിശ്വനാഥ്. "രണ്ടു സീൻ എടുത്തു കഴിഞ്ഞാണ് ചന്ദ്രൻ സാർ കഥ പറഞ്ഞു തന്നത്. പിന്നെ പിന്നെ എല്ലാ യൂണിറ്റ് അംഗങ്ങളും എന്നെ സൂസന്ന എന്ന തന്നെ ഷൂട്ടിങ് സമയത്ത് വിളിക്കുന്ന നിലയിലേക്ക് കാര്യങ്ങൾ മാറുകയായിരുന്നു."
     മല്ലികാ സാരാഭായിയെ ആണ് ടി.വി.ചന്ദ്രൻ ആദ്യം സൂസന്നയായി കണ്ടത്. അവർക്കു പരിക്ക് പറ്റി വിശ്രമം ആയതിനാലാണ് സൂസന്ന എന്ന മികച്ച കഥാപാത്രം വാണിയെ തേടിയെത്തടിയത് ; ഒരു നിയോഗം പോലെ. സൂസന്നയായി വാണി കാഴ്ചവച്ചത് ഗംഭീര പ്രകടനം തന്നെയായിരുന്നുവെന്ന് ടി.വി. ചന്ദ്രൻ  കൂട്ടിച്ചേർത്തു. "കുട്ടിക്കാലത്തു ധാരാളം കൃസ്ത്യാനി സുഹൃത്തുക്കളുണ്ടായിരുന്നു. അക്കാലത്ത് പള്ളിയിൽ പോകുമായിരുന്നു. എന്റെ വ്യക്തിത്വം രൂപീകരിക്കുന്ന കാലഘട്ടത്തിൽ കൃസ്ത്യാനികളുമായുണ്ടായ ആ സഹവാസം, ആ കൾച്ചറിനോടുണ്ടായ അടുപ്പം അതൊക്കെ തന്നെയായിരുന്നു  സൂസന്നയുടെ കഥ കൃസ്ത്യൻ പശ്ചാത്തലത്തിൽ പറയാൻ പ്രേരിപ്പിച്ചത്." ടി.വി . ചന്ദ്രൻ  വ്യക്തമാക്കുന്നു.  എന്തായാലും സൂസന്ന  വാണിക്ക് ആ വർഷത്തെ മികച്ച രണ്ടാമത്തെ നടിക്കുള്ള  സംസ്ഥാന സർക്കാരിന്റെ പുരസ്കാരം നേടിക്കൊടുത്തു. ടി.വി.ചന്ദ്രന് ജൂറിയുടെ പ്രത്യേക പരാമർശവും.



  

Monday, 23 December 2019

കൊച്ചു തോമ എന്ന അപ്പൻ

മലയാളി മാറോടണച്ച വെള്ളിത്തിരയിലെ 12 ക്രിസ്ത്യാനികൾ    Part 9



കൊച്ചു തോമ 
        
      ഹിസ്  ഹൈനസ് അബ്ദുള്ള കഴിഞ്ഞു പ്രണവം നിർമ്മിക്കുന്ന രണ്ടാമത്തെ സിനിമയുടെ ലൊക്കേഷൻ. കഥ കേട്ട  ആരോ പറഞ്ഞു -"ഒരു പൈങ്കിളി സബ്ജെക്ട് ആണല്ലോ ഇതെന്ന്."  മോഹൻ ലാലിനെയും നെടുമുടി വേണുവിനെയും പ്രധാന കഥാപാത്രങ്ങളാക്കി ലോഹിതദാസ് എഴുതിയ ആ കഥ അങ്ങനെ വേണ്ടെന്നു വച്ചു. പകരം ലോഹി മറ്റൊരു കഥ പറഞ്ഞു. അതായിരുന്നു ഭരതം.  
   വർഷങ്ങൾ പിന്നിട്ടു.  ദിലീപ്, ലാൽ, ബിജു മേനോൻ, ചഞ്ചൽ എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി ലോഹിതദാസ് സംവിധാനം ചെയ്ത ഓർമ്മച്ചെപ്പ് എന്ന സിനിമ പ്രതീക്ഷിച്ചത്ര വിജയം നേടാത്തതിന്റെ അലസതയുമായി കഴിഞ്ഞിരുന്ന ലോഹിതദാസിനെ തേടി പ്രശസ്ത സംവിധായകൻ സത്യൻ അന്തിക്കാടിന്റെ ഫോൺ വിളിയെത്തി. അങ്ങനെ  പുതിയൊരു സിനിമാക്കഥ തേടി രണ്ടാളും പോണ്ടിച്ചെരി ആരോവിൽ കോട്ടേജിലെത്തി. "കുറച്ച് നാൾ ആരുടേയും ശല്യമില്ലാതെ ഒരു  പ്രവാസ ജീവിതം. അതായിരുന്നു  രണ്ടാളുടെയും ഉദ്ദേശം." സത്യൻ അന്തിക്കാട് ഓർക്കുന്നു.
     അരബിന്ദോ ആശ്രമത്തിന്റേതാണ് കോട്ടേജ്. അവിടെ ബർമുഡയും ടീ ഷർട്ടുമൊക്കെ ധരിച്ച് ഫോറിൻ ഫുഡുമൊക്കെയായി കൃത്രിമ വനത്തിനു നടുവിലെ കോട്ടേജിൽ കുറെ നാൾ. ഇടക്ക് ഒരുദിവസം ലോഹി ഒരു കഥ പറഞ്ഞു. കുടിയേറ്റക്കാരനായ ഒരു അപ്പന്റെയും മകന്റെയും കഥ. സത്യന് അത് ഏറെ ഇഷ്ടമായി.
   "പണ്ടൊരിക്കൽ ഭരതത്തിനു  വേണ്ടി ആലോചിച്ച് വേണ്ടെന്നു വച്ച കഥ. ബൈബിൾ കഥ പോലെ കേട്ട ഒരു കഥയായിരുന്നു ത്രെഡ്. " ലോഹിതദാസ് ആ കഥ പിറന്ന വഴിയിലേക്ക് തിരിഞ്ഞു നടന്നു.
      ഒരപ്പന് മൂന്നു നാല് മടിയന്മാരായ മക്കൾ. മരിക്കാൻ നേരം അപ്പൻ മക്കളോട് പറഞ്ഞു. എന്റെ സമ്പാദ്യം മുഴുവൻ പറമ്പിൽ കുഴിച്ചിട്ടിരിക്കുന്നു. എവിടെയാണെന്ന് ചോദിക്കും മുൻപേ അപ്പൻ മരിച്ചു. മക്കൾ ആ നിധി തേടി പറമ്പായ പറമ്പോക്കെ കുഴിച്ചു നോക്കി. പക്ഷെ നിധി മാത്രം കിട്ടിയില്ല. എന്തായാലും കിളച്ചതല്ലേ എന്ന് കരുതി അവർ ആ പറമ്പിൽ വാഴ നട്ടു. അങ്ങനെ അവർ അധ്വാനികളായി. ആ മണ്ണിൽ പൊന്ന് വിളഞ്ഞു.  അപ്പൻ ഉദ്ദേശിച്ചതും അതായിരുന്നു. ഈ ഗുണപാഠ കഥയിൽ നിന്നാണ് വീണ്ടും ചില വീട്ടുകാര്യങ്ങളുടെ ത്രെഡ് എന്ന് ലോഹിതദാസ്.
      സിനിമാ മോഹവും നാടക അഭിനയവുമായി ഉത്തരവാദിത്വങ്ങളിൽ നിന്നൊഴിഞ്ഞു നടന്ന മകൻ റോയിക്ക് (ജയറാം) ആദ്യം അപ്പൻ കൊച്ചു തോമയായിരുന്നു എല്ലാത്തിനും കൂട്ട്. ഒടുവിൽ അവൻ ഒരു പെണ്ണിന്റെ കൈ പിടിച്ച് വീട്ടിലെത്തുമ്പോൾ റോയിയെ നേർവഴിക്കു നടത്താൻ കൊച്ചു തോമ നടത്തുന്ന ആത്മാർത്ഥ ശ്രമമാണ് വീണ്ടും ചില വീട്ടുകാര്യങ്ങൾ.
     കൃസ്ത്യാനികൾക്കിടയിൽ സ്നേഹത്തിന്റെ കൂട്ടായ്മ  കൂടുതലാണ്. അപ്പനും മകനും തമ്മിലുള്ള സൗഹൃദം, ഒരുമിച്ചുള്ള മദ്യപാനം, പിന്നെ കലാ പ്രവർത്തനങ്ങൾക്ക് അച്ചൻമാരും  സഭകളും നൽകുന്ന പ്രോത്സാഹനം, ഇതൊക്കെയാണ് ആ കഥാപാത്രങ്ങളെ കൃസ്ത്യാനികളാക്കാൻ കാരണമെന്നും ലോഹിതദാസ് പറഞ്ഞു.
      " ഇന്നത്തെ തലമുറ മക്കളോട് സ്നേഹത്തിൽ പെരുമാറുന്നവരാണ്.   ഞാനും ലോഹിയും ശ്രീനിവാസനും ഫാസിലും ഒക്കെ അങ്ങനെയുള്ള അച്ഛന്മാരാണ്. അതുപോലെ ഇന്നസെന്റും അച്ഛനും വളരെ ഫ്രണ്ട്‌ലി ആയിരുന്നു.  ആ കഥകൾ പലതും നെടുമുടി വേണു പറഞ്ഞു കേട്ടിട്ടുണ്ട്. ഇതൊക്കെ റോയിയേയും കൊച്ചു തോമയെയും ചിത്രീകരിക്കാൻ സഹായിച്ചുവെന്ന് സംവിധായകൻ. 
   "ചാക്കോ മാഷിൽ നിന്ന് തികച്ചും വ്യത്യസ്തനാണ് കൊച്ചു തോമ. അച്ഛന്റെ മനസ്സ് മനസ്സിലാക്കാനുള്ള കഴിവ് ഇന്നത്തെ തലമുറക്ക് കുറവാണ്. അതുകൊണ്ട് മക്കളോട് സൗഹൃദമേ പറ്റൂ." കൊച്ചു തോമയെ ഉജ്വലമാക്കിയ നടൻ തിലകൻ പറഞ്ഞു.
    ക്ളൈമാക്സിൽ അപ്പന്റെ ഉദ്ദേശം മനസ്സിലാക്കാക്കിയ മകൻ മടങ്ങിയെത്തുന്നു. അഭിനയത്തിൽ എന്നെക്കാളും വലിയ നടൻ അപ്പനാണെന്നു പറഞ്ഞു റോയി കൊച്ചു തോമയെ ഭരത് തോമ  എന്ന് സ്നേഹത്തോടെ വിളിച്ച് കെട്ടിപ്പിടിക്കുമ്പോൾ കൊച്ചു തോമയെ പോലൊരു അപ്പനെ കേരളത്തിലെ മക്കൾ ആത്മാർത്ഥമായി ആഗ്രഹിച്ചു. അത് കൊച്ചു തോമയുടെ വിജയമായി. വീണ്ടും ചില വീട്ടുകാര്യങ്ങളുടെയും...  


