Tuesday, 24 November 2020

നടി  ശോഭ ആത്മഹത്യ ചെയ്തതെന്തിന് ?

ലേഖയുടെ മരണം

 ഒരു ഫ്‌ളാഷ് ബാക്ക്     



1980 മെയ് 3 
        മങ്ങിയ പ്രകാശം വീണു തുടങ്ങിയ നാട്ടിടവഴിയിലേക്ക് പുലർച്ചെ പത്രക്കാരന്റെ കടന്നു വരവ് പതിവ് പോലെ ആയിരുന്നു. പക്ഷേ... അയാൾ വീശിയെറിഞ്ഞ ദിനപത്രത്തിൽ കേരളത്തിലെ സിനിമാസ്വാദകരെ ഞെട്ടിക്കാൻ പോന്ന ഒരു വാർത്തയുണ്ടായിരുന്നു. ഉർവശി ശോഭ തൂങ്ങി മരിച്ചു.
        വാർത്തയിലൂടെ കണ്ണോടിച്ച വായനക്കാരൻ ഒരു നിമിഷമെങ്കിലും തരിച്ചിരുന്നിരിക്കണം. കാരണം മലയാള സിനിമക്ക് ശാലീനമായ സ്ത്രീത്വത്തിന്റെ മുഖഭാവം സമ്മാനിച്ചതിലൂടെ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായിരുന്നു അക്കാലത്ത് ശോഭ എന്ന നടി.
        നടി പ്രേമയുടെ മകൾ ശോഭ 1966 ലാണ് സിനിമയിലെത്തുന്നത്. തട്ടുങ്കൾ തുറക്കപ്പെടും ആയിരുന്നു ആദ്യ ചിത്രം. പിന്നീട് ഛായാഗ്രാഹകനും സംവിധായകനുമായ ബാലുമഹേന്ദ്രയുമായി പ്രണയത്തിലായി. വീട്ടുകാരുടെ എതിർപ്പുകൾ വകവെക്കാതെ അച്ഛനാവാൻ പ്രായമുള്ള ബാലുവിനെ വിവാഹം കഴിച്ച ശോഭ രണ്ടു മാസത്തെ ദാമ്പത്യത്തിനു ശേഷം, ഉർവശി അവാർഡ് കിട്ടി ദിവസങ്ങൾക്കു ശേഷം, ആത്മഹത്യ ചെയ്തു,
        കുട്ടിക്കാലം മുതൽ ശോഭ അങ്കിൾ എന്നാണ് ബാലുമഹേന്ദ്രയെ വിളിച്ചിരുന്നത്. വിവാഹ ശേഷവും  അതു തുടർന്നു. ശോഭയുടേത് എന്ന് കരുതപ്പെടുന്ന ആത്മഹത്യാക്കുറിപ്പിൽ, അങ്കിൾ എനിക്ക് മാപ്പു തരൂ. ഞാൻ ദുഖിക്കുന്നു. എന്റെ മരണത്തിനുത്തരവാദി ഞാൻ മാത്രമാണ് എന്ന് ഇംഗ്ലീഷിൽ എഴുതിയിരുന്നു. 
 



