Wednesday, 26 June 2019

സോളമനും സോഫിയയും

മലയാളി മാറോടണച്ച വെള്ളിത്തിരയിലെ 12 ക്രിസ്ത്യാനികൾ    Part 3 


സോളമനും സോഫിയയും 

        പ്രിയാ, വരിക ; നാം വെളിമ്പ്രദേശത്ത് പോകാം ;
       നമുക്ക് ഗ്രാമങ്ങളിൽ ചെന്ന് രാപാർക്കാം 
       അതികാലത്ത് എഴുന്നേറ്റ് മുന്തിരിത്തോട്ടങ്ങളിൽ പോയി 
       മുന്തിരിവള്ളി തളിർത്തു പൂവിടുകയും 
       മാതളനാരകം പൂക്കുകയും ചെയ്തുവോ എന്ന് നോക്കാം;
       അവിടെ വച്ച് ഞാൻ നിനക്ക് എന്റെ പ്രേമം തരും.

      1986. 

      ശാലോമോന്റെ ഉത്തമഗീതത്തിലെ ഈ വരികൾ ജാതിമതഭേദമില്ലാതെ കേരളത്തിലെ പ്രണയിക്കുന്ന എല്ലാവരുടെയും നാവിൻ തുമ്പിൽ നിറഞ്ഞു നിന്നിരുന്നു...  ബൈബിൾ വചനങ്ങളിലൂടെ പ്രണയം കൈമാറിയ സോളമനും സോഫിയയും ആയിരുന്നു അതിനു കാരണക്കാർ. ആതുവരെ കാണാത്ത ഒരു പ്രണയ സങ്കല്പത്തിനാണ് മലയാള സിനിമയുടെ ഗന്ധർവ്വസ്പര്ശമായ പത്മരാജൻ നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകളിലൂടെ ദൃശ്യാവിഷ്‌കാരം നല്കിയത് .
       പുതിയൊരു  ചിത്രത്തിന്റെ ഒരുക്കത്തിലായിരുന്നു അന്ന് പത്മരാജൻ. കഥ വായിക്കുന്ന ജോലി ഭാര്യ രാധാലക്ഷ്മിക്കും അനന്തരവന്മാർക്കും. നല്ല കഥയാണെങ്കിൽ  പത്മരാജനോട് പറയും. രാധാലക്ഷ്മിയോട് അനന്തരവൻ ഡോ .നരേന്ദ്രബാബുവാണ് ഗ്രാമങ്ങളിൽ ചെന്ന് രാപാർക്കാം എന്ന നോവലിനെക്കുറിച്ചു പറഞ്ഞത്. രാധാലക്ഷ്മി ആ നോവൽ വായിച്ചു. കെ.കെ.സുധാകരന്റേതായിരുന്നു നോവൽ. ബൈബിളിലെ ഉത്തമഗീതങ്ങളുടെ പശ്ചാത്തലത്തിൽ ഒരു പ്രണയ കഥ. അതിൽ സിനിമ ഉണ്ടെന്ന് പത്മരാജനും തോന്നി. 
        "സുഹൃത്തുക്കളിലേറെയും ക്രിസ്ത്യാനികളായിരുന്നു. വീട്ടിൽ ബൈബിളും  ഉണ്ടായിരുന്നു. അക്കാലത്ത് ഉത്തമഗീതങ്ങൾ എനിക്ക് കാണാപ്പാഠമായിരുന്നു.അങ്ങനെയാണ് ആ പശ്ചാത്തലത്തിൽ ഒരു നോവലെറ്റ് എഴുതുന്നത് " കെ.കെ.സുധാകരൻ ഓർമ്മകൾക്ക് പിന്നാലെയായി.
        ഗ്രാമത്തിൽ നിന്ന് ഉപരിപഠനത്തിന് ആൻറണി (വിനീത്) റീത്തയുടെ                ( കവിയൂർ പൊന്നമ്മ)  വീട്ടിലേക്കു വരുന്നിടത്താണ് നോവലെറ്റ് തുടങ്ങുന്നത്.  ആന്റണിയുടെ കാഴ്ചയിലൂടെയാണ്  ഗ്രാമങ്ങളിൽ ചെന്ന് രാപാർക്കാം ഇതൾ വിരിയുന്നത്.  റീത്തക്കൊരു മകനുണ്ട്. ടാങ്കർ ലോറി ഡ്രൈവറായ ജോണി (മോഹൻലാൽ അവതരിപ്പിച്ച സോളമൻ). കഥയിൽ പോൾ പൈലോക്കാരൻറെ (തിലകൻ) വീട് മതിലിനപ്പുറമുള്ള ഒരു പരാമർശം മാത്രമാണ്. റീത്തയുടെ വീട് കേന്ദ്രീകരിച്ചാണ് നോവലെറ്റ് വികസിക്കുന്നതെന്ന് കെ.കെ.സുധാകരൻ ഓർക്കുന്നു. "സിനിമക്കാവാശ്യമായ പല മാറ്റങ്ങളും പത്മരാജൻ കഥയിൽ വരുത്തിയിട്ടുണ്ട്. അതിലൂടെ സിനിമ കൂടുതൽ ഉയർന്ന തലത്തിലെത്തി. നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ എന്ന സിനിമയിൽ നായകനായ സോളമൻ ലോറി ഡ്രൈവറല്ല . മറിച്ച് മുന്തിരിത്തോട്ടമുടമയാണ്. ഡ്രൈവിംഗ് ഹരമായ  ഒരു ചെറുപ്പക്കാരൻ."
       നോവലെറ്റിന്റെ അവസാനം ജോണി സോഫിയയെ ടാങ്കർ  ലോറിയിൽ കയറ്റി മൈസൂരിലെ അങ്കിളിനടുത്തേക്ക് പോകുന്നുണ്ട്. ടാങ്കർ ലോറിയിൽ കാമുകിയെ കടത്തിക്കൊണ്ടു പോകുന്ന കാമുകന്റെ ചിത്രം പത്മരാജന് വളരെ ഇഷ്ടമായി. അതുകൊണ്ടു തന്നെ  സോളമൻ സുഹൃത്തിന്റെ ടാങ്കർ ലോറിയിൽ നാട്ടിലെത്തുന്നതായി  തിരക്കഥയിലെഴുതുകയായിരുന്നു. ടാങ്കറിൽ സോളമനും സോഫിയയും പോകുന്ന ആ ദൃശ്യ ഭംഗി മലയാളി മനസ്സിനെ കീഴടക്കുകയും ചെയ്തു.
        നോവലെറ്റിൽ നിന്ന് വ്യത്യസ്തമായിരുന്നു സിനിമയുടെ ആദ്യ സീൻ തന്നെ എന്ന് കെ.കെ.സുധാകരൻ ഓർക്കുന്നു. നോവലെറ്റിൽ ഇല്ലാതിരുന്ന ചില കഥാപാത്രങ്ങളെ സിനിമയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് രാധാലക്ഷ്മിയും പറയുന്നു.
          സോളമനായി മോഹൻലാൽ തന്നെ മതിയെന്ന് പത്മരാജൻ ആദ്യം തന്നെ തീരുമാനിച്ചിരുന്നു.പക്ഷേ  കുടിയേറ്റ ഗ്രാമത്തിൽ നിന്ന് വരുന്ന ഒരു സാധാരണ പെൺകുട്ടിയായ നായികക്ക്  വേണ്ടി ഏറെ ആലോചനകൾ വേണ്ടി വന്നു.  ഒടുവിൽ ദേശാടനക്കിളി കരയാറില്ല എന്ന സിനിമയിലെ നായികയായ ശാരിയെ സോഫിയയാക്കാൻ തീരുമാനിക്കുകയായിരുന്നു. ശാരിയാകട്ടെ സോഫിയയായി ജീവിച്ച്  ആ വർഷത്തെ മികച്ച നടിക്കുള്ള അവാർഡും സ്വന്തമാക്കി.