  
( കുറിപ്പ് : 2004 ഡിസംബറിൽ കന്യക ദൈവാരികയിൽ സബ് എഡിറ്ററായി ജോലി നോക്കുമ്പോൾ ക്രിസ്മസ് പതിപ്പിനായി  എഡിറ്റർ ശ്രീ. എ. ചന്ദ്രശേഖറിന്റെ നിർദ്ദേശപ്രകാരം തയ്യാറാക്കിയ ലേഖനത്തിൽ നിന്ന്.)

Tuesday, 30 July 2019

ആനക്കാട്ടിൽ ഈപ്പച്ചൻ

മലയാളി മാറോടണച്ച വെള്ളിത്തിരയിലെ 12 ക്രിസ്ത്യാനികൾ    Part 8 


ആനക്കാട്ടിൽ ഈപ്പച്ചൻ 

        
      ആനക്കാട്ടിൽ കുടുംബവും കടയാടി കുടുംബവും നടത്തിയിരുന്ന മദ്യ വ്യാപാരവും അതിനെ തുടർന്നുണ്ടാകുന്ന ശത്രുതയും ഏറ്റുമുട്ടലും വിഷയമാക്കി 1997  സെപ്റ്റംബറിൽ തിയേറ്ററുകളിലെത്തിയ ലേലം എന്ന സൂപ്പർഹിറ്റ് സിനിമയും അതിലെ കഥാപാത്രങ്ങളും മലയാളിയെ അക്കാലത്ത് ഏറെ ഹരംപിടിപ്പിച്ചതാണ്.
      കേരളത്തിൽ ജീവിച്ചിരുന്ന ഒരു മദ്യരാജാവിന്റെ കഥാപാത്രവൽക്കരണമാണ്ആനക്കാട്ടിൽ ഈപ്പച്ചനെന്ന് തിരക്കാഥാകൃത്ത് രഞ്ജി പണിക്കർ വ്യക്തമാക്കുന്നു. കിംഗ് എന്ന മമ്മൂട്ടി സിനിമക്ക് മുൻപ് രഞ്ജിപണിക്കരും ഷാജി കൈലാസും ചേർന്ന്  മോഹൻലാലിനെ നായകനാക്കി ഒരു സിനിമ ചെയ്യാൻ തീരുമാനിച്ചിരുന്നു. അന്ന് ആ സിനിമക്ക് തീരുമാനിച്ചിരുന്ന പേരാണ് ലേലം എന്നത്. പിന്നീട് അത് മാറ്റി വച്ച് മമ്മൂട്ടിയെ നായകനാക്കി കിംഗ് എന്ന സിനിമ ചെയ്തു. കിങ്ങിന് ശേഷം ഷാജി കൈലാസും രഞ്ജി പണിക്കരും ഒരുമിച്ചിനി  സിനിമ ചെയ്യേണ്ട എന്ന തീരുമാനത്തിലെത്തി. ആ സമയത്താണ്  ജോഷി ഒരു സിനിമ ചെയ്യാനായി രഞ്ജിയെ ക്ഷണിച്ചത്.  ലാൽ സിനിമക്ക് മനസ്സിൽ കണ്ടു വച്ച ലേലം എന്ന പേര് ജോഷിയുമൊത്തുള്ള സുരേഷ്‌ഗോപി സിനിമക്ക് നൽകുകയായിരുന്നു.
       താവഴിയിൽ വേരുകൾ പാലയിലാണ്. അവിടെ കണ്ടിട്ടുള്ള കുടിയേറ്റ കൃസ്ത്യാനികളുടെ  പച്ചയായ ജീവിതം ഒരുപാട് ആകർഷിച്ചിട്ടുണ്ടെന്നും രഞ്ജി പണിക്കർ പറഞ്ഞു. ഇവരിൽ പലരെയും വല്ലാത്ത ഒരാരാധനയോടെ നോക്കി നിന്ന  കുട്ടിക്കാലം കഥാകൃത്തിനുണ്ട്. കണ്ടു പരിചയിച്ച തെമ്മാടിത്തവും സന്മനസ്സുമുള്ള ഒരു നാടൻ ചട്ടമ്പിയിൽ നിന്നാണ് ചാക്കോച്ചി എന്ന കഥാപാത്രത്തെ രഞ്ജി പണിക്കർ ഒരുക്കിയത്.
      ജോഷി സാറും രഞ്ജി പണിക്കരും ചേർന്നൊരുക്കിയ ഒരു കഥാപാത്രത്തെ അഭിനയിക്കുക എന്നല്ലാതെ കൂടുതലായി ഒന്നും ചെയ്തിട്ടില്ലെന്ന് ചാക്കോച്ചി എന്ന കഥാപാത്രത്തിന് ജീവൻ നൽകിയ നടൻ സുരേഷ്‌ഗോപി. "അത് വിജയിച്ചതും പ്രേക്ഷകർക്ക് ഇഷ്ടമായതും ഈശ്വരാനുഗ്രഹമാവണം." 
     ആനക്കാട്ടിൽ ഈപ്പച്ചനെന്ന കഥാപാത്രത്തെ എം.ജി. സോമൻ അതിമനോഹരമാക്കിയെന്ന് സംവിധായകൻ ജോഷി പറയുമ്പോൾ ലേലവുമായി ബന്ധപ്പെട്ടു വേദനിപ്പിക്കുന്ന ഒരോർമ്മയിലാണ് രഞ്ജിപണിക്കർ.
       "സോമേട്ടനും ഞാനും വ്യക്തിപരമായി നല്ല അടുപ്പത്തിലായിരുന്നു. എന്റെ മിക്ക സ്ക്രിപ്റ്റിലും സോമേട്ടൻ അഭിനയിച്ചിട്ടുമുണ്ട്. കിംഗ് എന്ന സിനിമയുടെ ഷൂട്ടിംഗ്  കഴിഞ്ഞപ്പോൾ സോമേട്ടൻ എന്നോട് പറഞ്ഞു - " എടാ മരിക്കും മുൻപേ എനിക്കൊരു നല്ല കഥാപാത്രത്തെ താടാ"യെന്ന്. പിന്നീട് ആനക്കാട്ടിൽ ഈപ്പച്ചനെന്ന കഥാപാത്രത്തെ സോമേട്ടനായി കരുതി വയ്ക്കുമ്പോൾ പിന്നീടൊരിക്കലും തന്റെ തിരക്കഥയിലഭിനയിക്കാൻ സോമേട്ടനുണ്ടാവില്ലെന്ന് കരുതിയിരുന്നില്ല." ഷൂട്ടിങ് കഴിഞ്ഞും സോമേട്ടൻ അക്കാലത്ത് ആനക്കാട്ടിൽ ഈപ്പച്ചനായി ജീവിക്കുകയായിരുന്നു. രഞ്ജി പണിക്കർ ഓർമ്മിക്കുന്നു.
      ഇന്നും സോമനെന്ന അതുല്യ പ്രതിഭയുടെ വീടിനു മുന്നിൽ ആനക്കാട്ടിൽ ഈപ്പച്ചന്റെ വലിയൊരു ചിത്രമുണ്ട്. ഒരിക്കലും മറക്കാത്ത ഒരോർമ്മക്കുറിപ്പു പോലെ... രഞ്ജി പണിക്കർ സമ്മാനിച്ച ചിത്രം....   


  
( കുറിപ്പ് : 2004 ഡിസംബറിൽ കന്യക ദൈവാരികയിൽ സബ് എഡിറ്ററായി ജോലി നോക്കുമ്പോൾ ക്രിസ്മസ് പതിപ്പിനായി ഞാൻ അടുപ്പത്തോടെ നായർജി എന്ന് വിളിക്കുന്ന  എഡിറ്റർ ശ്രീ. എ. ചന്ദ്രശേഖറിന്റെ നിർദ്ദേശപ്രകാരം തയ്യാറാക്കിയ ലേഖനത്തിൽ നിന്ന്.)