1983 
        ശോഭയുടെ കഥയെ ആധാരമാക്കി ഒരു ചലച്ചിത്രം തിയേറ്ററുകളിലെത്തി. യവനികക്ക് ശേഷം കെ.ജി.ജോർജ്ജ് സംവിധാനം ചെയ്ത ലേഖയുടെ മരണം ഒരു ഫ്ലാഷ്ബാക്ക് ശോഭയുടെ അറിയപ്പെടാത്ത പല രഹസ്യങ്ങളും പുറത്തുകൊണ്ടു വന്നു. ഒപ്പം, സിനിമാരംഗത്തെ പല ചതിക്കുഴികളും അന്തർനാടകങ്ങളും ഈ സിനിമ മലയാളിയോട് തുറന്നു പറഞ്ഞു.
        ശോഭയുടെ ജീവിത കഥ ഏറെക്കൂറെ നന്നായി അറിയാവുന്ന ആളായിരുന്നു സംവിധായകൻ കെ.ജി.ജോർജ്ജ്. സിലോണിൽ ഏരിയൽ ഫോട്ടോഗ്രാഫി ചെയ്തു കൊണ്ടിരുന്ന ബാലു മഹേന്ദ്രയെ പൂന  ഫിലിം   ഇൻസ്റ്റിറ്റ്യൂട്ടിൽ ഛായാഗ്രഹണം പഠിക്കാനെത്തിയ കാലം മുതലേ ജോർജ്ജിന് പരിചയമുണ്ട്.  ജോർജ്ജിന്റെ ഉൾക്കടൽ എന്ന ചിത്രത്തിൽ ശോഭ നായികയും ബാലുമഹേന്ദ്ര ഛായാഗ്രാഹകനുമായിരുന്നു. ഉൾക്കടലിന്റെ ലൊക്കേഷനിൽ വച്ചാണ് ഇരുവരുടെയും പ്രണയം ശക്തമായത്. ഇതൊക്കെ ഇതേ രീതിയിൽ തന്നെ ലേഖയുടെ മരണം ഒരു ഫ്ലാഷ്ബാക്ക് എന്ന സിനിമയിൽ അവതരിപ്പിക്കുന്നുണ്ട്. ഇടവേള എന്ന സിനിമയിലൂടെ മോഹൻ പരിചയപ്പെടുത്തിയ നളിനി എന്ന നടിയാണ് സിനിമയിൽ നായികയായത്. ശോഭയുടെ ആത്മാംശം ഉൾക്കൊണ്ട്  ലേഖ എന്ന കഥാപാത്രത്തെ അവതരിപ്പിക്കാൻ നളിനിക്കായി. ഭരത് ഗോപി, ബാലുമഹേന്ദ്രയുടെ ഛായയുള്ള സംവിധായക കഥാപാത്രത്തെയും ശുഭ എന്ന നടി ശോഭയുടെ അമ്മയുടെ വേഷവും ചെയ്തു. ബാലു മഹേന്ദ്രയുടെ ട്രേഡ് മാർക്ക് എന്ന് വിശേഷിക്കപ്പെട്ടിരുന്ന തൊപ്പി പോലും സിനിമയിൽ ഭരത് ഗോപിക്ക് നൽകാൻ സംവിധായകൻ ശ്രദ്ധിച്ചിരുന്നു. 