        ( ഈ കുറിപ്പ് തയാറാക്കാൻ ശ്രീമതി  രാധാലക്ഷ്മി  പത്മരാജനെ പൂജപ്പുരയിലെ വീട്ടിൽ ചെന്ന് കാണുമ്പോൾ യാതൊരു മുന്പരിചയവും ഉണ്ടായിരുന്നില്ല . അക്കാലത്ത് മനസ്സിൽ ഏറെ സ്വാധീനം ചെലുത്തിയ   പത്മരാജൻ എന്ന സംവിധായകനോടും തിരക്കഥാകൃത്തിനോടും എഴുത്തുകാരനോടുമുള്ള  ആരാധനയോടെ മാത്രമായിരുന്നു ഓരോ വിവരങ്ങളും അന്ന് കേട്ടിരുന്നത്. പിന്നീട് അനന്തപത്മനാഭനും ഒരുമിച്ച് അമൃത ടി.വിയിലെ current affairs  വിഭാഗത്തിൽ പ്രൊഡ്യൂസർമാരായി ജോലി ചെയ്യാൻ ഇടവരികയും നല്ല സുഹൃത്തുക്കാളായി മാറുകയും ചെയ്തതോടെ ആ വീടുമായി ഒരു അടുപ്പമുണ്ടാവുകയും ചെയ്തു. കെ.കെ.സുധാകരൻ എന്ന എഴുത്തുകാരൻ  അക്കാലത്ത് മംഗളത്തിൽ നോവലുകൾ എഴുതിക്കൊണ്ടിരുന്ന പരിചയത്തിൽ ഫോണിലൂടെയാണ് സിനിമയെക്കുറിച്ചുള്ള വിവരങ്ങൾ  ചർച്ച ചെയ്തത്.)
    

( കുറിപ്പ് : 2004 ഡിസംബറിൽ കന്യക ദൈവാരികയിൽ സബ് എഡിറ്ററായി ജോലി നോക്കുമ്പോൾ ക്രിസ്മസ് പതിപ്പിനായി ഞാൻ അടുപ്പത്തോടെ നായർജി എന്ന് വിളിക്കുന്ന  എഡിറ്റർ ശ്രീ. എ. ചന്ദ്രശേഖറിന്റെ നിർദ്ദേശപ്രകാരം തയ്യാറാക്കിയ ലേഖനത്തിൽ നിന്ന്.)

No comments:

Post a Comment