Monday, 2 November 2020

മഞ്ഞു പോലെ അവൾ : ഡൊറോത്തി 

രേഷ്മയുടെ കഥ,
ഡൊറോത്തിയുടെയും...


രേഷ്മയെ ഓർമ്മയില്ലേ...?

            പുലർ കാലത്തിലെ സുന്ദര സ്വപ്നങ്ങളിൽ പൂമ്പാറ്റയായി മാറി മണ്ണിലും വിണ്ണിലും വർണ്ണച്ചിറകുകളുമായി പാറി പറക്കാൻ അവൾ മോഹിച്ചിരുന്നു... 

                              എൺപതുകളുടെ അവസാനകാലം. ക്യാംപസുകൾക്ക് അവളേറെ പ്രിയങ്കരിയായിരുന്നു.  അവൾ ഒരു മേയ്മാസപ്പുലരിയിലെ കുസൃതിക്കാരിയും തന്റേടിയുമായ നായിക. പരിചയക്കാർക്കെല്ലാം അവൾ പ്രിയപ്പെട്ടവളായിരുന്നു. എന്നാൽ പെട്ടെന്നൊരു ദിവസം എല്ലാവരിലും ഞെട്ടൽ നിറച്ചുകൊണ്ട് അവൾ ആത്മഹത്യ ചെയ്തു.  രേഷ്മയുടെ ആത്മഹത്യയുടെ കാരണങ്ങൾ അന്വേഷിക്കുകയായിരുന്നു ഒരു മേയ്മാസപ്പുലരിയിലൂടെ സംവിധായകൻ വി.ആർ.ഗോപിനാഥും കഥാകൃത്ത് രഞ്ജിത്തും.  
                             രേഷ്മയുടെ സ്വത്വം തേടിയുള്ള യാത്ര ജീവിതവും സിനിമയും തമ്മിലുള്ള അതിർവരമ്പുകൾ ഇല്ലാതാകുന്ന ഒരിടത്ത് നമ്മെ എത്തിക്കുന്നു. അവിടെ ഡൊറോത്തി എന്ന ഒരു പെൺകുട്ടിയുടെ ചിത്രം നമുക്ക് മുന്നിൽ തെളിയുന്നു. 



പേര് : ഡൊറോത്തി എം. റോയ് 
ജനനം : 1956  ജനുവരി 27 
മരണം : 1979 ആഗസ്റ്റ് 17 

ഇപ്പോൾ നമുക്ക് കേൾക്കാനാവുന്നുണ്ട് മറ്റൊരു ഗാനം. ... "എന്റെയുള്ളിലെ ആശകൾ മുഴുവൻ അറിയുന്നവനല്ലേ ...
ഉള്ളലിവുള്ളോനല്ലേ...."

                            കോഴിക്കോട് ചെറൂട്ടി റോഡിൽ റോയ് വില്ലയിലെ ഈ പെൺകുട്ടി ഒരു കാലത്ത് നാടിന്റെ പ്രസരിപ്പായിരുന്നു. ഒരു പ്രണയത്തിന്റെ അവസാനം അവൾ നീണ്ടു പോകുന്ന രണ്ടു തീവണ്ടിപ്പാളങ്ങൾക്കിടയിൽ തന്റെ ജീവിതം നാടകീയമായി ഉപേക്ഷിച്ചു. എല്ലാവരിലും തീവ്ര വേദന നിറച്ച് കൊണ്ട്.