Wednesday, 24 July 2019

ആടുതോമയും ചാക്കോ മാഷും

മലയാളി മാറോടണച്ച വെള്ളിത്തിരയിലെ 12 ക്രിസ്ത്യാനികൾ    Part 7


ആടുതോമയും ചാക്കോ മാഷും  

        
      തോമസ് ചാക്കോയെന്ന ആടുതോമ മലയാളി  പ്രേക്ഷകരുടെ എക്കാലത്തെയും വലിയ ഹീറോ ആണ്. അതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് മൂന്നു വർഷത്തിനുള്ളിൽ മലയാളത്തിലെ ഒരു ചാനൽ 44 തവണ സ്ഫടികം  എന്ന സിനിമ ടെലികാസ്റ് ചെയ്ത് റിക്കോഡിട്ടത്.(2004 ലെ കണക്ക് )
        സ്ഫടിക സിനിമാ ത്രയങ്ങളിൽ രണ്ടാമത്തേത് എന്ന് അവകാശപ്പെടുന്ന ഉടയോന്റെ പണിപ്പുരയിലായിരുന്ന സംവിധായകൻ ഭദ്രൻ മാട്ടേലിനെ കാണാൻ ചെന്നപ്പോൾ അദ്ദേഹം കുറച്ചു നേരം ആടുതോമയുടെ ഓർമ്മകളിലേക്ക്   യാത്രയായി... "പാലാക്കാരനായ എനിക്ക് ജീവിതം സമ്മാനിച്ചതും കണ്ടറിഞ്ഞതുമായ അനുഭവങ്ങളാണ് സ്ഫടികം.  പാലാക്കാർ സ്വതവേ ഏറെ പ്രത്യേകതകൾ സ്വഭാവത്തിൽ സൂക്ഷിക്കുന്നവരാണ്. പാലാ കൃസ്ത്യാനികളുടെ ജീവിതത്തിലെ വിവിധ ഭാവങ്ങളായിരുന്നു സ്ഫടികം." കൃസ്ത്യൻ കഥാപാത്രങ്ങളുടെ സമ്പൂർണ്ണതയായിരിക്കും വരാൻ പോകുന്ന ഉടയോനിൽ മോഹൻലാൽ അവതരിപ്പിക്കുന്ന 74 കാരനായ ശൂരനാട്ട് കുഞ്ഞ് എന്ന കുഞ്ഞിപ്പാപ്പ എന്നു കൂടെ ഭദ്രൻ കൂട്ടിച്ചേർത്തു.
        പാലക്കാരായ ഒത്തിരിപ്പേരുടെ പ്രൊഫൈൽ ചേർത്താണ് ആടുതോമയെ സൃഷ്ടിച്ചതെങ്കിൽ സ്വന്തം അപ്പനുൾപ്പെടെയുള്ള കൃസ്ത്യൻ കുടുംബങ്ങളിലെ അപ്പന്മാരും സ്‌കൂളിൽ പഠിപ്പിച്ച പാലായിലെ ആലുംമൂട്ടിൽ തോമസ് സാർ, തൃശൂരിലെ പണിക്കർ സാർ, ഇരിഞ്ഞാലക്കുടയിലെ ഭൂതലിംഗം എന്നിവരെയൊക്കെ ചേരുംപടി ചേർത്താണ് ചാക്കോമാഷിനെ സൃഷ്ടിച്ചതെന്ന് ഭദ്രനും തന്റെ അഭിനയ ജീവിതത്തിലെ മികച്ച കഥാപാത്രങ്ങളിലൊന്നായിരുന്നു ആടുതോമയെന്ന്  മോഹൻലാലും പറയുന്നു.
        ഇന്നത്തെ പ്രേക്ഷകർക്ക് നെഗറ്റിവ് ആയി തോന്നാമെങ്കിലും തന്റെ കാഴ്ചപ്പാടിൽ പോസിറ്റിവായ കഥാപാത്രമാണ് ചാക്കോ മാഷെന്ന് ആ കഥാപാത്രത്തെ അവിസ്മരണീയമാക്കിയ നടൻ തിലകൻ. "ഓരോ അച്ഛനും മക്കൾ വലിയവരാകണമെന്ന് ആഗ്രഹിക്കും. അങ്ങനെയല്ലായെങ്കിൽ സ്വന്തം ചോര എന്ന് പറയുന്നതിൽ ഒരർത്ഥവുമില്ല. ചാക്കോ മാഷിനെ ഗംഭീരമാക്കിയെന്ന് പലരും പറഞ്ഞു. പക്ഷെ ആ കഥാപാത്രം ഗംഭീരമല്ല. ആടുതോമക്ക് കയ്യടി കിട്ടാൻ പലപ്പോഴും ചാക്കോമാഷെന്ന കഥാപാത്രത്തെ ദുർബലമാക്കി . അന്നേ സംവിധായകനോട് ഞാനത് തുറന്നു പറഞ്ഞു. ഹീറോ വർഷിപ്പ് ഉണ്ടാക്കുന്നതിന്റെ ഭാഗമായാണ് മകനുണ്ടാക്കിയ ട്രാൻസിസ്റ്റർ അടുപ്പിലിടാനും, സ്‌കൂൾ മണിയെടുത്ത് എറിയാനും  ചാക്കോ മാഷ് നിർബന്ധിതനായത്." തിലകൻ കൂട്ടിച്ചേർത്തു.
       അഭിനയത്തിന്റെ ഈ നാല്പത്തെട്ടാം വർഷത്തിൽ വിലക്കുകൾ മൂലം സിനിമയിൽ അഭിനയിക്കാൻ തിലകന് കഴിയുന്നില്ല. അവിടെ നമുക്ക് നഷ്ടമാകുന്നത് തിലകന് മാത്രം അഭിനയിക്കാൻ കഴിയുന്ന ഇത്തരം ചില കഥാപാത്രങ്ങളാണ്.
        അപ്പൻ പല തവണ അടുത്ത വീട്ടിലെ കുട്ടിയെ ചൂണ്ടിക്കാട്ടി അവനെ കണ്ടു പഠിക്കാൻ പറഞ്ഞിട്ടുണ്ടെന്ന് ഭദ്രൻ. സ്വന്തം അച്ഛൻ ചൂരലുമായി കണക്കു പഠിപ്പിക്കാൻ വിളിക്കുമ്പോൾ അറിയാവുന്നതു കൂടി മറന്നു പോകാറുണ്ടായിരുന്നുവെന്ന് തിലകനും ഓർക്കുന്നു.
       കുടിയേറ്റക്കാരായ കുടുംബങ്ങളിലെ സർവ കൃസ്ത്യൻ കഥാപാത്രങ്ങളും സ്ഫടികത്തിലുണ്ടായിരുന്നു. ഉള്ളിന്റെ ഉള്ളിൽ മകനെ സ്നേഹിച്ച ഒരപ്പൻ, അപ്പനോടുള്ള പ്രതിഷേധത്തിൽ തെമ്മാടിയായി തീരുന്ന മകൻ, ഇതിനിടയിൽ വേദനിക്കുന്ന ഹൃദയവുമായി ഒരമ്മയും സഹോദരിയും. ഇവരെല്ലാം ഒത്തു ചേർന്നപ്പോൾ ആടുതോമയും ചാക്കോ മാഷും പ്രേക്ഷക മനസ്സിൽ സ്ഥിര പ്രതിഷ്ഠ നേടിയ കഥാപാത്രങ്ങളായി മാറുകയായിരുന്നു. 1995 ൽ പുറത്തിറങ്ങിയ സ്ഫടികം മലയാള സിനിമ കണ്ട എക്കാലത്തെയും വലിയ ഹിറ്റുകളിൽ ഒന്നായി മാറി. സ്ഫടികം എന്ന സിനിമ കൊണ്ട് ജീവിതം മാറി മറിഞ്ഞ ഒരാൾ കൂടെയുണ്ട്. സിനിമയിൽ വില്ലനായി അരങ്ങേറ്റം കുറിച്ച ജോർജ് പിന്നീട് സ്ഫടികം ജോർജായി  അറിയപ്പെടാൻ തുടങ്ങി.    

  
( കുറിപ്പ് : 2004 ഡിസംബറിൽ കന്യക ദൈവാരികയിൽ സബ് എഡിറ്ററായി ജോലി നോക്കുമ്പോൾ ക്രിസ്മസ് പതിപ്പിനായി ഞാൻ അടുപ്പത്തോടെ നായർജി എന്ന് വിളിക്കുന്ന  എഡിറ്റർ ശ്രീ. എ. ചന്ദ്രശേഖറിന്റെ നിർദ്ദേശപ്രകാരം തയ്യാറാക്കിയ ലേഖനത്തിൽ നിന്ന്.)

Monday, 22 July 2019

തിയേറ്ററുകളെ കണ്ണീർ പുഴയാക്കി ആനി

മലയാളി മാറോടണച്ച വെള്ളിത്തിരയിലെ 12 ക്രിസ്ത്യാനികൾ    Part 6 



ആനി 

        
      1993 ൽ  ആനിയെ അവതരിപ്പിക്കാൻ സംവിധായകൻ സിബി മലയിൽ പല നടിമാരെയും സമീപിച്ചു. കഥാവസാനം മരിക്കുന്ന, നാല് കുട്ടികളുടെ അമ്മയെ അവതരിപ്പിക്കാൻ അന്നത്തെ പല പ്രശസ്ത നടിമാരും തയ്യാറായില്ല. ഒടുവിൽ പൊതുവെ ഭാഗ്യമില്ലാത്ത  നടിയായി അക്കാലത്ത് സിനിമാ ലോകം കരുതിയിരുന്ന മാധവിയെ ആനി എന്ന കഥാപാത്രം ഏൽപ്പിക്കാൻ സിബി മലയിൽ തീരുമാനിച്ചു. ഇത് സിനിമയുടെ പിന്നാമ്പുറക്കഥ. 
      ആകാശദൂത്  എന്ന സിബിമലയിൽ ചിത്രം തിയേറ്ററുകളിലെത്തിയപ്പോൾ പ്രേക്ഷകർ  ആനിയുടെ കണ്ണുനീരിനു മുന്നിൽ നോവുന്ന ഹൃദയവുമായി കണ്ണീരൊഴുക്കി. നാലുകുട്ടികളുടെ അമ്മ, അതിലൊന്ന് കൈക്കുഞ്ഞും മറ്റൊരാൾ അംഗ വൈകല്യമുള്ള ആൺകുട്ടിയും. ഏറ്റവും മുകളിലുള്ളതാകട്ടെ പെൺകുട്ടി. ഭർത്താവ് മദ്യപൻ. നൊമ്പര തീക്കടലിൽ നിൽക്കുമ്പോഴാണ് ഭേദമാക്കാനാകാത്ത അസുഖമാണ് തനിക്കെന്നവൾ തിരിച്ചറിയുന്നത്. ഇനി കുറച്ച് നാളത്തെ ജീവിതമേ ബാക്കിയുള്ളുവെന്ന യാഥാർഥ്യമറിഞ്ഞു   കണ്ണീരോടെ നിൽക്കുന്ന ആനി. എത്ര ചേർത്ത് പിടിച്ചിട്ടും കൈക്കുമ്പിളിൽ നിന്നൂർന്ന് പോകുന്ന ജലം കണക്കെ അവളുടെ ജീവിതം.
         ആനിയെ കണ്ടു മോഹിച്ചൊരാൾ ഭർത്താവിനെ വക വരുത്തുക കൂടി ചെയ്യുന്നതോടെ അവൾ തീർത്തും നിസ്സഹായയായി. മരണത്തെ മുന്നിൽ കണ്ട അമ്മയുടെ മുന്നിൽ മക്കളുടെ ഭാവി ചോദ്യ ചിഹ്നമാകുന്നു. താൻ മരണമടഞ്ഞാൽ മക്കൾ അനാഥരായി മാറുമെന്ന തിരിച്ചറിവിൽ ആ അമ്മ വേദനയോടെ മക്കളെ ആർക്കെങ്കിലുമൊക്കെ വളർത്താൻ കൊടുക്കാനായി തീരുമാനിക്കുന്നു. അപ്പോഴും ഒരു പ്രശ്നം. അംഗ വൈകല്യമുള്ള കുട്ടിയെ മാത്രം ആരും ദത്തെടുക്കാൻ തയ്യാറായില്ല. തീരാത്ത നൊമ്പരത്തോടെ ഒടുവിൽ അവൾ മരണത്തിനു മുന്നിൽ പരാജയം സമ്മതിച്ചു.
         കേരളത്തിലെ തിയേറ്ററുകളെ കണ്ണീർ പുഴയാക്കാൻ ആകാശദൂതിനു സാധിച്ചു. സ്ത്രീകൾ മാത്രമല്ല പുരുഷന്മാരും  ആനിയുടെ ദുഃഖം തിയേറ്ററുകളിൽ ഏറ്റു  വാങ്ങിയതായി സംവിധായകൻ സിബി മലയിൽ.             "ആകാശദൂത് വിജയിച്ചതിനു പിന്നിലെ കാരണം അതൊരു ഫാമിലി സെന്റിമെന്റ്സ് ആയതുകൊണ്ടാണ്."
        " ഒരു ഹൈ വോൾട്ടേജ് സെന്റിമെന്റ്സ് കഥയെഴുതി. പ്രേക്ഷകർ  അത് സ്വീകരിച്ചു .ആനിയുടെ കഥ പറയാൻ പറ്റിയത് കൃസ്ത്യൻ പശ്ചാത്തലമായിരുന്നു.അതുകൊണ്ട് ആനി കൃസ്ത്യാനിയായി." തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫ് .
     ആകാശദൂത് തിയേറ്ററുകളിലെത്തിയപ്പോൾ പ്രേക്ഷകർ ആനിക്ക് നൽകിയ ഹൃദയം നിറഞ്ഞ അംഗീകാരം കണ്ടപ്പോൾ ആ വേഷം വേണ്ടെന്ന് തീരുമാനിച്ചത് തെറ്റായി പോയെന്ന് ചില നടിമാരെങ്കിലും വേദനയോടെ ഓർത്തിട്ടുണ്ടാവും....

