Monday, 16 November 2020

 ദുരൂഹതകൾ ഇന്നും അവസാനിക്കാതെ സിസ്റ്റർ അഭയയുടെ മരണം...

     
ക്രൈം ഫയൽ


 1992  മാർച്ച് 27 .

        കോട്ടയത്തെ പയസ് ടെൻത് കോൺവെൻറ് .
        ഹോസ്റ്റലിലെ കിണറ്റിൽ സിസ്റ്റർ അഭയയുടെ ജഡം കണ്ടെത്തിയത് വാർത്തകളിലിടം പിടിക്കുന്നു. സിസ്റ്റർ അഭയയുടെ മരണം ആത്മഹത്യ ആണെന്നും കൊലപാതകമാണെന്നും വാദങ്ങളുയർന്നു. കേസന്വേഷണം ലോക്കൽ പോലീസിൽ നിന്ന് ക്രൈം ബ്രാഞ്ചും പിന്നീട് സി.ബി.ഐയും ഏറ്റെടുത്തു. സിസ്റ്റർ അഭയയും പയസ് ടെൻത് കോൺവെന്റും ഏറെക്കാലം മാധ്യമങ്ങളിൽ നിറഞ്ഞു നിന്നു. വർഷങ്ങൾ പലതും കടന്നു പോയിട്ടും ഇന്നും സിസ്റ്റർ അഭയയുടെ മരണത്തിലെ ദുരൂഹതകൾ അവസാനിച്ചിട്ടില്ല. ഇത് ഫ്ലാഷ് ബാക്ക്....   




        1999  ഒക്ടോബർ 25 
        ഏറെ വിവാദം സൃഷ്ടിച്ച സിസ്റ്റർ അഭയയുടെ മരണത്തെ ആധാരമാക്കി ഒരു ചലച്ചിത്രം തിയേറ്ററുകളിലെത്തി. അഭയയുടെ മരണം ആത്മഹത്യയാണെന്നും കൊലപാതകമാണെന്നുമുള്ള രണ്ടു വാദഗതികൾക്ക്, സംഭവം നടന്ന് ഏഴു വർഷത്തിനു ശേഷവും ഉത്തരം കണ്ടെത്തുന്നതിൽ അന്വേഷണ ഉദ്യോഗസ്ഥർ പരാജയപ്പെട്ടപ്പോഴാണ് ക്രൈം ഫയൽ എന്ന ചലച്ചിത്രത്തിന്റെ സാധ്യതകൾ കെ.മധു - എ.കെ.സാജൻ - എ.കെ.സന്തോഷ് കൂട്ടുകെട്ടിന്റെ ശ്രദ്ധയിൽ പെട്ടത്. 
        പത്രവാർത്തകളുടെ സഹായത്തോടെ സ്വതന്ത്രമായ ഒരു അന്വേഷണത്തിന് തിരക്കഥാകൃത്തുക്കളായ സാജനും സന്തോഷും ഇറങ്ങിത്തിരിച്ചു. സിസ്റ്റർ അഭയയുടെ മരണത്തിനു പിന്നിലെ ദുരൂഹതകൾ മറ നീക്കി പുറത്തു വരണമെന്നാഗ്രഹിച്ച നാട്ടുകാരുടെ പൂർണ്ണ സഹകരണവും അവർക്കുണ്ടായി.
        തിരക്കഥ രചന പുരോഗമിക്കുന്നതിനിടെ മറ്റൊരു സാങ്കേതിക പ്രശ്നം ഉയർന്നു വന്നു. കേസന്വേഷണം പൂർത്തിയാകാതെ കോടതിയുടെ പരിഗണനയിലുള്ള  ഒരു സംഭവം സിനിമയാക്കുന്നത് അന്വേഷണത്തെ ബാധിക്കും എന്നതായിരുന്നു സാജനും സന്തോഷും നേരിട്ട പ്രശ്നം.  അങ്ങനെ കഥയിൽ ചില മാറ്റങ്ങൾ വരുത്താൻ തിരക്കഥാകൃത്തുക്കൾ തീരുമാനിച്ചു.  