                           പത്രത്തിൽ വന്ന ഡൊറോത്തിയുടെ മരണ വാർത്തയും സുഹൃത്തുക്കളിൽ നിന്നു ലഭിച്ച അറിവുകളും ചേർത്ത് വച്ചാണ് രഞ്ജിത്ത് ഒരു മെയ്മാസപുലരിയുടെ കഥ വികസിപ്പിച്ചെടുത്തത്. അല്പം ബുദ്ധി ജീവി നാട്യമുള്ള രേഷ്മയുടെ സുഹൃത്തിനെക്കുറിച്ചുള്ള   (നടൻ മുരളി അവതരിപ്പിച്ച  കഥാപാത്രം ) അന്വേഷണം നമ്മളെ ശ്രീകുമാറിൽ  എത്തിക്കുന്നു.ഡൊറോത്തി ആത്മഹത്യ ചെയ്തുവെന്ന് വിശ്വസിക്കാൻ ഇനിയും ശ്രീകുമാറിന് സാധിച്ചിട്ടില്ല.  



                        ശ്രീകുമാർ സെല്ലുലോയ്ഡിൽ കണ്ടത് വെറും സിനിമ ആയിരുന്നില്ല. സ്വന്തം ജീവിതമായിരുന്നു. ഇന്നലെകളിൽ താൻ സഞ്ചരിച്ച ജീവിത പാതകൾ സിനിമയിൽ കണ്ടപ്പോൾ കണ്ണ് നനയാതിരിക്കാൻ ശ്രീകുമാർ പലവട്ടം ശ്രമിച്ചു. എന്നിട്ടും കവിൾ നനയുന്നത് അയാൾ ഗദ്ഗദത്തോടെ തിരിച്ചറിഞ്ഞു.  തിയേറ്ററിലെ  ഇരുളിൽ ഒറ്റക്കിരുന്നപ്പോൾ ശ്രീകുമാർ കണ്ടതും തിരിച്ചറിഞ്ഞതും  രേഷ്മയെ ആയിരുന്നില്ല; ഡൊറോത്തി എന്ന കൂട്ടുകാരിയെയായിരുന്നു.
     തിയേറ്ററിൽ ശ്രീകുമാറിന്റെ തൊട്ടരികിലെ  സീറ്റിൽ ഡൊറോത്തി ഉണ്ടായിരുന്നില്ല. അവൾ അന്ന് അയാൾക്ക് കാണാനാകാത്തത്രയും അകലത്തായിരുന്നു. എന്നിട്ടും  തൊട്ടരികിൽ ശ്രീകുമാർ അവളുടെ തേങ്ങലുകൾ അനുഭവിച്ചറിഞ്ഞു. സ്‌ക്രീനിൽ രേഷ്മ ചിരിച്ചപ്പോൾ അയാളുടെ ഓർമ്മകളിൽ ഡൊറോത്തി ചിരിച്ചു, അവൾ കരഞ്ഞപ്പോൾ ഡൊറോത്തിയും. ഒടുവിൽ രേഷ്മ മരണത്തെ സ്വയം വരിച്ചപ്പോൾ ഉള്ളുരുകി, നെഞ്ചു പിടഞ്ഞു അയാൾ......   
"എന്റെയുള്ളിലെ ആശകൾ മുഴുവൻ അറിയുന്നവനല്ലേ ...
ഉള്ളലിവുള്ളോനല്ലേ...." 

                ഈ വരികൾ എത്ര ശ്രമിച്ചാലും ശ്രീകുമാറിന് മരണം വരെ മറക്കാനാവില്ല. അതൊരു ഓർമ്മയാണ്. സ്നേഹത്തിന്റെ, സൗഹൃദത്തിന്റെ, സ്വകാര്യമായി ഹൃദയത്തിൽ സൂക്ഷിച്ച പ്രണയത്തിന്റെ നിറം മങ്ങാത്ത ഓർമ്മ... യേശു ദേവനെക്കുറിച്ചുള്ള ഈ ഗാനം സൗഹൃദത്തിന്റെ നിമിഷങ്ങളിൽ ഡൊറോത്തി പാടിയിരുന്നത് ശ്രീയെക്കുറിച്ചായിരുന്നു.

