ഉൾക്കടൽ
കവിയായ നായകൻ, ചിത്രകാരിയായ നായിക. ജീവിതത്തിൽ നിന്ന് തൊട്ടെടുത്തതു പോലെ ഒരിക്കലും വിസ്മരിക്കാനാവാത്ത കഥാപാത്രങ്ങൾ...
1979 ൽ മലയാള സിനിമയിൽ തീവ്ര ഭാവുകത്വം സമ്മാനിച്ച ഒരു ചലച്ചിത്ര രചന തിയേറ്ററുകളിലെത്തി. മലയാളത്തിലെ ലക്ഷണമൊത്ത ആദ്യ ക്യാംപസ് സിനിമ എന്ന വിശേഷണത്തിനു എന്ത് കൊണ്ടും അർഹമായിരുന്നു ആ ചലച്ചിത്രം. ഡോ. ജോർജ് ഓണക്കൂർ, കെ.ജി.ജോർജ് കൂട്ടുകെട്ടിൽ പിറന്ന ഉൾക്കടൽ എന്ന ചലച്ചിത്രം എൺപതുകളിലെ യുവത്വം ഇന്നും ഹൃദയത്തിൽ സൂക്ഷിക്കുന്ന ഗൃഹാതുരത്വം നിറഞ്ഞ ഒരനുഭവമാണ്.
1975 ൽ പ്രസിദ്ധീകരിച്ച ഉൾക്കടൽ എന്ന നോവൽ ചലച്ചിത്രമാക്കാനുള്ള ആവശ്യവുമായി സംവിധായകൻ കെ.ജി.ജോർജ് എത്തിയപ്പോൾ സത്യത്തിൽ ജോർജ് ഓണക്കൂറിനു അത്ഭുതമാണ് തോന്നിയതത്രെ. ഇത്രയും വിശാലമായ നോവൽ സിനിമയെന്ന ക്യാൻവാസിൽ ഒതുങ്ങുമോ എന്ന സംശയമായിരുന്നു എഴുത്തുകാരന്റെ മനസ്സിൽ.
ജീവിതത്തിൻറെ മധുരവും നൊമ്പരവും നിറഞ്ഞു നിന്ന നോവലായിരുന്നു ഉൾക്കടൽ. മനസ്സിൽ കവിതയും കണ്ണുകളിൽ കാല്പനികതയുടെ അഗാധതയും പേറി നടക്കുന്ന രാഹുലൻ. ഹൃദയത്തിൽ സംഗീതമുള്ള ചിത്രകാരിയായ റീന. അവരുടെ പ്രണയം ഇപ്പോഴത്തെ ചോക്ലേറ്റ് പ്രണയ കഥകളിൽ നിന്ന് വേറിട്ട ഒരനുഭവമാണ് നൽകുന്നത്.
ഉൾക്കടലിലെ നായകനായ രാഹുലനെക്കുറിച്ച് പറയുമ്പോൾ എഴുത്തുകാരൻ ഇന്നും വാചാലനാകുന്നു. ഏറെക്കൂറെ ഞാൻ യാത്ര ചെയ്ത സഞ്ചാരപഥങ്ങളിലൂടെയും ഞാൻ കടന്നു പോന്ന മാനസികാവസ്ഥകളിലൂടെയുമാണ് രാഹുലനും സഞ്ചരിച്ചിട്ടുള്ളത്. ഗ്രാമത്തിൽ നിന്നും നഗരത്തിലെ കോളേജിൽ പഠിക്കാനെത്തുകയും പിന്നീട് കോളേജ് അധ്യാപകനായി മാറുകയും ചെയ്യുന്ന രാഹുലന് സ്വന്തം മുഖഛായ തന്നെയായിരുന്നുവെന്ന് ഡോ. ജോർജ് ഓണക്കൂർ വർഷങ്ങൾക്കിപ്പുറം തുറന്നു സമ്മതിക്കുന്നു. മൂവാറ്റുപുഴ നിർമ്മല കോളേജിലായിരുന്നു ഓണക്കൂറിന്റെ വിദ്യാഭ്യാസം. അവിടെ വച്ചാണ് ആ പെൺകുട്ടി ഓണക്കൂറിന്റെ മനസ്സിൽ ചേക്കേറിയത്.
അവളെക്കുറിച്ച് എഴുത്തുകാരന്റെ ഓർമ്മകൾ ഇങ്ങനെയാണ്. "ഞങ്ങളുടെ പേരുകൾ ഒരു ഇക്വേഷനായി ക്ലാസ് റൂം ചുമരുകളിലും ഡസ്ക്കിലുമൊക്കെ സ്ഥാനം പിടിച്ചിരുന്നു. അതൊരിക്കലും ഇന്നത്തെ മട്ടിലുള്ള ഒരു പ്രണയം ആയിരുന്നില്ല. അതിനുമപ്പുറം എന്തൊക്കെയോ ആയിരുന്നു. എന്റെ രചനകൾ വായിച്ച് അഭിപ്രായം പറയുകയും നിഴലു പോലെ എനിക്കൊപ്പം നടക്കുകയും ചെയ്തവൾ..."
