Tuesday, 10 November 2020

തകരയും ചെല്ലപ്പനാശാരിയും 

        ഇവിടെയുണ്ട് അവർ;
അവർക്ക് പറയാനുണ്ട് ചിലത് 



        ഒരു കാലഘട്ടത്തിന്റെ  കൗമാര മനസ്സുകളിൽ സൗഹൃദത്തിന്റെ ദൃശ്യ സൗന്ദര്യം ചമച്ചവർ. മലയാളത്തിന്റെ ഗന്ധർവ സ്പർശമായിരുന്ന ഒരു കഥാകാരന്റെ സൃഷ്ടികൾ. 




            മുതുകുളം.
        പത്മരാജൻ തകരയെയും ചെല്ലപ്പനാശാരിയെയും കണ്ടെത്തിയത് ഇവിടുത്തെ ഗ്രാമവഴികളിൽ നിന്നാണ്. അവരിപ്പോഴും മുതുകുളത്തുണ്ട്. നാട്ടിടവഴികളിൽ ഇന്നും അവരുടെ പാദസ്പർശം ഏൽക്കുന്നുണ്ട്. ഗ്രാമത്തിലെ ഓരോ മുഖങ്ങൾക്കും അവർ പരിചിതരാണ്. പത്മരാജന്റെ നാടായ മുതുകുളത്തെ ഈ രണ്ടു കഥാപാത്രങ്ങൾ സിനിമയിൽ ചേക്കേറിയത് അവർക്കറിയാം ; നാട്ടുകാർക്കറിയാം.
        സിനിമയിലെ ചെറുപ്പം ജീവിത്തിലിന്ന് തകരക്കും ചെല്ലപ്പനാശാരിക്കും ഇല്ല. കാലം വാർദ്ധക്യത്തിന്റെ കൈവിരലുകളാൽ അവരെ തഴുകിത്തുടങ്ങിയിരിക്കുന്നു. സെല്ലുലോയ്ഡിൽ ഒരിക്കലും പ്രായമാകാത്ത ചിരഞ്ജീവികളായി നമ്മൾ കാണുന്ന രണ്ടു കഥാപാത്രങ്ങൾ. ജീവിതത്തിൽ യൗവനത്തിന്റെ നിറച്ചാർത്തും ആവേശവും ഇന്നവർക്കില്ല. കാലം അതൊക്കെ കവർന്നെടുത്തിരിക്കുന്നു. 


        മലയാള സിനിമയുടെ സുവർണ്ണ കാലഘട്ടത്തിന്റെ പ്രതിനിധികളാണവർ. തകരയെയും ചെല്ലപ്പനാശാരിയെയും മാറ്റി നിറുത്തി മലയാള സിനിമക്കൊരു ചരിത്രമെഴുതാനാവില്ല. പത്മരാജനെന്ന ചലച്ചിത്രകാരന്റെ ജീവിതത്തിലെ പ്രധാന വഴിത്തിരിവുകളായിരുന്നു ഈ രണ്ടു കഥാപാത്രങ്ങളും. 
        "ചെല്ലപ്പനാശാരിയല്ലേ...?"   എന്ന ചോദ്യത്തിന് മുന്നിൽ അയാൾ ഹൃദ്യമായി ചിരിച്ചു. പിന്നെ തിരുത്തി.  "ഞാൻ നാണുക്കുട്ടനാശാരി. ചെല്ലപ്പനാശാരിയെന്നത് സിനിമയിലെ പേരാണ്. " ബീഡിക്കറയേറ്റ പല്ലുകളിൽ അപ്പോഴും മാറാതെ നിന്നു ചിരി.
        പത്മരാജനെക്കുറിച്ച് ചോദിച്ചപ്പോൾ നാണുക്കുട്ടനാശാരിക്ക് ആവേശമായി. "ഞവരക്കലെ  കുഞ്ഞ് ചെറുപ്പത്തിലെന്നും ഇവിടെ വരുമായിരുന്നു. ഞങ്ങൾക്കൊപ്പം ഓരോരോ കഥകൾ പറഞ്ഞ് , എന്നും.... പിന്നീട് കുഞ്ഞ് കഥകൾ എഴുതാൻ തുടങ്ങിയപ്പോൾ ഈ നാട്ടിലെ പലരും കഥാപാത്രങ്ങളായി. ഒപ്പം ഞാനും. ഒടുവിൽ ഞങ്ങളുടെ കഥ സിനിമയിൽ വരെയെത്തി. "
        നാണുക്കുട്ടനാശാരി പറഞ്ഞതൊക്കെയും ശരി വച്ച് കൊണ്ട് ജീവിതത്തിലെ തകര പകുതി വലിച്ചു തീർത്ത ബീഡിയുമായി മുതുകുളത്തെ പീടിക വരാന്തയിൽ ഞങ്ങൾക്കു മുന്നിലിരുന്നു. സിനിമയിലെ പോലെ ജീവിതത്തിലും അയാൾ നിഷ്കളങ്കനാണ്. സിനിമയിൽ തകരയുടെ വേഷമിട്ടത് പ്രതാപ് പോത്തനായിരുന്നു. ചെല്ലപ്പനാശാരി നെടുമുടി വേണുവും. തിയേറ്ററിൽ ചെന്ന് പലവട്ടം തകരയാ സിനിമ കണ്ടത്രേ. നാണുക്കുട്ടനാശാരി ആ സിനിമ കണ്ടിട്ടില്ലെന്നാണ് ഞങ്ങളോട് പറഞ്ഞത്. സിനിമ കണ്ട മുതുകുളത്തുകാർ അയാളോട് ചോദിച്ചു, "പത്മരാജൻ നിങ്ങളുടെ കഥ സിനിമയാക്കിയിട്ടുണ്ട്. കാണാൻ പോകുന്നില്ലേ? " അയാൾ മറുപടി പറഞ്ഞില്ല. 
        ജീവിതത്തിൽ നിന്ന് സിനിമയിലേക്ക് അവരെ അപ്പാടെ പറിച്ചു വക്കുകയായിരുന്നില്ല പത്മരാജൻ. അതുകൊണ്ടു തന്നെ ഇവർക്കും സിനിമക്കും ഇടയിൽ ഒരല്പം ദൂരക്കൂടുതലുണ്ട്.
        തകരയും ചെല്ലപ്പനാശാരിയും ഇപ്പോഴും സുഹൃത്തുക്കളാണ്.                              "ചെല്ലപ്പനാശാരിക്ക് സിനിമയിൽ ഒരു വില്ലൻ ടച്ചുണ്ടല്ലോ? നാണുക്കുട്ടനാശാരി എങ്ങനെയാ ? ജീവിതത്തിൽ വില്ലനാണോ?"  
        "പത്മരാജൻ കുഞ്ഞ് സിനിമയിൽ കുറെ മാറ്റം വരുത്തിയിട്ടുണ്ട് ഞങ്ങളുടെ കഥ. അതു സിനിമയല്ലേ.... "
        ഇപ്പോഴും ഇവർക്ക് പത്മരാജനെന്ന നാട്ടുകാരനോട്, കഥാകാരനോട്, സംവിധായകനോട് കടുത്ത ആരാധനയാണ്. അദ്ദേഹത്തിന്റെ മരണത്തെക്കുറിച്ച് ചോദിച്ചപ്പോൾ ഉറ്റബന്ധുക്കളാരോ നഷ്ടപ്പെട്ട വേദന അവരുടെ മുഖത്ത് നിറഞ്ഞു. 
        "തകര ജീവിതത്തിൽ ആരെയെങ്കിലും സ്നേഹിച്ചിട്ടുണ്ടോ? സിനിമയിൽ കണ്ടതു  പോലെ." ഇല്ലെന്നയാൾ തലയാട്ടി.
        ഗ്രാമത്തിൽ കണ്ട ചില മുഖങ്ങൾക്ക് മനസ്സിൽ നിന്നിറങ്ങിപ്പോകാൻ മടിക്കുന്ന ചമയങ്ങൾ നൽകി പത്മരാജൻ തന്റെ പല സിനിമകളിലും അവതരിപ്പിച്ചിട്ടുണ്ട്. അത് മുതുകുളത്തുകാർക്ക് അറിയാം. അതുകൊണ്ടു തന്നെ പത്മരാജൻ സിനിമകൾ എല്ലാം മുതുകുളത്തുകാർക്ക് ഏറെ ഇഷ്ടമാണ്.  


