Monday, 23 December 2019

കൊച്ചു തോമ എന്ന അപ്പൻ

മലയാളി മാറോടണച്ച വെള്ളിത്തിരയിലെ 12 ക്രിസ്ത്യാനികൾ    Part 9



കൊച്ചു തോമ 
        
      ഹിസ്  ഹൈനസ് അബ്ദുള്ള കഴിഞ്ഞു പ്രണവം നിർമ്മിക്കുന്ന രണ്ടാമത്തെ സിനിമയുടെ ലൊക്കേഷൻ. കഥ കേട്ട  ആരോ പറഞ്ഞു -"ഒരു പൈങ്കിളി സബ്ജെക്ട് ആണല്ലോ ഇതെന്ന്."  മോഹൻ ലാലിനെയും നെടുമുടി വേണുവിനെയും പ്രധാന കഥാപാത്രങ്ങളാക്കി ലോഹിതദാസ് എഴുതിയ ആ കഥ അങ്ങനെ വേണ്ടെന്നു വച്ചു. പകരം ലോഹി മറ്റൊരു കഥ പറഞ്ഞു. അതായിരുന്നു ഭരതം.  
   വർഷങ്ങൾ പിന്നിട്ടു.  ദിലീപ്, ലാൽ, ബിജു മേനോൻ, ചഞ്ചൽ എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി ലോഹിതദാസ് സംവിധാനം ചെയ്ത ഓർമ്മച്ചെപ്പ് എന്ന സിനിമ പ്രതീക്ഷിച്ചത്ര വിജയം നേടാത്തതിന്റെ അലസതയുമായി കഴിഞ്ഞിരുന്ന ലോഹിതദാസിനെ തേടി പ്രശസ്ത സംവിധായകൻ സത്യൻ അന്തിക്കാടിന്റെ ഫോൺ വിളിയെത്തി. അങ്ങനെ  പുതിയൊരു സിനിമാക്കഥ തേടി രണ്ടാളും പോണ്ടിച്ചെരി ആരോവിൽ കോട്ടേജിലെത്തി. "കുറച്ച് നാൾ ആരുടേയും ശല്യമില്ലാതെ ഒരു  പ്രവാസ ജീവിതം. അതായിരുന്നു  രണ്ടാളുടെയും ഉദ്ദേശം." സത്യൻ അന്തിക്കാട് ഓർക്കുന്നു.
     അരബിന്ദോ ആശ്രമത്തിന്റേതാണ് കോട്ടേജ്. അവിടെ ബർമുഡയും ടീ ഷർട്ടുമൊക്കെ ധരിച്ച് ഫോറിൻ ഫുഡുമൊക്കെയായി കൃത്രിമ വനത്തിനു നടുവിലെ കോട്ടേജിൽ കുറെ നാൾ. ഇടക്ക് ഒരുദിവസം ലോഹി ഒരു കഥ പറഞ്ഞു. കുടിയേറ്റക്കാരനായ ഒരു അപ്പന്റെയും മകന്റെയും കഥ. സത്യന് അത് ഏറെ ഇഷ്ടമായി.
   "പണ്ടൊരിക്കൽ ഭരതത്തിനു  വേണ്ടി ആലോചിച്ച് വേണ്ടെന്നു വച്ച കഥ. ബൈബിൾ കഥ പോലെ കേട്ട ഒരു കഥയായിരുന്നു ത്രെഡ്. " ലോഹിതദാസ് ആ കഥ പിറന്ന വഴിയിലേക്ക് തിരിഞ്ഞു നടന്നു.
      ഒരപ്പന് മൂന്നു നാല് മടിയന്മാരായ മക്കൾ. മരിക്കാൻ നേരം അപ്പൻ മക്കളോട് പറഞ്ഞു. എന്റെ സമ്പാദ്യം മുഴുവൻ പറമ്പിൽ കുഴിച്ചിട്ടിരിക്കുന്നു. എവിടെയാണെന്ന് ചോദിക്കും മുൻപേ അപ്പൻ മരിച്ചു. മക്കൾ ആ നിധി തേടി പറമ്പായ പറമ്പോക്കെ കുഴിച്ചു നോക്കി. പക്ഷെ നിധി മാത്രം കിട്ടിയില്ല. എന്തായാലും കിളച്ചതല്ലേ എന്ന് കരുതി അവർ ആ പറമ്പിൽ വാഴ നട്ടു. അങ്ങനെ അവർ അധ്വാനികളായി. ആ മണ്ണിൽ പൊന്ന് വിളഞ്ഞു.  അപ്പൻ ഉദ്ദേശിച്ചതും അതായിരുന്നു. ഈ ഗുണപാഠ കഥയിൽ നിന്നാണ് വീണ്ടും ചില വീട്ടുകാര്യങ്ങളുടെ ത്രെഡ് എന്ന് ലോഹിതദാസ്.