                                  തുടക്കത്തിൽ ഡൊറോത്തിയും ശ്രീകുമാറും അടുത്ത സുഹൃത്തുക്കളായിരുന്നു. പിന്നീടെപ്പോഴോ ശ്രീകുമാറിന്റെ മനസ്സിൽ സൗഹൃദം പ്രണയമായി.  "ഡൊറോത്തിക്കു മറ്റൊരു പ്രണയമുണ്ടായിരുന്നു .  ഒരു ഫുടബോൾ  പ്ലെയർ..." ശ്രീകുമാർ ഓർമ്മിക്കുന്നു. 

                               സിനിമയിൽ ശാരിയാണ് ഡൊറോത്തിയായത്; മുരളി ശ്രീകുമാറും. കോഴിക്കോട് ചെറൂട്ടി റോഡിൽ ഇന്ന് റോസ് വിലയില്ല. അതിന് എതിർവശത്ത് ശ്രീകുമാറിന്റെ വീടായ നിയതിയും. ആ സ്ഥാനത്തൊക്കെ   വലിയ കോൺക്രീറ്റ് കൊട്ടാരങ്ങളായി. കോഴിക്കോട് ഡൊറോത്തിയെന്ന  48 കാരി ഇന്ന്  ജീവിച്ചിരിപ്പില്ല.  അവൾ 23 വയസ്സിൽ വെറുമൊരു തമാശ പോലെ മരണത്തിനൊപ്പം യാത്രയായി. പക്ഷെ കോഴിക്കോടിന്റെ മണ്ണിൽ നിയതി ശ്രീകുമാറെന്ന നാല്പത്തത്തൊമ്പതുകാരൻ ഇന്നും ജീവിച്ചിരിക്കുന്നു. അയാളുടെ മനസ്സിൽ നിന്നിറങ്ങി പോകാൻ മടിച്ച് അവിടെ ഡൊറോത്തിയും...

                            സെയ്ന്റ് ജോസഫ്‌സ് ബോയ്സ് ഹൈസ്‌കൂളിലായിരുന്നു ശ്രീകുമാറിന്റെ  വിദ്യാഭ്യാസം.  മൂന്നു തവണ ഹൈസ്‌കൂൾ ലീഡർ.  മീഞ്ചന്ത ഗവ: ആർട്സ് ആൻഡ് സയൻസ് കോളേജിൽ കെ.എസ.യു.വിനെ പ്രതിനിധീകരിച്ചപ്പോഴും ശ്രീകുമാർ വിജയം  കണ്ടു. അച്ഛൻ ഉണ്ണികൃഷ്ണപിള്ള, അമ്മ ലക്ഷ്മി അമ്മാൾ.  ശ്രീകുമാറിന്റെ ബയോഡേറ്റ നമുക്കിങ്ങനെ വായിക്കാം. മാതൃഭൂമി സ്റ്റഡി സർക്കിളിന്റെ ആദ്യ സംഘാടകനും സംസ്ഥാന കൺവീനറും, ടെല്ലസ് ക്ലബ് പ്രസിഡന്റ്, യൂത്ത് കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി, വീക്ഷണം കോഴിക്കോട് ബ്യുറോയിൽ റിപ്പോർട്ടർ, ഇപ്പോൾ കാലിക്കറ്റ് ടൈംസിലും...  പതിനേഴാം വയസിൽ ഉത്തരേന്ത്യയും ദക്ഷിണേന്ത്യയും സന്ദർശിച്ച് യാത്രാ വിവരണം എഴുതി. പിന്നീട് എന്റെ കേരളത്തിന് വേണ്ടി രവീന്ദ്രനൊപ്പവും യാത്ര ചെയ്തു. കേരളത്തിലെ ഒട്ടുമിക്ക സാഹിത്യ സാംസ്കാരിക നായകന്മാരുമായും നല്ല ചങ്ങാത്തം.    