ഉൾക്കടൽ ചലച്ചിത്രമാകുമ്പോൾ രാഹുലന് പുതിയൊരു മുഖം ഉണ്ടാവണമെന്ന് തിരക്കഥാകൃത്തായ ജോർജ് ഓണക്കൂറിനും, സംവിധായകൻ കെ.ജി.ജോർജിനും നിർബന്ധമുണ്ടായിരുന്നു. അന്വേഷണം നീണ്ടു. ഒടുവിൽ പത്മരാജനാണ് വേണു നാഗവള്ളിയെ നിർദ്ദേശിച്ചത്. റീനയെ ആര് അവതരിപ്പിക്കണമെന്നത് രണ്ടാമതൊന്നു ആലോചിക്കേണ്ടി പോലും വന്നില്ല. ശോഭയുടെ പേരു തന്നെയായിരുന്നു എല്ലാവരുടെയും മനസ്സിൽ.
ഓ.എൻ.വിയുടെ കവിതകൾക്ക് എം.ബി.ശ്രീനിവാസൻ സംഗീതം നൽകി. ബാലുമഹേന്ദ്രയായിരുന്നു ചിത്രത്തിന് ക്യാമറ കൊണ്ട് കവിത രചിച്ചത്. തിലകൻ, രതീഷ് തുടങ്ങിയവരായിരുന്നു മറ്റു പ്രധാന അഭിനേതാക്കൾ.
സ്നേഹം വേദനിക്കാനുള്ള അവസരമാണ് രാഹുലനായി എപ്പോഴും കാത്തു വച്ചത്, ഓരോ സ്നേഹവും ഓരോരോ നൊമ്പരങ്ങളായിരുന്നു. ഭൂതകാല നൊമ്പരപ്പാടുകളുമായി രാഹുലൻ കോളേജിലെത്തുന്നു. അവിടെ അയാൾക്കൊരു നല്ല സുഹൃത്തിനെ കിട്ടി - ജെയിംസ് ഡേവിസ്. രാഹുലൻ ഡേവിസിന്റെ വീട്ടിൽ നിത്യ സന്ദർശകനായി. സായം സന്ധ്യ പോലെ സുന്ദരിയായ ഒരനുജത്തി ഡേവിസിനുണ്ടായിരുന്നു. രാഹുലനും റീനയും പ്രണയത്തിലാകുന്നു. രണ്ടു മത വിശ്വാസികൾ. സമൂഹത്തിന്റെ അതിരുകൾ. ഒരുമിച്ചു ചേരാനാകുമോ എന്ന് പോലും ആലോചിക്കാതെ അവർ പ്രണയിച്ചു.
പഠനം കഴിഞ്ഞു രാഹുലൻ കോളേജ് അധ്യാപകനാകുന്നു. ജീവിതം രാഹുലനെയും റീനയെയും രണ്ടു വഴികളിലാക്കുന്നു. രാഹുലന്റെ ജീവിതത്തിലേക്ക് മറ്റൊരു പെൺകുട്ടി കടന്നു വന്നു. മീര...
മീരയുടെ സ്നേഹം രാഹുലന്റെ ജീവിതത്തിൽ നിന്നും നഷ്ടപ്പെട്ട വസന്തത്തെ വീണ്ടും തിരികെ കൊണ്ട് വന്നു. അവർ വിവാഹിതരാകാൻ തീരുമാനിച്ചു. പക്ഷേ... ഒരു നിയോഗം പോലെ റീന വീണ്ടും രാഹുലന്റെ ജീവിതത്തിലേക്കു തന്നെ മടങ്ങി വന്നു. ഒരു തേങ്ങലോടെ മീരക്ക് രാഹുലനെ വിട്ടകലേണ്ടി വരുന്നു.