      സിനിമാ മോഹവും നാടക അഭിനയവുമായി ഉത്തരവാദിത്വങ്ങളിൽ നിന്നൊഴിഞ്ഞു നടന്ന മകൻ റോയിക്ക് (ജയറാം) ആദ്യം അപ്പൻ കൊച്ചു തോമയായിരുന്നു എല്ലാത്തിനും കൂട്ട്. ഒടുവിൽ അവൻ ഒരു പെണ്ണിന്റെ കൈ പിടിച്ച് വീട്ടിലെത്തുമ്പോൾ റോയിയെ നേർവഴിക്കു നടത്താൻ കൊച്ചു തോമ നടത്തുന്ന ആത്മാർത്ഥ ശ്രമമാണ് വീണ്ടും ചില വീട്ടുകാര്യങ്ങൾ.
     കൃസ്ത്യാനികൾക്കിടയിൽ സ്നേഹത്തിന്റെ കൂട്ടായ്മ  കൂടുതലാണ്. അപ്പനും മകനും തമ്മിലുള്ള സൗഹൃദം, ഒരുമിച്ചുള്ള മദ്യപാനം, പിന്നെ കലാ പ്രവർത്തനങ്ങൾക്ക് അച്ചൻമാരും  സഭകളും നൽകുന്ന പ്രോത്സാഹനം, ഇതൊക്കെയാണ് ആ കഥാപാത്രങ്ങളെ കൃസ്ത്യാനികളാക്കാൻ കാരണമെന്നും ലോഹിതദാസ് പറഞ്ഞു.
      " ഇന്നത്തെ തലമുറ മക്കളോട് സ്നേഹത്തിൽ പെരുമാറുന്നവരാണ്.   ഞാനും ലോഹിയും ശ്രീനിവാസനും ഫാസിലും ഒക്കെ അങ്ങനെയുള്ള അച്ഛന്മാരാണ്. അതുപോലെ ഇന്നസെന്റും അച്ഛനും വളരെ ഫ്രണ്ട്‌ലി ആയിരുന്നു.  ആ കഥകൾ പലതും നെടുമുടി വേണു പറഞ്ഞു കേട്ടിട്ടുണ്ട്. ഇതൊക്കെ റോയിയേയും കൊച്ചു തോമയെയും ചിത്രീകരിക്കാൻ സഹായിച്ചുവെന്ന് സംവിധായകൻ. 
   "ചാക്കോ മാഷിൽ നിന്ന് തികച്ചും വ്യത്യസ്തനാണ് കൊച്ചു തോമ. അച്ഛന്റെ മനസ്സ് മനസ്സിലാക്കാനുള്ള കഴിവ് ഇന്നത്തെ തലമുറക്ക് കുറവാണ്. അതുകൊണ്ട് മക്കളോട് സൗഹൃദമേ പറ്റൂ." കൊച്ചു തോമയെ ഉജ്വലമാക്കിയ നടൻ തിലകൻ പറഞ്ഞു.
    ക്ളൈമാക്സിൽ അപ്പന്റെ ഉദ്ദേശം മനസ്സിലാക്കാക്കിയ മകൻ മടങ്ങിയെത്തുന്നു. അഭിനയത്തിൽ എന്നെക്കാളും വലിയ നടൻ അപ്പനാണെന്നു പറഞ്ഞു റോയി കൊച്ചു തോമയെ ഭരത് തോമ  എന്ന് സ്നേഹത്തോടെ വിളിച്ച് കെട്ടിപ്പിടിക്കുമ്പോൾ കൊച്ചു തോമയെ പോലൊരു അപ്പനെ കേരളത്തിലെ മക്കൾ ആത്മാർത്ഥമായി ആഗ്രഹിച്ചു. അത് കൊച്ചു തോമയുടെ വിജയമായി. വീണ്ടും ചില വീട്ടുകാര്യങ്ങളുടെയും...  


  
( കുറിപ്പ് : 2004 ഡിസംബറിൽ കന്യക ദൈവാരികയിൽ സബ് എഡിറ്ററായി ജോലി നോക്കുമ്പോൾ ക്രിസ്മസ് പതിപ്പിനായി  എഡിറ്റർ ശ്രീ. എ. ചന്ദ്രശേഖറിന്റെ നിർദ്ദേശപ്രകാരം തയ്യാറാക്കിയ ലേഖനത്തിൽ നിന്ന്.)

No comments:

Post a Comment