                        ഡൊറോത്തി പലപ്പോഴും ശ്രീകുമാറിന് ഗുരുവായിരുന്നു. കോളേജിൽ അയാൾക്ക് ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും അംഗീകാരവും വോട്ടും നേടികൊടുത്തത് അവളാണ്; അയാളെ യഥാർത്ഥ നേതാവാകാൻ പഠിപ്പിച്ചതും.
        "ഏതു സംഘത്തിലും ഡൊറോത്തി നേതാവായിരുന്നു. പരിചയക്കാർക്കെല്ലാം പ്രിയപ്പെട്ടവൾ. ചിരിച്ചു കൊണ്ടല്ലാതെ ആരും അവളെ കണ്ടിട്ടേയില്ല. ഒരു കുമ്പസാരക്കൂടിന്റെ മറ പോലും ഇല്ലാതെ എല്ലാം എനിക്കേറ്റു പറയാൻ അവളേ ഉണ്ടായിരുന്നുള്ളു. " ശ്രീകുമാർ ഇപ്പോൾ ഡൊറോത്തിക്കൊപ്പമാണ്. "എന്നാൽ അവളുടെ മനസിലെ വേദന കണ്ണുകളിൽ എത്തുമ്പോഴേക്കും ഒരു ചിരിയാവും. പിന്നെ എന്റെ തോളത്ത് ആഞ്ഞൊരിടിയാണ്. അവളുടെ മനസ്സിലെ വേദനയുടെ ആഴം ആ ഇടി കൊണ്ടാൽ മനസ്സിലാവും. പിന്നെ പെട്ടെന്നൊരു നിമിഷം കൊണ്ടവൾ പഴയതു പോലെ ആവും."  
              മലബാർ കൃസ്ത്യൻ കോളേജിൽ പഠിക്കുമ്പോൾ അവൾ വനിതാ ക്രിക്കറ്റ്  ടീമിലെ സജീവ സാന്നിധ്യമായിരുന്നു. കോഴിക്കോട് ഒരു ഫുടബോൾ ടൂർണമെന്റിൽ വച്ചാണ് അവൾ ആ ഫുടബോൾ കളിക്കാരനെ പരിചയപ്പെട്ടത്. സൗഹൃദം പെട്ടെന്ന് പ്രണയമായി. (സിനിമയിൽ അശോകൻ അവതരിപ്പിച്ച കഥാപാത്രം ക്രിക്കറ്റ് കളിക്കാരനായിരുന്നു. ഡൊറോത്തി അയാളെക്കുറിച്ചെല്ലാം ശ്രീകുമാറിനോട് പറഞ്ഞിരുന്നു. 
                      ഒരു ദിവസം ഡൊറോത്തി ശ്രീകുമാറിനെ കാണാനെത്തി. " നാളെ ഞാൻ അയാളെ കാണാമെന്നു പറഞ്ഞിട്ടുണ്ട്. എല്ലാം പറഞ്ഞവസാനിപ്പിക്കണം. എനിക്കയാൾ ശരിയാകില്ല. അത് കഴിഞ്ഞു നാളെ നിന്നെ കാണാൻ വരാം. എല്ലാം വിശദമായി പറയാം."  രാവിലെ 11  മണിക്ക് കാണാമെന്നു പറഞ്ഞാണ് അവൾ പോയത്.  അടുത്ത ദിവസം, അവൾ  വരും എന്ന് പറഞ്ഞിരുന്നതിനാൽ ശ്രീകുമാർ കോഴിക്കോട്ടെ ഒരു പത്ര സ്ഥാപനത്തിൽ കാത്തിരുന്നു. എന്നാൽ ശ്രീകുമാറിനെ തേടിയെത്തിയത്. ഡൊറോത്തിയുടെ മരണ വാർത്തയാണ്. 
        ശ്രീകുമാറിനെ കണ്ടു മടങ്ങിയ രാത്രിയിൽ അവൾ ഏറെ നേരം മുറിയിലിരുന്ന് ഏതൊക്കെയോ ദുഃഖ ഗാനങ്ങൾ പാടിയിരുന്നെന്ന് പിന്നീട് ജോലിക്കാരിൽ നിന്നറിഞ്ഞു.  പിറ്റേന്ന് നാലാം ഗേറ്റിലെ റയിൽവേ പാളത്തിനരികിൽ 15  മിനിട്ടോളം കാമുകനുമായി  അവൾ സംസാരിച്ചു നിന്നിരുന്നു. ട്രെയിൻ എഞ്ചിൻ പാഞ്ഞു വന്നപ്പോൾ അവൾ റയിൽവേ പാളത്തിലേക്കിറങ്ങി. 
                   പിന്നെ...
                   അതെല്ലം നമ്മൾ സിനിമയിലും കണ്ടു....
      തിരക്കഥയിൽ യാദൃച്ഛികമായി കൂട്ടി ചേർത്ത ചില സീനുകൾക്കും ഡൊറോത്തിയുടെ ജീവിതത്തോട് ബന്ധമുണ്ടായിരുന്നു. കോളേജ് ഹോസ്റ്റലിൽ വച്ച് ഒരു പെൺകുട്ടി ആത്മഹത്യക്കു ശ്രമിക്കുന്നതും രേഷ്മ അവളെ വഴക്കു പറയുന്നതുമായ രംഗം അത്തരത്തിൽ ഒന്നായിരുന്നു. സിനിമ റിലീസ് ചെയ്തു കഴിഞ്ഞപ്പോൾ ആ ഹോസ്റ്റലിൽ ഉണ്ടായിരുന്ന ഒരു പെൺകുട്ടിയിൽ നിന്ന് അത്തരം ഒരു സന്ദർഭം ഡൊറോത്തിയുടെ ജീവിതത്തിലും ഉണ്ടായിരുന്നതായി അറിഞ്ഞുവെന്നു സംവിധായകൻ വി.ആർ.ഗോപിനാഥ്. ഒരു പക്ഷേ തിരക്കഥ എഴുതുമ്പോൾ ഡൊറോത്തിയുടെ ആത്മാവ് എന്നോടൊപ്പം ഉണ്ടായിരുന്നിരിക്കണം. വി.ആർ.ഗോപിനാഥ് പറയുന്നു. 
   ഇന്നത്തെ സൂപ്പർ സംവിധായകനും തിരക്കഥാകൃത്തുമായ രഞ്ജിത്തിന്റേതാണ് മേയ്മാസപ്പുലരിയുടെ കഥ. സംവിധായകൻ വി.ആർ.ഗോപിനാഥ്.   ഗാന രചന പി.ഭാസ്കരൻ മാസ്റ്റർ , സംഗീതം രവീന്ദ്രൻമാഷ് . സന്തോഷ് ശിവനായിരുന്നു ഛായാഗ്രഹണം. 
  