        1979 സെപ്റ്റംബറിലാണ് തകര റിലീസ് ചെയ്തത്.  സംവിധാനം ഭരതൻ. നടി സുരേഖയാണ് സുഭാഷിണി എന്ന നായികാ കഥാപാത്രത്തെ അവതരിപ്പിച്ചത്.
        ഗന്ധർവ നിയോഗത്തിന്റെ അന്ത്യയാമത്തിൽ നിഗൂഢമായൊരു ലോകത്തേക്ക് കഥാകാരൻ മടങ്ങിപ്പോയികഴിഞ്ഞിരിക്കുന്നു. അതിനു ശേഷം വർഷങ്ങൾ കടന്നു പോയി. എന്നാൽ കഥാപാത്രങ്ങൾ ഇപ്പോഴും സഞ്ചരിച്ചു കൊണ്ടിരിക്കുന്നു. സെല്ലുലോയ്ഡിൽ,  ഇരുളിലും വെളിച്ചത്തിലുമായി... ജീവിതത്തിന്റെ നാട്ടിടവഴികളിലൂടെ...  

 -സുപാ സുധാകരൻ  


[ജീവൻ ടി.വിക്കു വേണ്ടി 2002 ൽ തിരുവനന്തപുരത്തെ ntv നിർമ്മിച്ച ജീവിതം സിനിമ എന്ന പ്രോഗ്രാമിന് വേണ്ടി ഞാനെഴുതിയ സ്ക്രിപ്റ്റ്.  രഞ്ജിയേട്ടനായിരുന്നു  (രഞ്ജി പണിക്കർ) ജീവിതം സിനിമയുടെ അവതാരകൻ.  ഇതു പിന്നീട് ശ്രീ. എ. ചന്ദ്രശേഖർ എഡിറ്റർ ഇൻ ചാർജ് ആയിരുന്നപ്പോൾ  രാഷ്ട്ര ദീപിക സിനിമ വീക്കിലിയിൽ  2004  മാർച്ചിൽ പ്രസിദ്ധീകരിച്ചിരുന്നു.  നന്ദി: ജീവിതം സിനിമ എന്ന പ്രോഗ്രാമിന്റെ പ്രൊഡ്യൂസറായി അക്കാലത്ത് എന്നെ നിയോഗിച്ച എൻ.ടി.വി. ഡയറക്ടർ ലീൻ സാറിനോട്. (ശ്രീ.ലീൻ ബി. ജസ്മസിനോട്)]

No comments:

Post a Comment