Wednesday, 25 November 2020

തീരാ നൊമ്പരവുമായി ഒരച്ഛൻ 

       പിറവി 


         1975 ജൂൺ 25 അർധരാത്രി.
        ഇന്ത്യയെ ഒരു ദുർഭൂതം ഗ്രസിച്ചു - അടിയന്തരാവസ്ഥ...
        ആ ദുർദിനങ്ങളുടെ നീറുന്ന ഓർമ്മകളും പേറി ഇന്നും ഒരുപറ്റം മനുഷ്യർ ജീവിച്ചിരിക്കുന്നു, നമ്മുടെ രാജ്യത്ത്. അധികാരക്കസേര നഷ്ടപ്പെടാതിരിക്കാൻ ഇന്ദിരാഗാന്ധിയെന്ന അന്നത്തെ പ്രധാനമന്ത്രി ഇന്ത്യക്ക് സമ്മാനിച്ച ദുരന്തം. പോലീസ് തേർവാഴ്ചയുടെ  കിരാത നാളുകൾ.
        അടിയന്തരാവസ്ഥയുടെ  തേർവാഴ്ചക്കെതിരെ ഒറ്റപ്പെട്ട പ്രതിഷേധങ്ങൾ ശക്തമായി.തോക്കിൻകുഴലിലൂടെ സോഷ്യലിസം പുനഃസ്ഥാപിക്കാൻ, പോലീസ് സ്റ്റേഷനുകൾ ആക്രമിച്ച് തോക്കുകൾ തട്ടിയെടുക്കാൻ കേരളത്തിലെ നക്സൽ നേതൃത്വം തീരുമാനിച്ചു. 1968 ന്റെ അവസാനം മുതൽ നക്സൽ പ്രസ്ഥാനം കേരളത്തിന്റെ മണ്ണിൽ വേരോടി തുടങ്ങിയിരുന്നു.
        1976 ഫെബ്രുവരി 27.
        നക്സലുകൾ കോഴിക്കോട്  കായണ്ണ പോലീസ് സ്റ്റേഷൻ ആക്രമിച്ച് തോക്കുകൾ തട്ടിയെടുത്തു. ആക്രമണത്തിൽ ചില പോലീസുകാർക്ക് പരുക്കേറ്റിരുന്നു. കായണ്ണ പോലീസ് സ്റ്റേഷനാക്രമണത്തിനു പകരം നക്സലുകൾക്കെതിരെ എന്ത് കാടത്തത്തിനും പോലീസ് തീരുമാനമെടുത്തു. ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവ് സി.അച്യുതമേനോൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവ് കെ.കരുണാകരൻ ആഭ്യന്തര മന്ത്രിയായും അധികാരത്തിൽ.
        നക്സലുകളെ പീഡിപ്പിക്കാൻ കക്കയത്ത് പോലീസ് ക്യാമ്പ് സജ്ജമായി. നക്സലുകളെ ഓരോരുത്തരെയായി പോലീസ് തെരഞ്ഞു പിടിക്കുവാൻ തുടങ്ങി. ജയറാം പടിക്കൽ ക്രൈം ബ്രാഞ്ച് ഡി.ഐ.ജി., കെ.ലക്ഷ്മണ കോഴിക്കോട് ഡി.വൈ.എസ്.പി. എന്നിവരായിരുന്നു നക്സൽ വേട്ടയുടെ തലപ്പത്ത്.  




