ലാൽസലാം
ഇന്നലെ...
കമ്യൂണിസ്റ്റ് സഹയാത്രികനായ പിതാവിൽ നിന്ന് ചെങ്കൊടിയുടെ ആവേശമുണർത്തുന്ന കഥകൾ കേട്ടാണ് അവൻ വളർന്നത്. പ്രത്യയശാസ്ത്രത്തിനു വേണ്ടി ജീവൻ ബലി കൊടുത്ത അനേകം ധീര സഖാക്കളുടെ ജീവിതം അവന് ആവേശമായി. അവർ അവനു മുന്നിൽ ഇതിഹാസ പുരുഷന്മാരായി...
ഇന്ന്...
ചെങ്കൊടിയോടും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തോടും എന്നും മനസ്സിൽ ആദരവ് സൂക്ഷിച്ചിരുന്ന അവൻ വളർന്നു. വർഷങ്ങൾ പിന്നിട്ടപ്പോൾ അവൻ അറിയപ്പെടുന്ന തിരക്കഥാകൃത്തായി. അവൻ - ചെറിയാൻ കല്പകവാടി.
ഒരു നല്ല കമ്യൂണിസ്റ്റ് സിനിമക്ക് കഥയെഴുതാനുള്ള നിയോഗം തേടിയെത്തിയപ്പോൾ സ്വന്തം പിതാവ് വർഗീസ് വൈദ്യന്റെ ജീവിതം തന്നെ സിനിമയാക്കാൻ ചെറിയാൻ തീരുമാനിച്ചു. ആ കഥ തിയേറ്ററുകളിലെത്തിയപ്പോൾ അതിലെ കഥയും കഥാപാത്രങ്ങളും സാങ്കല്പികമല്ലെന്ന് മലയാളി തിരിച്ചറിഞ്ഞു. മലയാളിയുടെ ആ തിരിച്ചറിവ് പലരിലും അലോസരമുണ്ടാക്കി. പലരെയും അസ്വസ്ഥരാക്കി. ആ സിനിമയാണ് ലാൽസലാം. വേണു നാഗവള്ളിയായിരുന്നു ചിത്രത്തിന്റെ സംവിധായകൻ.
കമ്യൂണിസ്റ്റ് പ്രസ്ഥാനം കേരളത്തിൽ വേരുറപ്പിക്കുന്നതിന് ഏറെക്കാലം ആത്മാർഥമായി പ്രവർത്തിച്ചിട്ടും ഒടുവിൽ പ്രസ്ഥാനവും നേതാക്കളും തള്ളിപ്പറഞ്ഞ വർഗീസ് വൈദ്യന്റെ ജീവിതം - അതിൽ ഒരു ബോക്സ് ഓഫീസ് ഹിറ്റിനു വേണ്ട എല്ലാ ചേരുവകളും ഉണ്ടായിരുന്നു. എങ്കിലും പൂർണമായ ഒരു ജീവിചരിത്രം എന്ന നിലയിൽ സിനിമയെ കാണേണ്ടതില്ലെന്ന് ചെറിയാൻ വർഷങ്ങൾക്കിപ്പുറം നയം വ്യക്തമാക്കുന്നു.
മോഹൻലാൽ അവതരിപ്പിച്ച സഖാവ് നെട്ടൂർ സ്റ്റീഫനും മുരളി അവതരിപ്പിച്ച സഖാവ് ഡി.കെയുമാണ് ലാൽസലാമിന്റെ കേന്ദ്ര കഥാപാത്രങ്ങൾ. പാർട്ടിക്ക് കേരളത്തിൽ ശക്തമായ അടിത്തറയുണ്ടാക്കാൻ രണ്ടു പേരും കഠിനമായി പ്രവർത്തിക്കുന്നു. പല പീഡനങ്ങളും പോലീസ് മർദ്ദനങ്ങളും ഒക്കെ അനുഭവിക്കേണ്ടി വരുന്നു. ചെങ്കൊടിയോടുള്ള ആത്മാർത്ഥത പോലെ തന്നെ നെട്ടൂർ സ്റ്റീഫന്റെ മനസ്സിൽ അന്നമ്മ എന്ന പെൺകുട്ടിയോടുള്ള പ്രണയവും ശക്തമായിരുന്നു. സമ്പന്ന തറവാട്ടിലെ അംഗമായ അന്നമ്മ അവളുടെ വീട്ടുകാരുടെ എല്ലാ എതിർപ്പും തിരസ്കരിച്ച് സ്റ്റീഫനോടൊപ്പം ഇറങ്ങി പോന്നു. പ്രണയവും പ്രത്യയ ശാസ്ത്രവും വിശ്വാസവും കൈകോർത്തു. പാർട്ടി സഹായത്തോടെ അവർ ഒരുമിച്ചു.