  
( കുറിപ്പ് : 2004 ഡിസംബറിൽ കന്യക ദൈവാരികയിൽ സബ് എഡിറ്ററായി ജോലി നോക്കുമ്പോൾ ക്രിസ്മസ് പതിപ്പിനായി ഞാൻ അടുപ്പത്തോടെ നായർജി എന്ന് വിളിക്കുന്ന  എഡിറ്റർ ശ്രീ. എ. ചന്ദ്രശേഖറിന്റെ നിർദ്ദേശപ്രകാരം തയ്യാറാക്കിയ ലേഖനത്തിൽ നിന്ന്.)

Friday, 19 July 2019

തൊമ്മി

മലയാളി മാറോടണച്ച വെള്ളിത്തിരയിലെ 12 ക്രിസ്ത്യാനികൾ    Part 5




തൊമ്മി  

        
      പ്രശസ്ത  കഥാകൃത്ത് സക്കറിയയുടെ പിതാവിന് കർണ്ണാടകത്തിൽ കൃഷിത്തോട്ടമുണ്ടായിരുന്നു. കുട്ടിക്കാലത്തും മുതിർന്ന ശേഷവും സക്കറിയ പലവട്ടം അവിടെ പോയിട്ടുണ്ട്.അവിടെ പരിചയപ്പെട്ട രണ്ടു പേരിൽ ഒരു നോവലിന് പറ്റിയ സങ്കേതമുണ്ടെന്നു തിരിച്ചറിഞ്ഞപ്പോൾ  സക്കറിയ ഒരു നോവലെഴുതി- ഭാസ്കര പട്ടേലരും ഞാനും.
      പ്രത്യേക രീതിയിൽ ക്രൂരനും എന്നാൽ ആ   ക്രൂരത സ്വയം  തിരിച്ചറിയാത്തയാളുമായ പട്ടേലരും  അയാളുടെ  ക്രൂരതക്ക് വിധേയനാകുന്ന തൊമ്മിയും. ഇവരുടെ കഥയായിരുന്നു സക്കറിയ പറഞ്ഞത്. അതിൽ ദൃശ്യ വ്യാഖ്യാനത്തിന്റെ സാധ്യതകൾ തിരിച്ചറിഞ്ഞ പ്രശസ്ത സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ സക്കറിയയെ തേടിയെത്തി. അങ്ങനെ 1993 ൽ വിധേയൻ തിയേറ്ററുകളിൽ എത്തി.
       അവിശ്വാസിയായ ഹിന്ദുവിൽ വിശ്വാസിയായ കൃസ്ത്യാനിയുടെ വിജയമായി വിധേയനെ കണക്കാക്കാമെന്ന് അടൂർ പറയുന്നു: " പാപത്തെ പറ്റിയുള്ള ധാരണകൾ, ചോദ്യം ചെയ്യപ്പെടാത്ത വിശ്വാസം എന്നിവ തൊമ്മി എന്ന കഥാപാത്രത്തിലുണ്ട്. അധികാരത്തിനു മുന്നിൽ സ്വയം അടിയറവു പറയുന്നയാളാണ് തൊമ്മി തൊമ്മിയുടെ ആന്തരികമായ വളർച്ചയാണ് വിധേയൻ.
         ഒരു കൃസ്ത്യൻ പേരുണ്ടായി എന്നല്ലാതെ കൃസ്തീയ ബിംബങ്ങളോ ശക്തമായ കൃസ്തീയ അടിത്തറകളോ നോവലിലെ തൊമ്മിക്കുണ്ടായിരുന്നില്ലെന്ന് സക്കറിയ പറഞ്ഞു: " തൊമ്മിയെ യഥാർത്ഥത്തിൽ കൃസ്ത്യാനിയാക്കിയത് അടൂരാണ്. നോവലും സിനിമയും രണ്ടു മാധ്യമങ്ങൾ എന്ന നിലയിൽ കൈവരുന്ന വ്യത്യാസം മാത്രമാണതെന്നും " സക്കറിയ.
          സമൂഹത്തിൽ ഒരുപാട് തൊമ്മിമാരുണ്ടെന്ന് തൊമ്മിക്ക്  ജീവൻ നൽകിയ നടൻ എം.ആർ.ഗോപകുമാർ പറഞ്ഞു. " സ്വയം ജീവിക്കാതെ മറ്റുള്ളവർക്ക് വേണ്ടി ജീവിക്കുന്ന വിധേയന്മാർ. സ്വന്തം ഭാര്യയെ പട്ടേലർ പ്രാപിക്കുമ്പോൾ പോലും അത് തടയാൻ തൊമ്മിയുടെ വിധേയത്വം അനുവദിക്കുന്നില്ല.  മറിച്ച് ഓമനേ, വന്നുവന്ന് നിനക്കിപ്പം പട്ടേലരുടെ സെന്റിന്റെ മണമാ " എന്നാണയാൾ ഭാര്യയോട് പറയുന്നത്.
         മെരുക്കാനാകാത്ത വന്യമായ ഒരു ശക്തി സക്കറിയയുടെ കഥക്കുണ്ടായിരുന്നു. അതായിരുന്നു അടൂരിലെ ചലച്ചിത്രകാരനെ തൊമ്മിയിലേക്കും പട്ടേലരിലേക്കും ആകർഷിച്ചത്.   നടനെ കണ്ടാൽ കഥാപാത്രമാണെന്ന് തോന്നണം അതാണ് പ്രധാനം. തൊമ്മിയോട്‌ ഗോപകുമാറെന്ന നടനുണ്ടായിരുന്ന രൂപത്തിലും ഭാവത്തിലുമുള്ള സാദൃശ്യം പ്രേക്ഷക മനസ്സിലിടം നേടാൻ സഹായിച്ചിട്ടുണ്ടെന്ന് അടൂർ.
           അടൂർ വിളിക്കുമ്പോൾ മതിലുകളിൽ ചെയ്ത പോലെ ഏതോ ചെറിയ വേഷത്തിനു വേണ്ടി ആയിരിക്കും എന്നാണ് ഗോപകുമാർ കരുതിയത്. പിന്നീട് നോവൽ വായിച്ചപ്പോഴാണ് കഥാപാത്രത്തിന്റെ ശക്തി മനസ്സിലായത്. അന്ന്  സുഹൃത്തുക്കൾ പറഞ്ഞത് ഗോപകുമാർ ഇന്നും ഓർമ്മിക്കുന്നു - " ഇനി ഒരു വേഷവും ചെയ്തില്ലെങ്കിലും നിന്നിലെ നടൻ ഈ കഥാപാത്രത്തിലൂടെ മാത്രം അറിയപ്പെടും."
         പട്ടേലർക്ക് നൽകാൻ തൊമ്മിക്ക് ഒത്തിരി കാര്യങ്ങളുണ്ടായിരുന്നു. അഭയം, ഭക്ഷണം, കൂട്ട് ഇവയൊക്കെ തൊമ്മി നൽകി. എന്നാൽ തൊമ്മിക്ക് നൽകാനൊന്നും തന്നെ പട്ടേലർക്ക് ഉണ്ടായിരുന്നില്ല. ഇല്ലാത്ത അധികാരങ്ങൾക്കു മുന്നിൽ നിഷ്ടൂരത കാണിക്കുന്ന പട്ടേലർക്ക് മുന്നിൽ തനിക്കെന്തൊക്കെയോ നഷ്ടപ്പെടാനുണ്ടെന്ന് കരുതി അരുതെന്ന് പറയാൻ മടിക്കുന്ന തൊമ്മി ഇന്നും നമ്മുടെയൊക്കെ മനസ്സിൽ ജീവിക്കുന്നു. കാരണം നമ്മളിലൊരാളായി ഇന്നുമുണ്ട് സമൂഹത്തിൽ തൊമ്മിമാർ.... 
  
( കുറിപ്പ് : 2004 ഡിസംബറിൽ കന്യക ദൈവാരികയിൽ സബ് എഡിറ്ററായി ജോലി നോക്കുമ്പോൾ ക്രിസ്മസ് പതിപ്പിനായി ഞാൻ അടുപ്പത്തോടെ നായർജി എന്ന് വിളിക്കുന്ന  എഡിറ്റർ ശ്രീ. എ. ചന്ദ്രശേഖറിന്റെ നിർദ്ദേശപ്രകാരം തയ്യാറാക്കിയ ലേഖനത്തിൽ നിന്ന്.)