        1976 മാർച്ച് ഒന്ന്.
        കോഴിക്കോട് റീജണൽ എൻജിനീയറിങ് കോളേജിൽ ഒരു നക്സൽ അനുഭാവി സംഘമുണ്ടെന്ന് മണത്തറിഞ്ഞ പോലീസ് ഒരു സംഘം വിദ്യാർത്ഥികളെ കക്കയം പോലീസ് ക്യാമ്പിലേക്ക് പിടിച്ചുകൊണ്ടു പോയി. പ്രൊഫ. ഈച്ചരവാര്യരുടെ മകൻ രാജനും അക്കൂട്ടത്തിലുണ്ടായിരുന്നു. 
        വിദ്യാർത്ഥികൾക്കെതിരെ പോലീസ് കൊടിയ മർദ്ദനം അഴിച്ചുവിട്ടു. കഴുക്കോലിൽ തലകീഴായി കെട്ടി തൂക്കി വിദ്യാർത്ഥികളെ മർദിച്ചു. അവരുടെ നിലവിളി കേട്ട് ദൈവം പോലും ആ ക്രൂരത കാണാനാകാതെ  കണ്ണടച്ചിട്ടുണ്ടാവണം.  ഗരുഡൻ തൂക്കം, നഖം പിഴുതെടുക്കുക, മുടി പറിക്കുക , ഉള്ളം കാൽ അടിച്ചു പൊട്ടിക്കുക, മെഴുകുരുക്കി വീഴ്ത്തുക, പൂർണ്ണ നഗ്നനായി മലർത്തി കിടത്തി ശരീരത്തിൽ റൂൾത്തടി കൊണ്ട് ഉരുട്ടുക, രാജനും സുഹൃത്തക്കൾക്കും നേരെ പോലീസ് അപരിഷ്കൃതമായ പല മർദ്ദന മുറകളും പരീക്ഷിച്ചുവത്രെ. ഈ മർദ്ദനത്തിൽ കക്കയം പോലീസ് ക്യാമ്പിൽ രാജൻ പിടഞ്ഞു മരിച്ചു.
        1976 മാർച്ച് മൂന്നിന് രാജനെ തിരക്കി ഈച്ചരവാര്യർ കോളേജ് പ്രിൻസിപ്പലിനെ കണ്ടപ്പോൾ രാജൻ പോലീസ് പിടിയിലാണെന്ന് അറിഞ്ഞു. മാർച്ച് 10 ന് ആഭ്യന്തര മന്ത്രി കരുണാകരനെ നേരിട്ട് കണ്ട് അദ്ദേഹം മകനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ടു. പലർക്കും പരാതി നൽകി, പല വാതിലുകളിൽ മുട്ടി.  



        1977 മാർച്ച് 25 ന് ഈച്ചരവാര്യർ ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് റിട്ട് നൽകി. തൊട്ടടുത്ത ദിവസം കരുണാകരൻ കേരളത്തിന്റെ മുഖ്യമന്ത്രിയായി അധികാരമേറ്റു. രാജനെ പോലീസ് അറസ്റ്റ് ചെയ്തിട്ടില്ലെന്ന് കരുണാകരൻ നിയമസഭയിൽ പ്രസ്താവിച്ചു.
        മകനെ വിട്ടുകിട്ടാത്ത ആത്മനൊമ്പരവുമായി ആ പിതാവ് നിയമയുദ്ധത്തിന് ഇറങ്ങിത്തിരിച്ചു. രാജനെ ഹാജരാക്കാൻ കോടതി ഉത്തരവിട്ടെങ്കിലും രാജൻ പോലീസ് കസ്റ്റഡിയിൽ ഇല്ലെന്ന് സർക്കാർ കോടതിയെ അറിയിച്ചു. രാജനെ പോലീസ് കസ്റ്റഡിയിലെടുത്തെന്ന ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ നൽകാനുള്ള സർക്കാരിന്റെ  ഹർജി ഏപ്രിൽ 24ന്  കോടതി തള്ളി. ഏപ്രിൽ 25 ന് കെ.കരുണാകരൻ രാജി വച്ചു.  