                        ഡൊറോത്തി മരിച്ചിട്ടു  വർഷം  25  പിന്നിട്ടു. വർഷങ്ങൾക്കിപ്പുറവും ശ്രീകുമാർ ഡൊറോത്തിയെ ഏറെ സ്നേഹിക്കുന്നു. അതുകൊണ്ടു തന്നെ കൗമാരകാലത്ത് അവൾ കഥകൾ പറഞ്ഞു നടന്നിരുന്ന സെയ്ന്റ്: ജോസഫ് ചർച്ചിന് മുന്നിൽ അവളുടെ സ്മരണകളുമായി ശ്രീകുമാർ മുട്ടു കുത്തുന്നു. തന്റെ സുഹൃത്ത് ഉറങ്ങിക്കിടക്കുന്ന മണ്ണിൽ ഹൃദയ പുഷ്പങ്ങൾ സമർപ്പിക്കുന്നു. ആ നിമിഷം തന്നെ ചുറ്റിപ്പടരുന്ന കാറ്റിൽ അവളുടെ ആത്മാവിനെ അയാൾ തിരിച്ചറിയുന്നു. ഒരിക്കൽ ഗന്ധ രാജൻ പുഷ്പങ്ങൾ അയാൾക്ക് നൽകിയിട്ട് അവൾ പറഞ്ഞു "ഞാനില്ലാത്തപ്പോഴും ഈ പൂക്കളുടെ ഗന്ധത്തിൽ നിനക്കെന്നെ അറിയാം." അതെ ശ്രീകുമാർ ഇന്നും അവളെ അറിയുന്നുണ്ട്. അവളുടെ പാട്ടും ചിരിയും തമാശകളും കേൾക്കുന്നുണ്ട്.
            "എന്റെയുള്ളിലെ ആശകൾ മുഴുവൻ അറിയുന്നവനല്ലേ,
             ഉള്ളലിവുള്ളോനല്ലേ...."
                      ഇല്ല. അവൾ മരിച്ചിട്ടില്ല... ശ്രീകുമാർ പിറുപിറുത്തു. നമ്മുടെ മനസ്സും അത് തന്നെയല്ലേ ഏറ്റു പറയുന്നത്...

