മലയാളി മാറോടണച്ച വെള്ളിത്തിരയിലെ 12 ക്രിസ്ത്യാനികൾ Part 2
ഗേളി
വല്യമ്മച്ചി ആയിരം കണ്ണുമായി ഗേളിയെ കാത്തിരിക്കാൻ തുടങ്ങിയിട്ട് വര്ഷം ഇരുപതായി. അന്നൊരു രാത്രി ഗേളിയെ ഉറക്കി കിടത്തി പപ്പയായ മാത്യുസി നൊപ്പം ചികിത്സിക്കായി അവളെ ആംബുലൻസിൽ കയറ്റി വിട്ടതാണ് വല്യമ്മച്ചി. അവൾ തിരികെ വരുമെന്ന പ്രതീക്ഷയിൽ വീടിന്റെ മുൻ ഭിത്തിയിൽ വീണ്ടും കോളിംഗ് ബെൽ ഘടിപ്പിക്കുന്ന വല്യമ്മച്ചിയുടെ ചിത്രം ശ്രീകുമാറിനൊപ്പം നമ്മളന്നു നോക്കി നിന്നതാണ്. നൊമ്പരത്തോടെ, തേങ്ങലോടെ... അന്ന് മുതൽ നമ്മളും ഗേളിയെ കാത്തിരിക്കുന്നു. അവൾ മടങ്ങി വരുമെന്ന പ്രതീക്ഷയിൽ !
അമ്മയുടെ വാത്സല്യം കിട്ടാതെ വളർന്ന പെൺകുട്ടിയാണ് ഗേളി. ആ ദുഃഖം മറക്കാൻ അവൾ കുസൃതിക്കാരിയായി അഭിനയിച്ചു.എങ്കിലും അമ്മയുടെ വാത്സല്യം ലഭിക്കാത്തതിന്റെ നൊമ്പരം അവളിലുറങ്ങിക്കിടക്കുന്നുണ്ട്. മാറാത്ത രോഗമാണ് തനിക്കെന്നറിയുമ്പോഴുള്ള സഹതാപം അവൾക്കിഷ്ടമല്ല. തീരെ വയ്യാത്തത് സ്വന്തം ഡാഡിയുടെ വേദനിക്കുന്ന മുഖം കാണാനാണ്. അങ്ങനെ അവൾ വീട് വിട്ടിറങ്ങുന്നു. മരിക്കാനല്ല ; ജീവിതം ആസ്വദിക്കാൻ. പറഞ്ഞു മാത്രം കേട്ടിട്ടുള്ള വല്യമ്മച്ചിയുടെ അടുത്തേക്ക്...
അമ്മയുടെ വാത്സല്യം കിട്ടാതെ വളർന്ന പെൺകുട്ടിയാണ് ഗേളി. ആ ദുഃഖം മറക്കാൻ അവൾ കുസൃതിക്കാരിയായി അഭിനയിച്ചു.എങ്കിലും അമ്മയുടെ വാത്സല്യം ലഭിക്കാത്തതിന്റെ നൊമ്പരം അവളിലുറങ്ങിക്കിടക്കുന്നുണ്ട്. മാറാത്ത രോഗമാണ് തനിക്കെന്നറിയുമ്പോഴുള്ള സഹതാപം അവൾക്കിഷ്ടമല്ല. തീരെ വയ്യാത്തത് സ്വന്തം ഡാഡിയുടെ വേദനിക്കുന്ന മുഖം കാണാനാണ്. അങ്ങനെ അവൾ വീട് വിട്ടിറങ്ങുന്നു. മരിക്കാനല്ല ; ജീവിതം ആസ്വദിക്കാൻ. പറഞ്ഞു മാത്രം കേട്ടിട്ടുള്ള വല്യമ്മച്ചിയുടെ അടുത്തേക്ക്...
തുടക്കം മുതലേ ഗേളി ഒരു കൃസ്ത്യൻ കഥാപാത്രമായാണ് മനസ്സിലേക്ക് കടന്നു വന്നതെന്ന് സംവിധായകനും തിരക്കഥാകൃത്തുമായ ഫാസിൽ- "കൃസ്ത്യൻ കഥാപാത്രങ്ങളുടെ വിശാല മനസ്കത, ബന്ധങ്ങളുടെ തീവ്രത ഇതൊക്കെ എന്നെ ഒരുപാട് തവണ കഥപറയാൻ സഹായിച്ചിട്ടുണ്ട്."
ഗേളിയും വല്യമ്മച്ചിയും മാത്യുസും അയൽക്കാരനായ അലക്‌സാണ്ടറും മാത്രമല്ല പള്ളിയും ഫാദറും അൾത്താരയും ക്രിസ്മസും ഒക്കെ തന്നെ നോക്കെത്താ ദൂരത്തു കണ്ണും നട്ടിലെ പ്രധാന കഥാപാത്രങ്ങളാണ്. മകൾ മരിച്ച ശേഷം വല്യമ്മച്ചിയുടെ ഏക പ്രതീക്ഷ കൊച്ചു മകൾ ഗേളി മാത്രമാണ്. ഉമ്മറത്തെ കോളിംഗ് ബെൽ അലോസരമുണ്ടാക്കാറുണ്ടെങ്കിലും അവരതു ഊരി മാറ്റാത്തത് ഒരുനാൾ അവൾ വരുമെന്ന പ്രതീക്ഷയിലാണ്. കാത്തിരിപ്പോടെ ഒറ്റയ്ക്ക് താമസിക്കുന്ന വല്യമ്മച്ചിയും പ്രേക്ഷക മനസ്സിലിടം നേടിയ കൃസ്ത്യൻ കഥാപാത്രമാണെന്ന് ഫാസിൽ പറയുന്നു. ഏകാന്തത സമ്മാനിച്ച ദുരിതങ്ങളും ദേഷ്യവുമാണ് അവരെ പരുക്കൻ സ്വഭാവത്തിനുടമയാക്കിയത്.
