Wednesday, 24 July 2019

ആടുതോമയും ചാക്കോ മാഷും

മലയാളി മാറോടണച്ച വെള്ളിത്തിരയിലെ 12 ക്രിസ്ത്യാനികൾ    Part 7


ആടുതോമയും ചാക്കോ മാഷും  

        
      തോമസ് ചാക്കോയെന്ന ആടുതോമ മലയാളി  പ്രേക്ഷകരുടെ എക്കാലത്തെയും വലിയ ഹീറോ ആണ്. അതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് മൂന്നു വർഷത്തിനുള്ളിൽ മലയാളത്തിലെ ഒരു ചാനൽ 44 തവണ സ്ഫടികം  എന്ന സിനിമ ടെലികാസ്റ് ചെയ്ത് റിക്കോഡിട്ടത്.(2004 ലെ കണക്ക് )
        സ്ഫടിക സിനിമാ ത്രയങ്ങളിൽ രണ്ടാമത്തേത് എന്ന് അവകാശപ്പെടുന്ന ഉടയോന്റെ പണിപ്പുരയിലായിരുന്ന സംവിധായകൻ ഭദ്രൻ മാട്ടേലിനെ കാണാൻ ചെന്നപ്പോൾ അദ്ദേഹം കുറച്ചു നേരം ആടുതോമയുടെ ഓർമ്മകളിലേക്ക്   യാത്രയായി... "പാലാക്കാരനായ എനിക്ക് ജീവിതം സമ്മാനിച്ചതും കണ്ടറിഞ്ഞതുമായ അനുഭവങ്ങളാണ് സ്ഫടികം.  പാലാക്കാർ സ്വതവേ ഏറെ പ്രത്യേകതകൾ സ്വഭാവത്തിൽ സൂക്ഷിക്കുന്നവരാണ്. പാലാ കൃസ്ത്യാനികളുടെ ജീവിതത്തിലെ വിവിധ ഭാവങ്ങളായിരുന്നു സ്ഫടികം." കൃസ്ത്യൻ കഥാപാത്രങ്ങളുടെ സമ്പൂർണ്ണതയായിരിക്കും വരാൻ പോകുന്ന ഉടയോനിൽ മോഹൻലാൽ അവതരിപ്പിക്കുന്ന 74 കാരനായ ശൂരനാട്ട് കുഞ്ഞ് എന്ന കുഞ്ഞിപ്പാപ്പ എന്നു കൂടെ ഭദ്രൻ കൂട്ടിച്ചേർത്തു.
        പാലക്കാരായ ഒത്തിരിപ്പേരുടെ പ്രൊഫൈൽ ചേർത്താണ് ആടുതോമയെ സൃഷ്ടിച്ചതെങ്കിൽ സ്വന്തം അപ്പനുൾപ്പെടെയുള്ള കൃസ്ത്യൻ കുടുംബങ്ങളിലെ അപ്പന്മാരും സ്‌കൂളിൽ പഠിപ്പിച്ച പാലായിലെ ആലുംമൂട്ടിൽ തോമസ് സാർ, തൃശൂരിലെ പണിക്കർ സാർ, ഇരിഞ്ഞാലക്കുടയിലെ ഭൂതലിംഗം എന്നിവരെയൊക്കെ ചേരുംപടി ചേർത്താണ് ചാക്കോമാഷിനെ സൃഷ്ടിച്ചതെന്ന് ഭദ്രനും തന്റെ അഭിനയ ജീവിതത്തിലെ മികച്ച കഥാപാത്രങ്ങളിലൊന്നായിരുന്നു ആടുതോമയെന്ന്  മോഹൻലാലും പറയുന്നു.
        ഇന്നത്തെ പ്രേക്ഷകർക്ക് നെഗറ്റിവ് ആയി തോന്നാമെങ്കിലും തന്റെ കാഴ്ചപ്പാടിൽ പോസിറ്റിവായ കഥാപാത്രമാണ് ചാക്കോ മാഷെന്ന് ആ കഥാപാത്രത്തെ അവിസ്മരണീയമാക്കിയ നടൻ തിലകൻ. "ഓരോ അച്ഛനും മക്കൾ വലിയവരാകണമെന്ന് ആഗ്രഹിക്കും. അങ്ങനെയല്ലായെങ്കിൽ സ്വന്തം ചോര എന്ന് പറയുന്നതിൽ ഒരർത്ഥവുമില്ല. ചാക്കോ മാഷിനെ ഗംഭീരമാക്കിയെന്ന് പലരും പറഞ്ഞു. പക്ഷെ ആ കഥാപാത്രം ഗംഭീരമല്ല. ആടുതോമക്ക് കയ്യടി കിട്ടാൻ പലപ്പോഴും ചാക്കോമാഷെന്ന കഥാപാത്രത്തെ ദുർബലമാക്കി . അന്നേ സംവിധായകനോട് ഞാനത് തുറന്നു പറഞ്ഞു. ഹീറോ വർഷിപ്പ് ഉണ്ടാക്കുന്നതിന്റെ ഭാഗമായാണ് മകനുണ്ടാക്കിയ ട്രാൻസിസ്റ്റർ അടുപ്പിലിടാനും, സ്‌കൂൾ മണിയെടുത്ത് എറിയാനും  ചാക്കോ മാഷ് നിർബന്ധിതനായത്." തിലകൻ കൂട്ടിച്ചേർത്തു.
       അഭിനയത്തിന്റെ ഈ നാല്പത്തെട്ടാം വർഷത്തിൽ വിലക്കുകൾ മൂലം സിനിമയിൽ അഭിനയിക്കാൻ തിലകന് കഴിയുന്നില്ല. അവിടെ നമുക്ക് നഷ്ടമാകുന്നത് തിലകന് മാത്രം അഭിനയിക്കാൻ കഴിയുന്ന ഇത്തരം ചില കഥാപാത്രങ്ങളാണ്.
        അപ്പൻ പല തവണ അടുത്ത വീട്ടിലെ കുട്ടിയെ ചൂണ്ടിക്കാട്ടി അവനെ കണ്ടു പഠിക്കാൻ പറഞ്ഞിട്ടുണ്ടെന്ന് ഭദ്രൻ. സ്വന്തം അച്ഛൻ ചൂരലുമായി കണക്കു പഠിപ്പിക്കാൻ വിളിക്കുമ്പോൾ അറിയാവുന്നതു കൂടി മറന്നു പോകാറുണ്ടായിരുന്നുവെന്ന് തിലകനും ഓർക്കുന്നു.
       കുടിയേറ്റക്കാരായ കുടുംബങ്ങളിലെ സർവ കൃസ്ത്യൻ കഥാപാത്രങ്ങളും സ്ഫടികത്തിലുണ്ടായിരുന്നു. ഉള്ളിന്റെ ഉള്ളിൽ മകനെ സ്നേഹിച്ച ഒരപ്പൻ, അപ്പനോടുള്ള പ്രതിഷേധത്തിൽ തെമ്മാടിയായി തീരുന്ന മകൻ, ഇതിനിടയിൽ വേദനിക്കുന്ന ഹൃദയവുമായി ഒരമ്മയും സഹോദരിയും. ഇവരെല്ലാം ഒത്തു ചേർന്നപ്പോൾ ആടുതോമയും ചാക്കോ മാഷും പ്രേക്ഷക മനസ്സിൽ സ്ഥിര പ്രതിഷ്ഠ നേടിയ കഥാപാത്രങ്ങളായി മാറുകയായിരുന്നു. 1995 ൽ പുറത്തിറങ്ങിയ സ്ഫടികം മലയാള സിനിമ കണ്ട എക്കാലത്തെയും വലിയ ഹിറ്റുകളിൽ ഒന്നായി മാറി. സ്ഫടികം എന്ന സിനിമ കൊണ്ട് ജീവിതം മാറി മറിഞ്ഞ ഒരാൾ കൂടെയുണ്ട്. സിനിമയിൽ വില്ലനായി അരങ്ങേറ്റം കുറിച്ച ജോർജ് പിന്നീട് സ്ഫടികം ജോർജായി  അറിയപ്പെടാൻ തുടങ്ങി.    

  
( കുറിപ്പ് : 2004 ഡിസംബറിൽ കന്യക ദൈവാരികയിൽ സബ് എഡിറ്ററായി ജോലി നോക്കുമ്പോൾ ക്രിസ്മസ് പതിപ്പിനായി ഞാൻ അടുപ്പത്തോടെ നായർജി എന്ന് വിളിക്കുന്ന  എഡിറ്റർ ശ്രീ. എ. ചന്ദ്രശേഖറിന്റെ നിർദ്ദേശപ്രകാരം തയ്യാറാക്കിയ ലേഖനത്തിൽ നിന്ന്.)

No comments:

Post a Comment