Friday, 28 June 2019

മാന്നാർ മത്തായി

മലയാളി മാറോടണച്ച വെള്ളിത്തിരയിലെ 12 ക്രിസ്ത്യാനികൾ    Part 4




മാന്നാർ മത്തായി 

        
      മൊത്തം 33  തവണ റാംജിറാവ് സ്പീക്കിങ് എന്ന സിനിമ കണ്ട ഒരു ആരാധകൻ ഒരിക്കൽ  ഇന്നസെന്റിനെ നേരിട്ട് കണ്ടു പറഞ്ഞു- ഒരു ദിവസമെങ്കിലും മാന്നാർ മത്തായിയോടൊപ്പം ആ നാടകക്കമ്പനിയിൽ  താമസിക്കാൻ കൊതി തോന്നുന്നുണ്ടെന്ന്.  ഇന്നസെന്റിനെ ഇന്നും ആരാധകർ ആദ്യം വിളിക്കുന്നത് മത്തായിച്ചാ എന്ന് തന്നെയാണ്.
       റാംജിറാവുവിൽ അഭിനയിക്കാൻ ചെല്ലുമ്പോൾ ആ സിനിമ ഇത്ര വലിയൊരു സംഭവമാകുമെന്ന് ഇന്നസെന്റ് കരുതിയിരുന്നതേയില്ല. നവാഗതരായ ഇരട്ട സംവിധായകർ സിദ്ധിഖിനും ലാലിനും സിനിമയെടുക്കാൻ അറിയുമോ എന്ന് വരെ   സംശയം ഉണ്ടായിരുന്നു. ഫാസിലിന്റെ അസിസ്റ്റന്റുമാരായാതിനാൽ മോശക്കാരാവില്ല എന്ന ഒരൊറ്റ പ്രതീക്ഷയിലാണ് ഇന്നസെന്റ്  ലൊക്കേഷനിലെത്തിയത്. ആലപ്പുഴ ചങ്ങനാശേരി റോഡിൽ കളർകോട്ടെ പാരലൽ കോളേജാണ് മാന്നാർ മത്തായിയുടെ ഉർവശി തിയറ്റേഴ്‌സ് ആയി മാറിയത്. ആദ്യമൊക്കെ സിദ്ധിക്കും ലാലും സിനിമയിലെ തമാശകൾ പറയുമ്പോൾ ഇതൊക്കെ കണ്ട് ആളുകൾ തിയേറ്ററിൽ ചിരിക്കുമോ എന്ന് വരെ സംശയം ഉണ്ടായിരുന്നതായി ഇന്നസെൻറ് .
        റാംജി റാവ് സ്പീക്കിങ് 1989 ൽ തിയേറ്ററുകളിൽ ചരിത്രം സൃഷ്ടിച്ചു.ഹാസ്യ സിനിമകളിൽ പുതിയൊരു ട്രെന്റ് ഉണ്ടാക്കാൻ  സിദ്ധിക്കിനും ലാലിനും കഴിഞ്ഞു.   കലാകാരാനായ മാന്നാർ മത്തായി നാടകത്തിനു വേണ്ടി ജീവിതം ഉഴിഞ്ഞു വച്ചയാൾ. എന്നെങ്കിലും പണം കിട്ടിയാൽ പൊളിഞ്ഞു പോയ നാടക ട്രൂപ്പ് വീണ്ടും സജീവമാക്കണമെന്നതാണ് മത്തായിയുടെ ഏക സ്വപ്നം. എറണാകുളം നോർത്തിൽ ഇത്തരത്തിൽ പാവുണ്ണി എന്നൊരു നാടക കലാകാരനുണ്ടായിരുന്നെന്ന് സംവിധായകൻ സിദ്ധിക്ക് ഓർക്കുന്നു. പാവുണ്ണി ഇന്ന് ജീവിച്ചിരിപ്പില്ല.
         ഫാസിലും നെടുമുടി വേണുവും ഒക്കെ ചേർന്ന് ചെയ്ത പരസ്യം പതിക്കരുത് എന്ന നാടകത്തിൽ മാന്നാർ മത്തായിയെന്നൊരു കഥാപാത്രം ഉണ്ടായിരുന്നു. ആ പേരിൽ ആകർഷണം തോന്നിയ സിദ്ധിക്കും ലാലും തങ്ങളുടെ കഥാപാത്രത്തിനും അതേ  പേരിട്ടു.  അങ്ങനെയാണ് ആ കഥാപാത്രം കൃസ്ത്യാനിയായതെന്ന് സിദ്ധിക്ക്. ഇന്നസെന്റ് മാന്നാർ മത്തായിയെ ഗംഭീരമാക്കി. 
           റാംജിറാവ് സ്പീക്കിങ്ങിന്റെ കഥക്ക് ദാരിദ്ര്യവും ഫോണും അത്യാവശ  ഘടകമായിരുന്നു. അത്തരമൊരു പശ്ചാത്തലം ഒരുക്കാനാണ് നാടക ബുക്കിങ് ഏജന്റെന്ന ആശയം ഉണ്ടായത്. മിമിക്രിക്കാരായിരുന്ന കാലത്ത് ഒരുപാട് നാടക ബുക്കിങ് ഏജന്റുമാരെ പരിചയപ്പെട്ടിട്ടുണ്ട്. അത് മാന്നാർ മത്തായിയെന്ന കഥാപാത്രത്തെ ഡെവലപ്പ് ചെയ്യാൻ ഒട്ടേറെ സഹായിച്ചിട്ടുണ്ടെന്നും സിദ്ധിക്ക് പറയുന്നു.
          റാംജിറാവുവിന് രണ്ടാം ഭാഗം സംവിധാനം ചെയ്തത് നിർമ്മാതാവ് മാണി സി കാപ്പനാണ്. സിദ്ധിക്ക് ലാലുമാർ വേർപിരിഞ്ഞത് കൊണ്ടാണ് അങ്ങനെ വേണ്ടി വന്നതെന്ന് മാണി സി കാപ്പൻ. നൂറു ശതമാനവും അതൊരു സിദ്ധിക്ക് ചിത്രമായിരുന്നുവെന്ന് സമ്മതിച്ച കാപ്പൻ നിർമ്മാതാവ് എന്ന നിലയിൽ ഏറ്റവും ലാഭം നേടിത്തന്ന ചിത്രമാണ് മാന്നാർ മത്തായി എന്നും പറഞ്ഞു.
           സിനിമയുടെ റിലീസ് കഴിഞ്ഞു പത്ത് പതിനഞ്ച് വർഷത്തിന് ശേഷമാണ് സിദ്ധിക്ക് ചങ്ങനാശേരിക്ക് സമീപം മാന്നാർ എന്ന സ്ഥലത്തു പോയത്. ഓട്ടു പാത്രക്കടകളായിരുന്നു അന്ന് മാന്നാറിൽ കണ്ട പ്രധാന പ്രത്യേകത. നേരത്തെ അവിടെ പോയിരുന്നുവെങ്കിൽ അതും കൂടെ സിനിമയിൽ ഉൾപ്പെടുത്തുമായിരുന്നെന്നും സിദ്ധിക്ക് ചിരിയോടെ പറഞ്ഞു.
          മാന്നാർ മത്തായിയെന്ന കഥാപാത്രത്തോടുള്ള പ്രേക്ഷകരുടെ സ്നേഹം മുഴുവൻ ചുളുവിൽ നേടിയെടുക്കാനായി എന്ന് പറഞ്ഞു ഇന്നസെന്റ്  ചിരിക്കുമ്പോൾ സമീപത്ത് ബാലകൃഷ്ണനും ഗോപാലകൃഷ്ണനും ഉണ്ടായിരുന്നില്ല. സിനിമയേക്കാൾ കൂടുതൽ പ്രസിദ്ധി നേടിയ കഥാപാത്രമായിരുന്നല്ലോ  മാന്നാർ മത്തായി...
  
( കുറിപ്പ് : 2004 ഡിസംബറിൽ കന്യക ദൈവാരികയിൽ സബ് എഡിറ്ററായി ജോലി നോക്കുമ്പോൾ ക്രിസ്മസ് പതിപ്പിനായി ഞാൻ അടുപ്പത്തോടെ നായർജി എന്ന് വിളിക്കുന്ന  എഡിറ്റർ ശ്രീ. എ. ചന്ദ്രശേഖറിന്റെ നിർദ്ദേശപ്രകാരം തയ്യാറാക്കിയ ലേഖനത്തിൽ നിന്ന്.)

Wednesday, 26 June 2019

വായനാദിനവും ഒരു ഓർമ്മപ്പെടുത്തലും

           മക്കൾ വായിച്ചു വളരാൻ വേണ്ടി മാസം തോറും 10- 20 പുസ്തകങ്ങൾ എങ്കിലും വീട്ടിലേക്ക് വാങ്ങിയിരുന്ന അച്ഛൻ... 
അക്ഷരം കൂട്ടി വായിക്കാൻ തുടങ്ങിയപ്പോൾ പൂമ്പാറ്റയിലും അമർചിത്ര കഥകളിലും ബാലരമയിലും മുത്തശ്ശിയിലും ഒക്കെ കൂട്ടു കൂടിപ്പിക്കാൻ അച്ഛൻ കാട്ടിയ ജാലവിദ്യ മക്കൾ വളരുന്നതനുസരിച്ച് പുസ്തകങ്ങളുടെ കാര്യത്തിലും കാട്ടിയിരുന്നു. നോവലുകളും കഥകളും കവിതകളും മാത്രമല്ല സാഹിത്യ വിമർശനങ്ങളും ലേഖനങ്ങളും ജ്ഞാന പീഠ പ്രസംഗങ്ങളും ലോക ക്ലാസ്സിക്കുകളുടെ വിവർത്തനങ്ങളും ജിദ്ദു കൃഷ്ണമൂർത്തിയുടെയും നിത്യ ചൈതന്യയതിയുടെയും ഒക്കെ പുസ്തകങ്ങളും ഞാൻ പത്താം ക്ലാസ്സ്‌ എത്തിയപ്പോഴേക്കും വീട്ടിലുണ്ടായിരുന്നു... വീട് ഒരു ചെറു ലൈബ്രറി ആയി മാറുന്നത് കാണുമ്പോൾ അച്ഛൻ ഏറെ സന്തോഷിച്ചിരുന്നു.... പുസ്തക വായനയിൽ അച്ഛൻ ഒട്ടും പിന്നിലുമായിരുന്നില്ല.....
സുഹൃത്തുക്കളും സഹ പ്രവർത്തകരും എല്ലാം മക്കളെ പ്രീഡിഗ്രിക്ക് first ഗ്രൂപ്പിനും സെക്കൻഡ് ഗ്രൂപ്പിനും ചേർത്തപ്പോൾ എനിക്ക് ആദ്യം വന്ന ലെറ്റർ അനുസരിച്ച് മറ്റൊന്നിനും കാത്തു നിൽക്കാതെ തേർഡ് ഗ്രൂപ്പിന് മാർ ഇവാനിയോസിൽ അഡ്മിഷൻ എടുത്തതിനൊപ്പം പബ്ലിക് ലൈബ്രറിയിലും മെമ്പർഷിപ് എടുത്തു തന്നു.... കൂടുതൽ വായിക്കാനും സാമൂഹ്യ ബോധത്തിനു കരുത്തേകാനും തേർഡ് ഗ്രൂപ്പാണ് നല്ലതെന്ന് പറയുകയും ചെയ്തു. തൊട്ടു പിന്നാലെ സെക്കൻഡ് ഗ്രൂപ്പിന് മറ്റു കോളേജിൽ നിന്ന് ലെറ്റർ വന്നെങ്കിലും ഇന്റർവ്യൂന് പോലും പോയില്ല..... ഞാൻ അതിലൊരു പരാജയമാകുമെന്ന് അച്ഛന് ഉൾവിളി ഉണ്ടായിട്ടുണ്ടാവണം... അന്ന് മുതൽ മറ്റു പുസ്തകങ്ങൾക്കൊപ്പം competition success ഉം year ബുക്കും കൂടി അച്ഛൻ വാങ്ങാൻ തുടങ്ങി. അച്ഛന്റെ മനസ്സിൽ എന്തായിരുന്നു എന്ന് പറയാതെയും നിർബന്ധിക്കാതെയും....
എന്തായാലും അക്കാലത്തു ദിവസവും രണ്ടു പുസ്തകങ്ങൾ വരെ വായിച്ചു തീർത്തിരുന്നു... യൂണിവേഴ്സിറ്റി എക്‌സാമിന്റെ തലേ ദിവസം ഒട്ടും ഇഷ്ടമില്ലാതിരുന്ന world history പഠിക്കാൻ മടിച്ച് ആദിത്യനും രാധയും മറ്റു ചിലരും വായിക്കുക ആയിരുന്നു ഉണ്ടായത്. എക്കണോമിക്‌സും ഇന്ത്യൻ ഹിസ്റ്ററിയും പോലെ ആയിരുന്നില്ല വേൾഡ് ഹിസ്റ്ററി എന്ന കൊടും ഭീകരൻ... എന്തായാലും തോൽക്കുമെന്ന് കരുതിയ world ഹിസ്റ്ററി ദൈവ സഹായത്താൽ രക്ഷപ്പെട്ടു. പ്രീ ഡിഗ്രിക്ക് തേർഡ് ഗ്രൂപ്പിന് അക്കൊല്ലം റാങ്ക് നേടിയ Ashok R Chandran എന്റെയും Pramod Devന്റെയും കട്ട ചങ്കായത് കൊണ്ടും അവന്റെ കൂടെ എപ്പോഴും നടന്നിരുന്നത് കൊണ്ടും ആയിരുന്നു അത് സംഭവിച്ചത്. ഒരു ഇക്കണോമിസ്റ്റായി ഞാൻ മാറുമെന്ന് അച്ഛൻ പ്രതീക്ഷിച്ചിരുന്നു എന്ന് പിന്നീടൊരിക്കൽ പറഞ്ഞിട്ടുണ്ട്... 
പ്രീഡിഗ്രി ക്ക് ശേഷം അശോകും പ്രമോദും ഇവാനിയോസിൽ തന്നെ തുടർന്നെങ്കിലും ഞാൻ കാര്യവട്ടത്ത് അക്കൊല്ലം പുതുതായി തുടങ്ങിയ യൂണിവേഴ്സിറ്റി കോളേജിലും പിന്നീട് ആർട്സ് കോളേജിലും ആയുള്ള എന്റെ ഡിഗ്രി കാലയളവിലും പിന്നീട് ജേർണലിസം പഠിക്കുമ്പോഴും അതിനു ശേഷവും വായനയുടെ ലോകത്ത് ഉണ്ടാവുകയും എന്തെങ്കിലുമൊക്കെ എഴുതി ചില പ്രസിദ്ധീകരണങ്ങളിൽ സ്വന്തം പേര് അച്ചടി മഷി പുരണ്ടു കാണുമ്പോൾ ഒരുപാട് സന്തോഷിക്കുകയും അങ്ങനെ ആദ്യമായി പ്രതിഫലം ദീപിക പത്രത്തിൽ നിന്ന് കിട്ടിയപ്പോൾ ആ ചെക്ക് മാറാൻ വേണ്ടി ബാങ്ക് അക്കൗണ്ട് തുടങ്ങുകയും ഇനി ഈ ജീവിതം എഴുത്തും വായനയും കൊണ്ട് മുന്നോട്ട് പോകുമെന്ന് ഉറക്കെ പ്രഖ്യാപിക്കുകയും ചെയ്ത അവിവേകവും ഒക്കെ ഓർമ്മ വരികയാണ് ഈ വായനാ ദിനത്തിൽ.... പുസ്തകങ്ങൾ തന്ന അടുപ്പത്താലും ധൈര്യത്താലുമാണ് പുസ്തകത്തിൽ കണ്ട ഫേൺ ഹില്ലിലെ മേൽ വിലാസത്തിലേക്ക് അക്കാലത്തു നിത്യ ചൈതന്യ യതിക്ക് തുടരെ കത്തുകൾ എഴുതി ശല്യം ചെയ്യാൻ ആത്മവിശ്വാസം ലഭിച്ചതും രണ്ടു മൂന്നു മറുപടിക്കത്തുകൾ കിട്ടാൻ ഭാഗ്യം ഉണ്ടായതും...... 
കൗമാര പ്രണയങ്ങളെ പോലെ വായനയും എഴുത്തുമൊക്ക ഏതോ നാൽക്കവലയിൽ വഴി പിരിഞ്ഞു യാത്രയായി... കൊതിയോടെ പുസ്തകങ്ങൾ വാങ്ങാറുണ്ട് ഇപ്പോഴും.... നാളെ പൈതൃകിനും പാറുവിനും അവ വഴി കാട്ടുമെന്ന പ്രതീക്ഷയോടെ...

  (ഇക്കഴിഞ്ഞ വായനാദിനത്തിലെ ഒരോർമ്മ..)

സോളമനും സോഫിയയും

മലയാളി മാറോടണച്ച വെള്ളിത്തിരയിലെ 12 ക്രിസ്ത്യാനികൾ    Part 3 


സോളമനും സോഫിയയും 

        പ്രിയാ, വരിക ; നാം വെളിമ്പ്രദേശത്ത് പോകാം ;
       നമുക്ക് ഗ്രാമങ്ങളിൽ ചെന്ന് രാപാർക്കാം 
       അതികാലത്ത് എഴുന്നേറ്റ് മുന്തിരിത്തോട്ടങ്ങളിൽ പോയി 
       മുന്തിരിവള്ളി തളിർത്തു പൂവിടുകയും 
       മാതളനാരകം പൂക്കുകയും ചെയ്തുവോ എന്ന് നോക്കാം;
       അവിടെ വച്ച് ഞാൻ നിനക്ക് എന്റെ പ്രേമം തരും.

      1986. 

      ശാലോമോന്റെ ഉത്തമഗീതത്തിലെ ഈ വരികൾ ജാതിമതഭേദമില്ലാതെ കേരളത്തിലെ പ്രണയിക്കുന്ന എല്ലാവരുടെയും നാവിൻ തുമ്പിൽ നിറഞ്ഞു നിന്നിരുന്നു...  ബൈബിൾ വചനങ്ങളിലൂടെ പ്രണയം കൈമാറിയ സോളമനും സോഫിയയും ആയിരുന്നു അതിനു കാരണക്കാർ. ആതുവരെ കാണാത്ത ഒരു പ്രണയ സങ്കല്പത്തിനാണ് മലയാള സിനിമയുടെ ഗന്ധർവ്വസ്പര്ശമായ പത്മരാജൻ നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകളിലൂടെ ദൃശ്യാവിഷ്‌കാരം നല്കിയത് .
       പുതിയൊരു  ചിത്രത്തിന്റെ ഒരുക്കത്തിലായിരുന്നു അന്ന് പത്മരാജൻ. കഥ വായിക്കുന്ന ജോലി ഭാര്യ രാധാലക്ഷ്മിക്കും അനന്തരവന്മാർക്കും. നല്ല കഥയാണെങ്കിൽ  പത്മരാജനോട് പറയും. രാധാലക്ഷ്മിയോട് അനന്തരവൻ ഡോ .നരേന്ദ്രബാബുവാണ് ഗ്രാമങ്ങളിൽ ചെന്ന് രാപാർക്കാം എന്ന നോവലിനെക്കുറിച്ചു പറഞ്ഞത്. രാധാലക്ഷ്മി ആ നോവൽ വായിച്ചു. കെ.കെ.സുധാകരന്റേതായിരുന്നു നോവൽ. ബൈബിളിലെ ഉത്തമഗീതങ്ങളുടെ പശ്ചാത്തലത്തിൽ ഒരു പ്രണയ കഥ. അതിൽ സിനിമ ഉണ്ടെന്ന് പത്മരാജനും തോന്നി. 
        "സുഹൃത്തുക്കളിലേറെയും ക്രിസ്ത്യാനികളായിരുന്നു. വീട്ടിൽ ബൈബിളും  ഉണ്ടായിരുന്നു. അക്കാലത്ത് ഉത്തമഗീതങ്ങൾ എനിക്ക് കാണാപ്പാഠമായിരുന്നു.അങ്ങനെയാണ് ആ പശ്ചാത്തലത്തിൽ ഒരു നോവലെറ്റ് എഴുതുന്നത് " കെ.കെ.സുധാകരൻ ഓർമ്മകൾക്ക് പിന്നാലെയായി.
        ഗ്രാമത്തിൽ നിന്ന് ഉപരിപഠനത്തിന് ആൻറണി (വിനീത്) റീത്തയുടെ                ( കവിയൂർ പൊന്നമ്മ)  വീട്ടിലേക്കു വരുന്നിടത്താണ് നോവലെറ്റ് തുടങ്ങുന്നത്.  ആന്റണിയുടെ കാഴ്ചയിലൂടെയാണ്  ഗ്രാമങ്ങളിൽ ചെന്ന് രാപാർക്കാം ഇതൾ വിരിയുന്നത്.  റീത്തക്കൊരു മകനുണ്ട്. ടാങ്കർ ലോറി ഡ്രൈവറായ ജോണി (മോഹൻലാൽ അവതരിപ്പിച്ച സോളമൻ). കഥയിൽ പോൾ പൈലോക്കാരൻറെ (തിലകൻ) വീട് മതിലിനപ്പുറമുള്ള ഒരു പരാമർശം മാത്രമാണ്. റീത്തയുടെ വീട് കേന്ദ്രീകരിച്ചാണ് നോവലെറ്റ് വികസിക്കുന്നതെന്ന് കെ.കെ.സുധാകരൻ ഓർക്കുന്നു. "സിനിമക്കാവാശ്യമായ പല മാറ്റങ്ങളും പത്മരാജൻ കഥയിൽ വരുത്തിയിട്ടുണ്ട്. അതിലൂടെ സിനിമ കൂടുതൽ ഉയർന്ന തലത്തിലെത്തി. നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ എന്ന സിനിമയിൽ നായകനായ സോളമൻ ലോറി ഡ്രൈവറല്ല . മറിച്ച് മുന്തിരിത്തോട്ടമുടമയാണ്. ഡ്രൈവിംഗ് ഹരമായ  ഒരു ചെറുപ്പക്കാരൻ."
       നോവലെറ്റിന്റെ അവസാനം ജോണി സോഫിയയെ ടാങ്കർ  ലോറിയിൽ കയറ്റി മൈസൂരിലെ അങ്കിളിനടുത്തേക്ക് പോകുന്നുണ്ട്. ടാങ്കർ ലോറിയിൽ കാമുകിയെ കടത്തിക്കൊണ്ടു പോകുന്ന കാമുകന്റെ ചിത്രം പത്മരാജന് വളരെ ഇഷ്ടമായി. അതുകൊണ്ടു തന്നെ  സോളമൻ സുഹൃത്തിന്റെ ടാങ്കർ ലോറിയിൽ നാട്ടിലെത്തുന്നതായി  തിരക്കഥയിലെഴുതുകയായിരുന്നു. ടാങ്കറിൽ സോളമനും സോഫിയയും പോകുന്ന ആ ദൃശ്യ ഭംഗി മലയാളി മനസ്സിനെ കീഴടക്കുകയും ചെയ്തു.
        നോവലെറ്റിൽ നിന്ന് വ്യത്യസ്തമായിരുന്നു സിനിമയുടെ ആദ്യ സീൻ തന്നെ എന്ന് കെ.കെ.സുധാകരൻ ഓർക്കുന്നു. നോവലെറ്റിൽ ഇല്ലാതിരുന്ന ചില കഥാപാത്രങ്ങളെ സിനിമയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് രാധാലക്ഷ്മിയും പറയുന്നു.
          സോളമനായി മോഹൻലാൽ തന്നെ മതിയെന്ന് പത്മരാജൻ ആദ്യം തന്നെ തീരുമാനിച്ചിരുന്നു.പക്ഷേ  കുടിയേറ്റ ഗ്രാമത്തിൽ നിന്ന് വരുന്ന ഒരു സാധാരണ പെൺകുട്ടിയായ നായികക്ക്  വേണ്ടി ഏറെ ആലോചനകൾ വേണ്ടി വന്നു.  ഒടുവിൽ ദേശാടനക്കിളി കരയാറില്ല എന്ന സിനിമയിലെ നായികയായ ശാരിയെ സോഫിയയാക്കാൻ തീരുമാനിക്കുകയായിരുന്നു. ശാരിയാകട്ടെ സോഫിയയായി ജീവിച്ച്  ആ വർഷത്തെ മികച്ച നടിക്കുള്ള അവാർഡും സ്വന്തമാക്കി.