        "പെൺകുട്ടികളെ സിനിമയിലെത്തിക്കാൻ പലപ്പോഴും മുൻകൈ എടുക്കുന്നത് അവരുടെ അമ്മമാരാണ്. അതിനായി എന്ത് വിട്ടുവീഴ്ചക്കും അവർ തയ്യാറാവുന്നു..." സംവിധായകൻ കെ.ജി.ജോർജ്ജ് പറഞ്ഞു. "ലേഖയെ അഭിനേത്രിയാക്കാൻ സിനിമയിൽ ലേഖയുടെ അമ്മക്കും ഇത്തരം നിരവധി വിട്ടുവീഴ്ചകൾക്ക് തയ്യാറാവേണ്ടി വരുന്നു. ഒരു ഘട്ടത്തിൽ ലേഖയുടെ അച്ഛൻ ഇതിനെ എതിർത്ത് മദിരാശിയിൽ നിന്ന് മടങ്ങി പോകുന്നുണ്ട്.ഒടുവിൽ ലേഖ പ്രശസ്തയായ നടിയായിത്തീരുന്നു. ഇതൊക്കെ തന്നെയാണ് ശോഭയുടെ ജീവിതത്തിലും സംഭവിച്ചത്."
        സിനിമാ രംഗത്തെ ചില യഥാർത്ഥ മുഖങ്ങൾ അതേ പേരിൽ തന്നെ ലേഖയുടെ മരണത്തിലും അഭിനയിച്ചു. പ്രൊഡക്ഷൻ മാനേജർ പി.എ.ലത്തീഫ്  സിനിമയിലും പ്രൊഡക്ഷൻ മാനേജരായി. കോടമ്പാക്കത്തെ സിനിമാക്കാർക്ക് സ്ത്രീകളെ കൂട്ടിക്കൊടുക്കുന്ന പിമ്പായി സിനിമയിൽ കണ്ട തമിഴനും ജീവിതത്തിലെ യഥാർത്ഥ മുഖമാണ്. അന്നത്തെ സൂപ്പർ താരങ്ങളായ പ്രേംനസീറിന്റെയും മറ്റും നിഴൽ വീണ കഥാപാത്രങ്ങളും  ചിത്രത്തിലുണ്ടായിരുന്നു.  മമ്മൂട്ടിയാണ്  പ്രേംസാഗർ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്.
        ശോഭയുടെ മരണം നിരവധി സംശയങ്ങൾക്കിട നൽകിയിരുന്നു. ബാലു മഹേന്ദ്രയുമായുള്ള പ്രശ്നങ്ങളാണ് ശോഭയുടെ മരണത്തിൽ കലാശിച്ചതെന്ന് ശോഭയുടെ വീട്ടുകാർ പോലീസിൽ പരാതിപ്പെട്ടു.വീട്ടുകാരുമായുള്ള വഴക്കിനെ തുടർന്നാണ് ആത്മഹത്യയെന്നതായിരുന്നു ബാലുവിന്റെ വാദം.
        തൂങ്ങി മരിക്കാനുപയോഗിച്ചതെന്ന് കരുതപ്പെടുന്ന നൈലോൺ സാരി പൊട്ടി നിലത്തുവീണ നിലയിലായിരുന്നു ശോഭയുടെ മൃതദേഹം കണ്ടത്. ശരീരത്തിൽ മുറിപ്പാടുകളുണ്ടായിരുന്നു. മൃതദേഹം എത്രയും പെട്ടെന്ന് സംസ്കരിക്കാൻ ബാലു കാട്ടിയ ധൃതിയും സംശയം വർധിപ്പിച്ചു.
        ഒടുവിൽ ശോഭയുടെ മരണത്തെപ്പറ്റിയുള്ള അന്വേഷണം എങ്ങുമെത്താതെ അവസാനിച്ചു. ശോഭയുടെ മരണത്തെ തുടർന്ന് മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ച അമ്മ പ്രേമ വീട്ടിൽ ശോഭയുടെ കട്ടൗട്ടുകൾ നിർമ്മിച്ച് അതിനെ വസ്ത്രമുടുപ്പിച്ചും ഭക്ഷണം നൽകിയും മിഥ്യാലോകത്ത് ജീവിച്ച് ഒടുവിൽ ആത്മഹത്യയിൽ അഭയം തേടി. വർഷങ്ങൾ കഴിഞ്ഞു ശോഭയുടെ അച്ഛനും സ്വയംഹത്യയിൽ ജീവിതം അവസാനിപ്പിച്ചു. അപ്പോഴും അവസാനിക്കാത്ത ദുരൂഹതകളുമായി ശോഭയുടെ മരണം ബാക്കി നിന്നു... 

 -സുപാ സുധാകരൻ  


[ജീവൻ ടി.വിക്കു വേണ്ടി 2002 ൽ തിരുവനന്തപുരത്തെ ntv നിർമ്മിച്ച ജീവിതം സിനിമ എന്ന പ്രോഗ്രാമിന് വേണ്ടി ഞാനെഴുതിയ സ്ക്രിപ്റ്റ്.  രഞ്ജിയേട്ടനായിരുന്നു  (രഞ്ജി പണിക്കർ) ജീവിതം സിനിമയുടെ അവതാരകൻ.  ഇതു പിന്നീട് ശ്രീ. എ. ചന്ദ്രശേഖർ എഡിറ്റർ ഇൻ ചാർജ് ആയിരുന്നപ്പോൾ  രാഷ്ട്ര ദീപിക സിനിമ വീക്കിലിയിൽ  2004  മാർച്ചിൽ പ്രസിദ്ധീകരിച്ചിരുന്നു.  നന്ദി: ജീവിതം സിനിമ എന്ന പ്രോഗ്രാമിന്റെ പ്രൊഡ്യൂസറായി അക്കാലത്ത് എന്നെ നിയോഗിച്ച എൻ.ടി.വി. ഡയറക്ടർ ലീൻ സാറിനോട്. (ശ്രീ.ലീൻ ബി. ജസ്മസിനോട്)]
#LekhayudeMaranamOruFlashback #ActressesShobha #KGGeorge #BharathGopi #ActressesNalini #BaluMahendra #SuicideCaseOfActressesShobha 

No comments:

Post a Comment