        മകൻ നഷ്ടപ്പെട്ട ഈച്ചരവാര്യരുടെ നൊമ്പരം മലയാളിയുടെ കണ്ണിനെ ഈറനണിയിച്ചിരുന്നു. ഒറ്റയാൾ പോരാട്ടത്തിന്റെ അന്ത്യത്തിൽ ആ അച്ഛൻ പറഞ്ഞു - "എന്റെ ദുർവിധി ഇനിയാർക്കും ഉണ്ടാകരുത്.
        1989 ജനുവരി.
        മകൻ ജീവിച്ചിരിപ്പുണ്ടെന്ന വിശ്വാസത്തിൽ നിയമയുദ്ധത്തിന് ഇറങ്ങി തിരിച്ച ഈ അച്ഛന്റെ കഥ സിനിമയായി തിയേറ്ററുകളിലെത്തി. ഷാജി എൻ.കരുൺ ആദ്യമായി സംവിധാനം ചെയ്ത പിറവി എന്ന ചലച്ചിത്രം പുരസ്കാരങ്ങൾ വാരിക്കൂട്ടിയതിനൊപ്പം പ്രേക്ഷകരുടെ ഹൃദയത്തിലും തീരാത്ത നൊമ്പരമായി.
         ഈച്ചര വാര്യരുടെ പ്രതിരൂപമായ പ്രൊഫ. രാഘവ ചാക്യാരായി പ്രേംജി അക്ഷരാർത്ഥത്തിൽ ജീവിക്കുകയായിരുന്നു. രാജൻ, സിനിമയിൽ രഘു എന്ന കഥാപാത്രമായി മാറി.  ലക്ഷ്മി കൃഷ്ണമൂർത്തി, സി.വി.ശ്രീരാമൻ, മുല്ലനേഴി, അർച്ചന തുടങ്ങിയവരായിരുന്നു മറ്റ് അഭിനേതാക്കൾ. എസ്.ജയചന്ദ്രൻ നായർ, രഘുനാഥ് പലേരി, ഷാജി എൻ.കരുൺ എന്നിവർ ചേർന്നാണ് രചന നിർവഹിച്ചത്. ജി.അരവിന്ദനും മോഹൻ സിതാരയും സംഗീതവും സണ്ണി ജോസഫ് ഛായാഗ്രഹണവും, വേണുഗോപാൽ എഡിറ്റിങ്ങും നിർവഹിച്ചു.
        ആ വർഷത്തെ മികച്ച നടനുള്ള  ദേശീയ  സംസഥാന   പുരസ്കാരങ്ങൾ പിറവിയിലെ അഭിനയത്തിന് പ്രേംജിക്ക് ലഭിച്ചു. ദേശീയ തലത്തിൽ മികച്ച സിനിമക്കും സംവിധായകനുമുള്ള പുരസ്കാരവും സംസ്ഥാന അവാർഡിൽ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള അവാർഡും പിറവി നേടിയെടുത്തു. ഇതു കൂടാതെ ഒട്ടേറെ അന്തർദേശീയ പുരസ്കാരങ്ങളും ഈ ചിത്രത്തിന് ലഭിച്ചു.
        "പിറവി ഈച്ചരവാര്യരുടെ തന്നെ കഥയാണ്.  ആ സിനിമ കണ്ടപ്പോൾ ഷാജിയോട് ആദരവ് തോന്നി" ഈച്ചരവാര്യരുടെ സുഹൃത്തും കോളേജ് അധ്യാപകനുമായ സി.ആർ.ഓമനക്കുട്ടൻ ഞങ്ങളോട് പറഞ്ഞു. "മറ്റാർക്കും അറിയാത്ത ജീവിതത്തിലെ പല സംഭവങ്ങളും പിറവിയെന്ന ചിത്രത്തിൽ യാദൃശ്ചികമായി കടന്നു വന്നിട്ടുണ്ട്. ആ അച്ഛൻ ഈച്ചര വാര്യർ തന്നെയാണ്. ആ മകൻ രാജനും..."



        പിറവി തിയേറ്ററുകളിലെത്തിയപ്പോഴും ജീവിതം സിനിമയുടെ ഈ ലക്കം ഒരുക്കുമ്പോഴും  ഈച്ചരവാര്യർ ജീവിച്ചിരുപ്പുണ്ടായിരുന്നു. മകനെ ഒരുനോക്ക്  കാണാനാകാത്തത്തിലെ അവസാനിക്കാത്ത  ദുഃഖവുമായി  2006 ൽ അദ്ദേഹം തൃശൂരിൽ അന്തരിച്ചു.

  -സുപാ സുധാകരൻ  


[ജീവൻ ടി.വിക്കു വേണ്ടി 2002 ൽ തിരുവനന്തപുരത്തെ ntv നിർമ്മിച്ച ജീവിതം സിനിമ എന്ന പ്രോഗ്രാമിന് വേണ്ടി ഞാനെഴുതിയ സ്ക്രിപ്റ്റ്.  രഞ്ജിയേട്ടനായിരുന്നു  (രഞ്ജി പണിക്കർ) ജീവിതം സിനിമയുടെ അവതാരകൻ.  ഇതു പിന്നീട് ശ്രീ. എ. ചന്ദ്രശേഖർ എഡിറ്റർ ഇൻ ചാർജ് ആയിരുന്നപ്പോൾ  രാഷ്ട്ര ദീപിക സിനിമ വീക്കിലിയിൽ  2004  ജൂണിൽ  പ്രസിദ്ധീകരിച്ചിരുന്നു.  നന്ദി: ജീവിതം സിനിമ എന്ന പ്രോഗ്രാമിന്റെ പ്രൊഡ്യൂസറായി അക്കാലത്ത് എന്നെ നിയോഗിച്ച എൻ.ടി.വി. ഡയറക്ടർ ലീൻ സാറിനോട്. (ശ്രീ.ലീൻ ബി. ജസ്മസിനോട്)]

No comments:

Post a Comment