തിലകൻ അവതരിപ്പിച്ച രാഹുലന്റെ കർക്കശക്കാരനും കോപിഷ്ഠനുമായ അച്ഛൻ സ്വന്തം പിതാവിന്റെ പ്രതിബിംബം തന്നെയായിരുന്നുവെന്ന് ഓണക്കൂർ കൂട്ടിച്ചേർത്തു. സിനിമയിൽ നിന്നു വ്യത്യസ്തമായി ജീവിതത്തിലെ റീന കോളേജ് വിദ്യാഭ്യാസം കഴിഞ്ഞതോടെ എഴുത്തുകാരന്റെ ജീവിതത്തിൽ നിന്ന് യാത്ര പറഞ്ഞിരുന്നു. സിനിമയിലും നോവലിലും റീനയുടെ ജ്യേഷ്ഠനായ ഡേവിസ് ആണ് മരിക്കുന്നതെങ്കിൽ ജീവിതത്തിൽ ആ പെൺകുട്ടിയുടെ അച്ഛനാണ് മരണമടയുന്നത്. ഏതാണ്ട് അതോടെയാണ് എഴുത്തുകാരന്റെ വിശുദ്ധ പ്രണയത്തിന് വേർപിരിയലിന്റെ വേദന ഏറ്റു വാങ്ങേണ്ടി വന്നത്.
കോളേജ് ക്യാംപസിൽ വച്ച് നഷ്ടമായ അവളെ പിന്നീടൊരിക്കലും കണ്ടിട്ടില്ലെന്നു ഡോ. ജോർജ് ഓണക്കൂർ. "ഇനി ഒരിക്കലും കാണാനും ആഗ്രഹിക്കുന്നില്ല. എന്റെ മനസ്സിന്റെ ആഴങ്ങളിലെവിടെയോ മാത്രമായി എനിക്ക് സൂക്ഷിക്കാനുള്ളതാണ് ആ മുഖം. ഇന്നിപ്പോൾ ഞാനെന്റെ ഭാര്യക്കും മക്കൾക്കുമൊപ്പം അങ്ങേയറ്റം സന്തോഷവാനാണ്, സംതൃപ്തനും..." അദ്ദേഹം പറഞ്ഞു നിറുത്തി.
അവളുടെ വേർപാട് കഥാകാരന്റെ മനസ്സിൽ സൃഷ്ടിച്ച മുറിപ്പാടുകൾ ഒരു തീവ്ര നൊമ്പരമായി ഏറെക്കാലം അവശേഷിച്ചത് കൊണ്ടാവണം നോവലിലും സിനിമയിലും ഒടുവിൽ രാഹുലനെയും റീനയെയും ഒന്നിക്കാൻ അദ്ദേഹം അനുവദിച്ചത്.
പുഴയിൽ മുങ്ങിത്താഴും സന്ധ്യ ;
കുങ്കുമപ്പൊട്ടിന്നഴകും വിഴുങ്ങുന്നു തിര;
പെയ്തൊഴിയാത്ത മുകിലിന്നസ്വാസ്ഥ്യമായി,
മുളന്തണ്ടിലെത്തിരു മുറിവിലാരോ
മെല്ലെ ചുണ്ടമർത്തവേ...
എഴുത്തുകാരന്റെ നോവറിഞ്ഞ പോൽ ഓ.എൻ.വി. എഴുതിയ വരികൾ ഇന്നും ഉൾക്കടൽ കാണുമ്പോൾ മനസ്സിൽ എന്തിനെന്നറിയാതെ ഒരു നൊമ്പരം നിറക്കുന്നു.
-സുപാ സുധാകരൻ
[ജീവൻ ടി.വിക്കു വേണ്ടി 2002 ൽ തിരുവനന്തപുരത്തെ ntv നിർമ്മിച്ച ജീവിതം സിനിമ എന്ന പ്രോഗ്രാമിന് വേണ്ടി ഞാനെഴുതിയ സ്ക്രിപ്റ്റ്. ഇതു പിന്നീട് ശ്രീ. എ. ചന്ദ്രശേഖർ എഡിറ്റർ ഇൻ ചാർജ് ആയിരുന്നപ്പോൾ രാഷ്ട്ര ദീപിക സിനിമ വീക്കിലിയിൽ 2004 മാർച്ചിൽ പ്രസിദ്ധീകരിച്ചിരുന്നു. നന്ദി: ജീവിതം സിനിമ എന്ന പ്രോഗ്രാമിന്റെ പ്രൊഡ്യൂസറായി അക്കാലത്ത് എന്നെ നിയോഗിച്ച എൻ.ടി.വി. ഡയറക്ടർ ലീൻ സാറിനോട്.(ശ്രീ.ലീൻ ബി.ജസ്മസിനോട്)]
#UlkkadalMovie #DrGeorgeOnakkoor #KGGeorge #MalayalamMovie #JeevithamCinema



പ്രണയ-നൊമ്പര കുറിപ്പ് നന്നായിട്ടുണ്ട്. രാഹുലനും ലേഖകനും റീനമാരെ കിട്ടി. നഷ്ടവും വേദനയും ഓണക്കൂറിനും മീരയ്ക്കും മാത്രം.
ReplyDeleteTnx... പട്ടാമ്പി. ഓണക്കൂർ സാർ അറിയേണ്ട...
Delete