        സിനിമയിലെ കഥാപാത്രത്തിന്   സിസ്റ്റർ അഭയയുമായി  തോന്നാവുന്ന  ചില സാദൃശ്യങ്ങൾ  ഒഴിവാക്കുകയായിരുന്നു അത്. എങ്കിലും സിസ്റ്റർ അഭയയുടെ പേരുമായി സാമ്യമുള്ള ഒരു പേര് തന്നെ ക്രൈം ഫയൽ എന്ന സിനിമയിലെ കഥാപാത്രത്തിനും നൽകി. സിസ്റ്റർ അമല. 
        സിനിമയിൽ സംഗീത അവതരിപ്പിച്ച സിസ്റ്റർ അമല അഭിഭാഷകയായിരുന്നുവെങ്കിൽ  ജീവിതത്തിൽ സിസ്റ്റർ അഭയ പ്രീഡിഗ്രി വിദ്യാർത്ഥിനിയായിരുന്നു. അഭയയുടെ മരണത്തിലെ പ്രധാന ഗതിവിഗതികളൊക്കെ സിനിമയിലും കഴിയുന്നത്ര ഉൾപ്പെടുത്തിയതായി തിരക്കഥാകൃത്തുക്കളായ സാജനും സന്തോഷും... 
        സിസ്റ്റർ അഭയയുടെ കൊലപാതകം തെളിയിക്കാൻ കഴിയാതെ യഥാർത്ഥ ജീവിതത്തിൽ അന്വേഷണ ഉദ്യോഗസ്ഥർ ഇരുട്ടിൽ തപ്പിയപ്പോൾ സിനിമയിൽ സിസ്റ്റർ അഭയയുടെ കൊലപാതകിയായി  ജീവിതവുമായി ബന്ധമില്ലാത്ത ഒരു കഥാപാത്രത്തെ കൊണ്ട് വരേണ്ടി വന്നു. ആ കഥാപാത്രം ആയിരുന്നു കാളിയാർ പത്രോസ് വൈദ്യൻ. 
         സിസ്റ്റർ അഭയ വെള്ളത്തിൽ വീണപ്പോൾ ജീവനുണ്ടായിരുന്നു എന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ട് സിനിമയിൽ നാടകീയമായ ഒരു വഴിത്തിരിവോടെ ചിത്രീകരിച്ചു.
         കെ.മധു ആയിരുന്നു സിനിമയുടെ സംവിധായകൻ.  പ്രേക്ഷകരിൽ അവസാനം വരെയും  സസ്പെൻസ് നിലനിറുത്തുന്ന തിരക്കഥയും സംവിധാന രീതിയുമായിരുന്നു ക്രൈം ഫയലിന്റെ സവിശേഷത... അന്വേഷണ ഉദ്യോഗസ്ഥനായ ഈശോ പണിക്കർ ഐ.പി.എസ് ആയി സുരേഷ്‌ഗോപി പ്രേക്ഷകരുടെ കയ്യടി നേടി. ജനങ്ങളുടെ മനസ്സിലുള്ള സംശയങ്ങൾ പലതും തിരശീലയിലെ കഥാപാത്രങ്ങൾ വിളിച്ചു പറയുന്നത് കേട്ടപ്പോൾ ജനങ്ങൾക്കും ആവേശമായി. സുരേഷ്ഗോപിക്കും സംഗീതക്കും പുറമേ വിജയരാഘവൻ, ജനാർദ്ദനൻ, സിദ്ധിഖ്, രാജൻ പി ദേവ്, എൻ.എഫ്.വർഗീസ് തുടങ്ങിയവരായിരുന്നു മറ്റു പ്രധാന അഭിനേതാക്കൾ.  
        അഭയക്കേസിന്റെ ക്രൈം ഫയൽ ഇന്നും പൂർത്തിയാവാതെ അവശേഷിക്കുന്നു, വിചാരണക്കും വിധിക്കും മുൻപേ ഈ കേസിന്റെ നാടകീയമായ മറ്റൊരു അന്തിമവിധി നാം സെല്ലുലോയ്ഡിൽ കണ്ടു.  പക്ഷേ ,  സിസ്റ്റർ അഭയയുടെ ആത്മാവിന് നീതി കിട്ടുക ഇനി  എന്ന്?
         ആ ചോദ്യം ഇനിയും അവശേഷിക്കുന്നു, സിനിമ കണ്ടിറങ്ങിയ ഓരോരുത്തരുടെയും മനസ്സിൽ, വർഷങ്ങൾക്കിപ്പുറവും...
 

                                                                                           -സുപാ സുധാകരൻ  


[ജീവൻ ടി.വിക്കു വേണ്ടി 2002 ൽ തിരുവനന്തപുരത്തെ ntv നിർമ്മിച്ച ജീവിതം സിനിമ എന്ന പ്രോഗ്രാമിന് വേണ്ടി ഞാനെഴുതിയ സ്ക്രിപ്റ്റ്.  രഞ്ജിയേട്ടനായിരുന്നു  (രഞ്ജി പണിക്കർ) ജീവിതം സിനിമയുടെ അവതാരകൻ.  ഇതു പിന്നീട് ശ്രീ. എ. ചന്ദ്രശേഖർ എഡിറ്റർ ഇൻ ചാർജ് ആയിരുന്നപ്പോൾ  രാഷ്ട്ര ദീപിക സിനിമ വീക്കിലിയിൽ  2004  മാർച്ചിൽ പ്രസിദ്ധീകരിച്ചിരുന്നു.  നന്ദി: ജീവിതം സിനിമ എന്ന പ്രോഗ്രാമിന്റെ പ്രൊഡ്യൂസറായി അക്കാലത്ത് എന്നെ നിയോഗിച്ച എൻ.ടി.വി. ഡയറക്ടർ ലീൻ സാറിനോട്. (ശ്രീ.ലീൻ ബി. ജസ്മസിനോട്)]

No comments:

Post a Comment