        ( ഈ കുറിപ്പ് തയാറാക്കാൻ ശ്രീമതി  രാധാലക്ഷ്മി  പത്മരാജനെ പൂജപ്പുരയിലെ വീട്ടിൽ ചെന്ന് കാണുമ്പോൾ യാതൊരു മുന്പരിചയവും ഉണ്ടായിരുന്നില്ല . അക്കാലത്ത് മനസ്സിൽ ഏറെ സ്വാധീനം ചെലുത്തിയ   പത്മരാജൻ എന്ന സംവിധായകനോടും തിരക്കഥാകൃത്തിനോടും എഴുത്തുകാരനോടുമുള്ള  ആരാധനയോടെ മാത്രമായിരുന്നു ഓരോ വിവരങ്ങളും അന്ന് കേട്ടിരുന്നത്. പിന്നീട് അനന്തപത്മനാഭനും ഒരുമിച്ച് അമൃത ടി.വിയിലെ current affairs  വിഭാഗത്തിൽ പ്രൊഡ്യൂസർമാരായി ജോലി ചെയ്യാൻ ഇടവരികയും നല്ല സുഹൃത്തുക്കാളായി മാറുകയും ചെയ്തതോടെ ആ വീടുമായി ഒരു അടുപ്പമുണ്ടാവുകയും ചെയ്തു. കെ.കെ.സുധാകരൻ എന്ന എഴുത്തുകാരൻ  അക്കാലത്ത് മംഗളത്തിൽ നോവലുകൾ എഴുതിക്കൊണ്ടിരുന്ന പരിചയത്തിൽ ഫോണിലൂടെയാണ് സിനിമയെക്കുറിച്ചുള്ള വിവരങ്ങൾ  ചർച്ച ചെയ്തത്.)
    

( കുറിപ്പ് : 2004 ഡിസംബറിൽ കന്യക ദൈവാരികയിൽ സബ് എഡിറ്ററായി ജോലി നോക്കുമ്പോൾ ക്രിസ്മസ് പതിപ്പിനായി ഞാൻ അടുപ്പത്തോടെ നായർജി എന്ന് വിളിക്കുന്ന  എഡിറ്റർ ശ്രീ. എ. ചന്ദ്രശേഖറിന്റെ നിർദ്ദേശപ്രകാരം തയ്യാറാക്കിയ ലേഖനത്തിൽ നിന്ന്.)

Monday, 24 June 2019

ഗേളി

മലയാളി മാറോടണച്ച വെള്ളിത്തിരയിലെ 12 ക്രിസ്ത്യാനികൾ   Part 2

 ഗേളി 

        വല്യമ്മച്ചി ആയിരം കണ്ണുമായി ഗേളിയെ കാത്തിരിക്കാൻ തുടങ്ങിയിട്ട്  വര്ഷം ഇരുപതായി. അന്നൊരു രാത്രി ഗേളിയെ ഉറക്കി കിടത്തി പപ്പയായ  മാത്യുസി നൊപ്പം ചികിത്സിക്കായി അവളെ ആംബുലൻസിൽ കയറ്റി വിട്ടതാണ് വല്യമ്മച്ചി. അവൾ തിരികെ വരുമെന്ന പ്രതീക്ഷയിൽ വീടിന്റെ മുൻ ഭിത്തിയിൽ വീണ്ടും കോളിംഗ് ബെൽ ഘടിപ്പിക്കുന്ന വല്യമ്മച്ചിയുടെ ചിത്രം ശ്രീകുമാറിനൊപ്പം നമ്മളന്നു നോക്കി നിന്നതാണ്. നൊമ്പരത്തോടെ, തേങ്ങലോടെ... അന്ന് മുതൽ നമ്മളും ഗേളിയെ കാത്തിരിക്കുന്നു. അവൾ മടങ്ങി വരുമെന്ന പ്രതീക്ഷയിൽ !
       അമ്മയുടെ വാത്സല്യം കിട്ടാതെ വളർന്ന പെൺകുട്ടിയാണ് ഗേളി. ആ ദുഃഖം മറക്കാൻ അവൾ കുസൃതിക്കാരിയായി അഭിനയിച്ചു.എങ്കിലും അമ്മയുടെ വാത്സല്യം  ലഭിക്കാത്തതിന്റെ  നൊമ്പരം അവളിലുറങ്ങിക്കിടക്കുന്നുണ്ട്. മാറാത്ത രോഗമാണ് തനിക്കെന്നറിയുമ്പോഴുള്ള സഹതാപം അവൾക്കിഷ്ടമല്ല. തീരെ വയ്യാത്തത് സ്വന്തം ഡാഡിയുടെ വേദനിക്കുന്ന മുഖം കാണാനാണ്. അങ്ങനെ അവൾ വീട് വിട്ടിറങ്ങുന്നു. മരിക്കാനല്ല ; ജീവിതം ആസ്വദിക്കാൻ. പറഞ്ഞു   മാത്രം കേട്ടിട്ടുള്ള വല്യമ്മച്ചിയുടെ അടുത്തേക്ക്...



       തുടക്കം മുതലേ ഗേളി ഒരു കൃസ്ത്യൻ കഥാപാത്രമായാണ് മനസ്സിലേക്ക് കടന്നു വന്നതെന്ന് സംവിധായകനും തിരക്കഥാകൃത്തുമായ ഫാസിൽ- "കൃസ്ത്യൻ കഥാപാത്രങ്ങളുടെ വിശാല മനസ്കത, ബന്ധങ്ങളുടെ  തീവ്രത ഇതൊക്കെ എന്നെ ഒരുപാട് തവണ കഥപറയാൻ സഹായിച്ചിട്ടുണ്ട്."
      ഗേളിയും  വല്യമ്മച്ചിയും മാത്യുസും അയൽക്കാരനായ അലക്‌സാണ്ടറും മാത്രമല്ല പള്ളിയും ഫാദറും അൾത്താരയും ക്രിസ്മസും ഒക്കെ തന്നെ നോക്കെത്താ ദൂരത്തു കണ്ണും നട്ടിലെ പ്രധാന കഥാപാത്രങ്ങളാണ്. മകൾ മരിച്ച ശേഷം വല്യമ്മച്ചിയുടെ ഏക പ്രതീക്ഷ കൊച്ചു മകൾ ഗേളി മാത്രമാണ്. ഉമ്മറത്തെ കോളിംഗ് ബെൽ അലോസരമുണ്ടാക്കാറുണ്ടെങ്കിലും അവരതു ഊരി  മാറ്റാത്തത്  ഒരുനാൾ അവൾ വരുമെന്ന പ്രതീക്ഷയിലാണ്. കാത്തിരിപ്പോടെ ഒറ്റയ്ക്ക് താമസിക്കുന്ന  വല്യമ്മച്ചിയും പ്രേക്ഷക മനസ്സിലിടം നേടിയ കൃസ്ത്യൻ കഥാപാത്രമാണെന്ന് ഫാസിൽ പറയുന്നു. ഏകാന്തത സമ്മാനിച്ച ദുരിതങ്ങളും ദേഷ്യവുമാണ് അവരെ  പരുക്കൻ സ്വഭാവത്തിനുടമയാക്കിയത്.
       ഗേളിയെ തേടി ഡാഡി എത്തുമ്പോഴാണ് അവർ തളർന്നുപോകുന്നത്. രോഗത്തെ പറ്റി  വല്യമ്മച്ചിയോടു പറയില്ലെന്ന് ഡാഡിയിൽ  നിന്ന് അവൾ ഉറപ്പു വാങ്ങുമ്പോൾ ഞാനിനി എന്താണ് ചെയ്യേണ്ടതെന്ന് മാത്യുസ് മകളോട് ചോദിക്കുന്നുണ്ട്. ചിത്രത്തിലെ പ്രധാന വഴിത്തിരിവാണതെന്നു സംവിധായകൻ.
      "കഥ പിന്നെങ്ങനെ കൊണ്ട് പോകുമെന്നറിയാതെ ഞാൻ പ്രതിസന്ധിയിലായി. വല്യമ്മച്ചിയെ ഇതെങ്ങനെ അറിയിക്കും. മാത്യുസോ ശ്രീകുമാറോ പറഞ്ഞാൽ ആ കഥാപാത്രങ്ങൾ ദുർബലമാകും. ഇതേക്കുറിച്ച് പ്രൊഡക്ഷൻ എക്സിക്യൂട്ടിവ് ലത്തീഫിനോട്  പറഞ്ഞപ്പോൾ ഒന്നും ആലോചിക്കാതെ ലത്തിഫ് മറുപടി പറഞ്ഞു- എന്നാൽ അവൾ തന്നെ പറയട്ടെ... അതൊരു നല്ല ആശയമായി തോന്നി. പിന്നെ ഞാനൊരു ഹെവി ഡ്രമാറ്റിക് സീൻ തന്നെ പ്ലാൻ ചെയ്തു. അതായിരുന്നു ഗേളിയും  വല്യമ്മച്ചിയുമായുള്ള വഴക്കും ഗേളിയുടെ പൊട്ടിത്തെറിക്കലും ആയി മാറിയത് .."
     പ്രണയം വർക്ക്ഔട്ടാകാത്ത തൻറെ  ഏക ചിത്രമാണ് നോക്കെത്താ ദൂരത്തെന്നു ഫാസിൽ . വാചകക്കസർത്തില്ലാത്ത ക്ളൈമാക്‌സായിരുന്നു മറ്റൊരു പ്രത്യേകത. പെറുക്കിയെടുത്തത്  പോലെ ഒന്ന് രണ്ടു വാചകങ്ങൾ. ബാക്കിയെല്ലാം ദൃശ്യങ്ങൾ മാത്രം.. പക്ഷെ എല്ലാം അതിലുണ്ടായിരുന്നു.
     വല്യമ്മച്ചിയായി ഫാസിൽ ആദ്യം മനസ്സിൽ കണ്ടത് ഷൗക്കാർ ജാനകിയെ ആയിരുന്നു. "പിന്നീടാണ് പത്മിനിയെ  തീരുമാനിച്ചത്. ഗേളിയായി  ആദ്യം ഉദ്ദേശിച്ചത് മീനാക്ഷി ശേഷാദ്രിയെയായിരുന്നു. പിന്നീട് ഗൾഫിലെ ഒരു ബന്ധു പറഞ്ഞാണ് നദിയാ മൊയ്തുവിനെ കാണുന്നത്. അന്നവളുടെ പേര് സെറീന. ചില സിനിമകൾ സംഭവിക്കുന്നതാണ്.നോക്കെത്താദൂരത്തും ഗേളിയും അതിനായി നദിയാ മൊയ്തുവും വല്യമ്മച്ചിയായി പത്മിനി ചേച്ചിയും ഒക്കെ അങ്ങനെ സംഭവിച്ചതാണ്." ഫാസിൽ പറഞ്ഞു നിർത്തി. ഇപ്പോൾ   ഗേളി അവളുടെ വല്യമ്മച്ചിയുടെ അടുത്തേക്ക് മടങ്ങിയെത്തിയിട്ടുണ്ടാവും എന്ന് തന്നെ വിശ്വസിക്കാനാണ് എനിക്കിഷ്ടം....
    

( കുറിപ്പ് : 2004 ഡിസംബറിൽ കന്യക ദൈവാരികയിൽ സബ് എഡിറ്ററായി ജോലി നോക്കുമ്പോൾ ക്രിസ്മസ് പതിപ്പിനായി ഞാൻ അടുപ്പത്തോടെ നായർജി എന്ന് വിളിക്കുന്ന  എഡിറ്റർ ശ്രീ. എ. ചന്ദ്രശേഖറിന്റെ നിർദ്ദേശപ്രകാരം തയ്യാറാക്കിയ ലേഖനത്തിൽ നിന്ന്.)

