Monday, 22 July 2019

തിയേറ്ററുകളെ കണ്ണീർ പുഴയാക്കി ആനി

മലയാളി മാറോടണച്ച വെള്ളിത്തിരയിലെ 12 ക്രിസ്ത്യാനികൾ    Part 6 



ആനി 

        
      1993 ൽ  ആനിയെ അവതരിപ്പിക്കാൻ സംവിധായകൻ സിബി മലയിൽ പല നടിമാരെയും സമീപിച്ചു. കഥാവസാനം മരിക്കുന്ന, നാല് കുട്ടികളുടെ അമ്മയെ അവതരിപ്പിക്കാൻ അന്നത്തെ പല പ്രശസ്ത നടിമാരും തയ്യാറായില്ല. ഒടുവിൽ പൊതുവെ ഭാഗ്യമില്ലാത്ത  നടിയായി അക്കാലത്ത് സിനിമാ ലോകം കരുതിയിരുന്ന മാധവിയെ ആനി എന്ന കഥാപാത്രം ഏൽപ്പിക്കാൻ സിബി മലയിൽ തീരുമാനിച്ചു. ഇത് സിനിമയുടെ പിന്നാമ്പുറക്കഥ. 
      ആകാശദൂത്  എന്ന സിബിമലയിൽ ചിത്രം തിയേറ്ററുകളിലെത്തിയപ്പോൾ പ്രേക്ഷകർ  ആനിയുടെ കണ്ണുനീരിനു മുന്നിൽ നോവുന്ന ഹൃദയവുമായി കണ്ണീരൊഴുക്കി. നാലുകുട്ടികളുടെ അമ്മ, അതിലൊന്ന് കൈക്കുഞ്ഞും മറ്റൊരാൾ അംഗ വൈകല്യമുള്ള ആൺകുട്ടിയും. ഏറ്റവും മുകളിലുള്ളതാകട്ടെ പെൺകുട്ടി. ഭർത്താവ് മദ്യപൻ. നൊമ്പര തീക്കടലിൽ നിൽക്കുമ്പോഴാണ് ഭേദമാക്കാനാകാത്ത അസുഖമാണ് തനിക്കെന്നവൾ തിരിച്ചറിയുന്നത്. ഇനി കുറച്ച് നാളത്തെ ജീവിതമേ ബാക്കിയുള്ളുവെന്ന യാഥാർഥ്യമറിഞ്ഞു   കണ്ണീരോടെ നിൽക്കുന്ന ആനി. എത്ര ചേർത്ത് പിടിച്ചിട്ടും കൈക്കുമ്പിളിൽ നിന്നൂർന്ന് പോകുന്ന ജലം കണക്കെ അവളുടെ ജീവിതം.
         ആനിയെ കണ്ടു മോഹിച്ചൊരാൾ ഭർത്താവിനെ വക വരുത്തുക കൂടി ചെയ്യുന്നതോടെ അവൾ തീർത്തും നിസ്സഹായയായി. മരണത്തെ മുന്നിൽ കണ്ട അമ്മയുടെ മുന്നിൽ മക്കളുടെ ഭാവി ചോദ്യ ചിഹ്നമാകുന്നു. താൻ മരണമടഞ്ഞാൽ മക്കൾ അനാഥരായി മാറുമെന്ന തിരിച്ചറിവിൽ ആ അമ്മ വേദനയോടെ മക്കളെ ആർക്കെങ്കിലുമൊക്കെ വളർത്താൻ കൊടുക്കാനായി തീരുമാനിക്കുന്നു. അപ്പോഴും ഒരു പ്രശ്നം. അംഗ വൈകല്യമുള്ള കുട്ടിയെ മാത്രം ആരും ദത്തെടുക്കാൻ തയ്യാറായില്ല. തീരാത്ത നൊമ്പരത്തോടെ ഒടുവിൽ അവൾ മരണത്തിനു മുന്നിൽ പരാജയം സമ്മതിച്ചു.
         കേരളത്തിലെ തിയേറ്ററുകളെ കണ്ണീർ പുഴയാക്കാൻ ആകാശദൂതിനു സാധിച്ചു. സ്ത്രീകൾ മാത്രമല്ല പുരുഷന്മാരും  ആനിയുടെ ദുഃഖം തിയേറ്ററുകളിൽ ഏറ്റു  വാങ്ങിയതായി സംവിധായകൻ സിബി മലയിൽ.             "ആകാശദൂത് വിജയിച്ചതിനു പിന്നിലെ കാരണം അതൊരു ഫാമിലി സെന്റിമെന്റ്സ് ആയതുകൊണ്ടാണ്."
        " ഒരു ഹൈ വോൾട്ടേജ് സെന്റിമെന്റ്സ് കഥയെഴുതി. പ്രേക്ഷകർ  അത് സ്വീകരിച്ചു .ആനിയുടെ കഥ പറയാൻ പറ്റിയത് കൃസ്ത്യൻ പശ്ചാത്തലമായിരുന്നു.അതുകൊണ്ട് ആനി കൃസ്ത്യാനിയായി." തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫ് .
     ആകാശദൂത് തിയേറ്ററുകളിലെത്തിയപ്പോൾ പ്രേക്ഷകർ ആനിക്ക് നൽകിയ ഹൃദയം നിറഞ്ഞ അംഗീകാരം കണ്ടപ്പോൾ ആ വേഷം വേണ്ടെന്ന് തീരുമാനിച്ചത് തെറ്റായി പോയെന്ന് ചില നടിമാരെങ്കിലും വേദനയോടെ ഓർത്തിട്ടുണ്ടാവും....

  
( കുറിപ്പ് : 2004 ഡിസംബറിൽ കന്യക ദൈവാരികയിൽ സബ് എഡിറ്ററായി ജോലി നോക്കുമ്പോൾ ക്രിസ്മസ് പതിപ്പിനായി ഞാൻ അടുപ്പത്തോടെ നായർജി എന്ന് വിളിക്കുന്ന  എഡിറ്റർ ശ്രീ. എ. ചന്ദ്രശേഖറിന്റെ നിർദ്ദേശപ്രകാരം തയ്യാറാക്കിയ ലേഖനത്തിൽ നിന്ന്.)

No comments:

Post a Comment