ഗേളിയെ തേടി ഡാഡി എത്തുമ്പോഴാണ് അവർ തളർന്നുപോകുന്നത്. രോഗത്തെ പറ്റി വല്യമ്മച്ചിയോടു പറയില്ലെന്ന് ഡാഡിയിൽ നിന്ന് അവൾ ഉറപ്പു വാങ്ങുമ്പോൾ ഞാനിനി എന്താണ് ചെയ്യേണ്ടതെന്ന് മാത്യുസ് മകളോട് ചോദിക്കുന്നുണ്ട്. ചിത്രത്തിലെ പ്രധാന വഴിത്തിരിവാണതെന്നു സംവിധായകൻ.
"കഥ പിന്നെങ്ങനെ കൊണ്ട് പോകുമെന്നറിയാതെ ഞാൻ പ്രതിസന്ധിയിലായി. വല്യമ്മച്ചിയെ ഇതെങ്ങനെ അറിയിക്കും. മാത്യുസോ ശ്രീകുമാറോ പറഞ്ഞാൽ ആ കഥാപാത്രങ്ങൾ ദുർബലമാകും. ഇതേക്കുറിച്ച് പ്രൊഡക്ഷൻ എക്സിക്യൂട്ടിവ് ലത്തീഫിനോട് പറഞ്ഞപ്പോൾ ഒന്നും ആലോചിക്കാതെ ലത്തിഫ് മറുപടി പറഞ്ഞു- എന്നാൽ അവൾ തന്നെ പറയട്ടെ... അതൊരു നല്ല ആശയമായി തോന്നി. പിന്നെ ഞാനൊരു ഹെവി ഡ്രമാറ്റിക് സീൻ തന്നെ പ്ലാൻ ചെയ്തു. അതായിരുന്നു ഗേളിയും വല്യമ്മച്ചിയുമായുള്ള വഴക്കും ഗേളിയുടെ പൊട്ടിത്തെറിക്കലും ആയി മാറിയത് .."
പ്രണയം വർക്ക്ഔട്ടാകാത്ത തൻറെ ഏക ചിത്രമാണ് നോക്കെത്താ ദൂരത്തെന്നു ഫാസിൽ . വാചകക്കസർത്തില്ലാത്ത ക്ളൈമാക്‌സായിരുന്നു മറ്റൊരു പ്രത്യേകത. പെറുക്കിയെടുത്തത് പോലെ ഒന്ന് രണ്ടു വാചകങ്ങൾ. ബാക്കിയെല്ലാം ദൃശ്യങ്ങൾ മാത്രം.. പക്ഷെ എല്ലാം അതിലുണ്ടായിരുന്നു.
വല്യമ്മച്ചിയായി ഫാസിൽ ആദ്യം മനസ്സിൽ കണ്ടത് ഷൗക്കാർ ജാനകിയെ ആയിരുന്നു. "പിന്നീടാണ് പത്മിനിയെ തീരുമാനിച്ചത്. ഗേളിയായി ആദ്യം ഉദ്ദേശിച്ചത് മീനാക്ഷി ശേഷാദ്രിയെയായിരുന്നു. പിന്നീട് ഗൾഫിലെ ഒരു ബന്ധു പറഞ്ഞാണ് നദിയാ മൊയ്തുവിനെ കാണുന്നത്. അന്നവളുടെ പേര് സെറീന. ചില സിനിമകൾ സംഭവിക്കുന്നതാണ്.നോക്കെത്താദൂരത്തും ഗേളിയും അതിനായി നദിയാ മൊയ്തുവും വല്യമ്മച്ചിയായി പത്മിനി ചേച്ചിയും ഒക്കെ അങ്ങനെ സംഭവിച്ചതാണ്." ഫാസിൽ പറഞ്ഞു നിർത്തി. ഇപ്പോൾ ഗേളി അവളുടെ വല്യമ്മച്ചിയുടെ അടുത്തേക്ക് മടങ്ങിയെത്തിയിട്ടുണ്ടാവും എന്ന് തന്നെ വിശ്വസിക്കാനാണ് എനിക്കിഷ്ടം....
( കുറിപ്പ് : 2004 ഡിസംബറിൽ കന്യക ദൈവാരികയിൽ സബ് എഡിറ്ററായി ജോലി നോക്കുമ്പോൾ ക്രിസ്മസ് പതിപ്പിനായി ഞാൻ അടുപ്പത്തോടെ നായർജി എന്ന് വിളിക്കുന്ന എഡിറ്റർ ശ്രീ. എ. ചന്ദ്രശേഖറിന്റെ നിർദ്ദേശപ്രകാരം തയ്യാറാക്കിയ ലേഖനത്തിൽ നിന്ന്.)

No comments:
Post a Comment