ഒരു നൊമ്പരമായ് സേവ്യർ

ഭാഗം 1   

        വെളിച്ചം  വീണു. വെള്ളിത്തിരശീലയിൽ നിന്ന് നിഴലുകൾ മാഞ്ഞു. തിയേറ്റർ വിട്ട് പുറംലോകത്തെ തിരക്കുകളിലേക്കും ആരവങ്ങളിലേക്കും നടന്നു നീങ്ങുമ്പോഴും മനസ്സിൽ നിന്നിറങ്ങി പോകാൻ വിസമ്മിതിക്കുന്ന ഏതാനും കഥാപാത്രങ്ങൾ.  നാടൻ ചൂരുള്ള, നാട്ടു ഭാഷ സംസാരിക്കുന്ന, പച്ചയായ ജീവിത പരിവേഷമുള്ള  അവരിൽ നമ്മുടെ ഇന്നലെകളുടെ അതിർവരമ്പുകൾ കൈകോർത്തു നിൽക്കുന്നത് തിരിച്ചറിഞ്ഞ നിമിഷം...
       ക്രിസ്മസും ഓണവും വിഷുവും മലയാള സിനിമക്കെന്നും ചാകരയാണ്. കുടുംബമായി തിയേറ്ററുകളിലെത്തുന്ന സിനിമാസ്വാദകർ. ഈ ക്രിസ്മസിന്   തിയേറ്ററുകളിലേക്ക് പുറപ്പെടും മുൻപ് ഒന്ന് ചോദിച്ചോട്ടെ. ഇത് വരെ കണ്ട സിനിമകളിൽ നിങ്ങളുടെ മനസിലിടം നേടിയ ക്രിസ്ത്യൻ കഥാപാത്രങ്ങൾ ഏതൊക്കെയാണ്.
       അരനാഴിക നേരത്തിലെ  കുഞ്ഞേനച്ചൻ  മുതൽ മനസ്സിനക്കരെയിലെ കൊച്ചുത്രേസ്യ വരെ എണ്ണിയാലൊടുങ്ങാത്ത കഥാപാത്രങ്ങൾ മനസ്സിലേക്കോടിയെത്തുന്നു അല്ലെ. ഞാൻ..ഞാൻ എന്ന് പറഞ്ഞ്  നമുക്ക് മുന്നിലെത്തുന്ന ഏതു കഥാപാത്രത്തെയാണ് മാറ്റി നിറുത്താനാവുക. കൊട്ടാരക്കര ശ്രീധരൻ നായരിൽ തുടങ്ങി സത്യനും നസീറും ഷീലയും ശാരദയും പിന്നെ മോഹൻലാലും മമ്മൂട്ടിയും തിലകനും  നെടുമുടി വേണുവും നദിയാമൊയ്തുവും ഒക്കെ ഉജ്‌ജ്വലമാക്കിയ എത്രയെത്ര ക്രിസ്ത്യൻ കഥാപാത്രങ്ങൾ. സിനിമകൾ മാത്രമല്ല കഥാപാത്രങ്ങളുടെ പേരുകൾ പോലും ഇപ്പോൾ നിങ്ങളുടെ നാവിൻ തുമ്പത്തെത്തി നിൽക്കുന്നുണ്ടാവും...
      സ്മൃതി ചെപ്പിനുള്ളിൽ ഇന്നുമുണർന്നിരിക്കുന്ന ചില കൃസ്ത്യൻ കഥാപാത്രങ്ങളുടെ ഓർമ്മക്കുറിപ്പാണിത്. ഇതിലുൾപ്പെട്ട വേഷങ്ങളേക്കാൾ  വേദനയോടെ മാറ്റി നിർത്തേണ്ടി വന്ന കഥാപാത്രങ്ങളുടെ എണ്ണമാനേരെ. കാരണം 75  വർഷം പിന്നിട്ട മലയാള സിനിമയിൽ എത്രയോ മികച്ച കൃസ്ത്യൻ കഥാപാത്രങ്ങളുണ്ട്. ഇടക്കാല മലയാള  സിനിമയിലെ പ്രശസ്തമായ ഏതാനും കഥാപാത്രങ്ങളുടെ കൈ പിടിച്ച് ഒരു വട്ടം കൂടി ഓർമ്മകളുടെ തീരത്തു കൂടെ  ഒരു യാത്ര.
     

സേവ്യർ 

        ഒരു നൊമ്പരമായ് സേവ്യർ  നമുക്ക് മുന്നിലെത്തുന്നത് 1981  ലാണ്. അനാഥനായ സേവ്യർ. ചികിത്സിച്ചു ഭേദമാക്കാനാകാത്ത അസുഖം പുറത്തറിയിക്കാതെ ഓരോ നിമിഷത്തെയും ആനന്ദമാക്കി അയാൾ ജീവിച്ചു. ദൂരെയൊരിടത്തു ഭാര്യയും കുട്ടികളും ഉണ്ടെന്ന് സേവ്യർ നമ്മോടു കളവു പറഞ്ഞു. ഒടുവിൽ അതെല്ലാം സ്വപ്നമായിരുന്നെന്ന് അയാൾ പറയുമ്പോൾ കഠിനഹൃദയാനായ മാനേജർ മാധവന്കുട്ടിയോടൊപ്പം പ്രേക്ഷകർക്കും സേവ്യറിനോട് വല്ലാതെ അലിവ് തോന്നി. സ്നേഹം തോന്നി.
       വിട പറയും മുൻപേ യിലെ സേവ്യറിനെക്കുറിച്ചോർക്കുമ്പോൾ നെടുമുടി വേണു വാചാലനാകുന്നു " സേവ്യറിന്റെ മരണം  ചിത്രീകരിച്ചത് മദ്രാസിലായിരുന്നു. ഷൂട്ടിങ് കാണാനെത്തിയവർക്ക് ഞങ്ങളെക്കുറിച്ചൊന്നുമറിയില്ല. ഞാനന്ന് ഏറെ സിനിമകളൊന്നും ചെയ്തിട്ടില്ല. മരണം ചിത്രീകരിക്കുമ്പോൾ സ്ത്രീകൾ വാവിട്ടു കരയാൻ തുടങ്ങി."
         മുഖ്യധാര സിനിമയിൽ നെടുമുടി വേണുവിനെ സജീവമാക്കിയ കഥാപാത്രമാണ് സേവ്യർ.  തന്റെ  ജീവിതത്തിലെ പ്രധാന വഴിത്തിരിവാണ് സേവ്യർ എന്ന്  വേണു സമ്മതിക്കുന്നു.
        " വിട പറയും മുൻപേ യിലെ നായകനായി പ്രേം നസീറിനെ പ്രേക്ഷകർ  കാണുമെങ്കിലും എന്റെ മനസ്സിൽ ആ സിനിമയിലെ നായകൻ നെടുമുടി വേണു മാത്രമാണ്. " സംവിധായകനും  തിരക്കഥാകൃത്തുമായ മോഹൻ പറയുന്നു. ജോൺപോളിന്റേതാണ് സിനിമയുടെ കഥ. ജോൺപോളിനുണ്ടായ ചില സൗകര്യങ്ങൾ മൂലം മോഹൻ തന്നെ തിരക്കഥ എഴുതുക ആയിരുന്നു.
       "സേവ്യറിന്റെ വേദനകൾ, ദുഃഖം ഒക്കെ എന്നെ വല്ലാതെ ബാധിച്ചിട്ടുണ്ട്. അയാളുടെ ഓരോ ചലനവും ഞാനുൾക്കൊണ്ടു. തിരക്കഥ എഴുതുമ്പോഴും ഷൂട്ട്‌ ചെയ്യുമ്പോഴും എഡിറ്റിങ്, ഡബ്ബിങ് തുടങ്ങിയവ നടത്തുമ്പോഴുമൊക്കെ ഈ നൊമ്പരം എന്നെ വിടാതെ പിന്തുടർന്നു." മോഹൻ പറയുന്നു. "ജോൺപോൾ കഥയുടെ ത്രെഡ് പറയുമ്പോഴേ സേവ്യർ വ്യത്യസ്ത കഥാപാത്രമാണെന്നു തോന്നി. അതാണെനിക്ക് സ്ട്രൈക്ക് ചെയ്തത്."
         ശത്രു ഇന്റർനാഷനലിന്റെ ബാനറിൽ ഡേവിഡ് കാച്ചപ്പള്ളിയും നടൻ ഇന്നസെൻതും ചേർന്നാണ് ചിത്രം നിർമ്മിച്ചത്.  സേവ്യറാകാൻ പറ്റിയ നടനായി നെടുമുടി വേണുവിനെ മോഹൻ തീരുമാനിച്ചപ്പോൾ കൃത്യമായി മേൽവിലാസം പോലുമില്ലാതെ  കറങ്ങി നടന്നിരുന്ന വേണുവിനെ കണ്ടെത്താൻ ഡേവിഡ് കാച്ചപ്പള്ളി കുറച്ചൊന്നുമല്ല ബുദ്ധിമുട്ടിയത് .
          എന്തുകൊണ്ട് സേവ്യർ കൃസ്ത്യാനിയായി എന്ന് ചോദിച്ചപ്പോൾ മോഹൻ പുഞ്ചിരിച്ചു. " ആ കഥാപാത്രത്തിന് അനുയോജ്യം കൃസ്ത്യൻ പശ്ചാത്തലമായിരുന്നു. അനാഥത്വം, പള്ളി, ഓർഫനേജ് ഇവയൊക്കെ സേവ്യറിന്റെ വിജയത്തിന് സഹായിച്ചു. എനിക്ക് പള്ളി, അച്ചന്മാർ ഇവരുമായൊക്കെ നല്ല ബന്ധമുണ്ടായിരുന്നു. അതും സിനിമക്ക് ഏറെ  സഹായകമായി." മോഹൻ ഓർക്കുന്നു.
       ആ വർഷം  മികച്ച  രണ്ടാമത്തെ ചിത്രത്തിനുള്ള സംസ്ഥാന പുരസ്കാരം വിടപറയും മുന്പെക്കായിരുന്നു.  മോഹനും നെടുമുടി വേണുവും ഇപ്പോൾ സേവ്യറിന്റെ ഓർമ്മകളിലാണ്. പറഞ്ഞായാലും പറഞ്ഞാലും തീരാത്ത വിശേഷങ്ങളിലൂടെയാണ് ഇപ്പോഴവരുടെ യാത്ര. 23  വര്ഷം പഴക്കമുള്ള ഓർമ്മ ചിത്രങ്ങൾ....

    

( കുറിപ്പ് : 2004 ഡിസംബറിൽ കന്യക ദൈവാരികയിൽ സബ് എഡിറ്ററായി ജോലി നോക്കുമ്പോൾ ക്രിസ്മസ് പതിപ്പിനായി ഞാൻ അടുപ്പത്തോടെ നായർജി എന്ന് വിളിക്കുന്ന  എഡിറ്റർ ശ്രീ. എ. ചന്ദ്രശേഖറിന്റെ നിർദ്ദേശപ്രകാരം തയ്യാറാക്കിയ ലേഖനത്തിൽ നിന്ന്.)