-സുപാ സുധാകരൻ 

[ജീവൻ ടി.വിക്കു വേണ്ടി 2002 ൽ തിരുവനന്തപുരത്തെ ntv നിർമ്മിച്ച ജീവിതം സിനിമ എന്ന പ്രോഗ്രാമിന് വേണ്ടി ഞാനെഴുതിയ സ്ക്രിപ്റ്റ്. രഞ്ജിയേട്ടൻ (രൺജി പണിക്കർ ) ആയിരുന്നു ആദ്യ എപ്പിസോഡുകളുടെ അവതാരകൻ.  അന്ന്  എൻ ടി വി യുടെ കോഴിക്കോട് റിപ്പോർട്ടറായിരുന്ന സജീവ് സി വാര്യരായിരുന്നു ശ്രീകുമാറിന്റെ  ഇന്റർവ്യൂ അവിടെ നിന്ന് ഷൂട്ട് ചെയ്തത്. ഈ സ്ക്രിപ്റ്റ്  പിന്നീട് ശ്രീ. എ. ചന്ദ്രശേഖർ എഡിറ്റർ ഇൻ ചാർജ്  ആയിരുന്നപ്പോൾ  രാഷ്ട്രദീപികസിനിമ വീക്കിലിയിൽ 2004  ഫെബ്രുവരിയിൽ പ്രസിദ്ധീകരിച്ചിരുന്നു. പിന്നീട് 2004  ഓഗസ്റ്റിൽ കന്യക ദൈവാരികയിൽ കുറച്ചു കൂടി അപ്ഡേഷനുകളുമായി  ഈ സ്റ്റോറി ഞാൻ മാറ്റി എഴുതി. അന്നും കോഴിക്കോട് നിന്ന് കൂടുതൽ വിവരങ്ങൾ ശേഖരിച്ച് നൽകി സഹായിച്ചത് സുഹൃത്ത് സജീവ് സി. വാര്യർ തന്നെയായിരുന്നു.  ജീവിതം സിനിമയുടെ സ്ക്രിപ്റ്റും കന്യകയിൽ എഴുതിയതും  കൂടി   ചേർത്ത് മാറ്റിയെഴുതിയതാണിത്.  2004  ഓഗസ്റ്റ്  മാസത്തിനു ശേഷമുള്ള വിവരങ്ങൾ ഒന്നും തന്നെ ഇതിൽ ഉൾക്കൊള്ളിച്ചിട്ടില്ല. 
നന്ദി: ജീവിതം സിനിമ എന്ന പ്രോഗ്രാമിന്റെ പ്രൊഡ്യൂസറായി അക്കാലത്ത് എന്നെ നിയോഗിച്ച എൻ.ടി.വി. ഡയറക്ടർ ലീൻ സാറിനോട്. (ശ്രീ.ലീൻ ബി. ജസ്മസിനോട്)]
#OruMeymasappulariyilMovie #ഒരുമെയ്മാസപ്പുലരിയിൽ 

   

 

No comments:

Post a Comment