ഗർഭിണിയായ അന്നാമ്മ ആശുപത്രിയിലായപ്പോൾ പാർട്ടി പ്രവർത്തകനായ നെട്ടൂർ സ്റ്റീഫൻ ചികിത്സക്ക് പണമില്ലാതെ മറ്റൊരു പോംവഴിയും മുന്നിലില്ലാതെ തൊഴിലന്വേഷിച്ച് ഇറങ്ങി തിരിച്ചു. അത് സിനിമയിൽ നെട്ടൂർ സ്റ്റീഫന്റെ വളർച്ചയുടെ തുടക്കമായിരുന്നു. ജീവിതത്തിൽ വർഗീസ് വൈദ്യന്റെയും...
"അന്നത്തെ സാഹചര്യത്തിൽ വർഗീസ് വൈദ്യൻ പാർട്ടിക്ക് വേണ്ടി മാത്രം നിന്ന് കുടുംബത്തെ ഉപേക്ഷിച്ചിരുന്നുവെങ്കിൽ ആ കുടുംബത്തിന് ഏറെ കഷ്ടപ്പാടുകൾ നേരിടേണ്ടി വരുമായിരുന്നു. അങ്ങനെ സംഭവിക്കാതിരുന്നതിൽ പിതാവിനോട് ഇന്നും ആദരവാണുള്ളത്." ചെറിയാൻ കല്പകവാടി പറഞ്ഞു.
കേരളത്തിലെ ആദ്യ ഡ്രൈവ് ഇൻ റസ്റ്റോറന്റായ കല്പകവാടി എന്ന ബിസിനസ് സംരംഭത്തിലൂടെ വർഗീസ് വൈദ്യൻ വളർന്നപ്പോൾ സിനിമയിലേതു പോലെ തന്നെ ജീവിതത്തിലും വൈദ്യൻ പ്രസ്ഥാനത്തിൽ നിന്ന് പുറത്തായി. നെട്ടൂർ സ്റ്റീഫനിലൂടെ മോഹൻലാൽ കാട്ടിയ തോറ്റു കൊടുക്കാത്ത ചങ്കൂറ്റം വൈദ്യരുടെയും കൈമുതലായിരുന്നു.
ലാൽസലാം എന്ന ചിത്രത്തിലെ ഒട്ടുമിക്ക കഥാപാത്രങ്ങളും ജീവിതത്തിൽ നിന്ന് സിനിമയിലേക്ക് കടന്നു വന്നവരാണ്. സഖാവ് ഡി.കെയ്ക്ക് ടി.വി.തോമസിന്റെയും സേതു എന്ന കഥാപാത്രത്തിന് ഗൗരിയമ്മയുടെയും ഛായ ഉണ്ടായിരുന്നു. ഇത് ഏറെ വിവാദം അക്കാലത്ത് സൃഷ്ട്ടിച്ചു. മനഃപൂർവം ആരെയും കളിയാക്കാൻ വേണ്ടിയല്ല അങ്ങനെ ചെയ്തതെന്ന് ചെറിയാൻ വ്യക്തമാക്കി.
ദീർഘകാലം ഒളിവിൽ കഴിയുമ്പോൾ അവിടെ ഒരു പ്രണയത്തിൽ പെടുകയും പിന്നീട് മടങ്ങി വന്ന ശേഷം ഒളിവിലെ ഓർമ്മകൾ നഷ്ടപ്പെടുത്തുകയും ചെയ്യുന്നത് അന്ന് പല സഖാക്കന്മാരുടെയും ജീവിതത്തിൽ സാധാരണമായിരുന്നുവെന്ന് ചെറിയാൻ കല്പകവാടി പറഞ്ഞു. അത്തരമൊരു സംഭവമാണ് സിനിമയിൽ ഡി.കെയുടെ കഥാപാത്രത്തിൽ കൂട്ടി ചേർത്തത്. "സിനിമയുടെ വിജയത്തിന് പ്രത്യയശാസ്ത്രത്തിന്റെ ആവേശത്തോടൊപ്പം പ്രണയത്തിന്റെയും കുടുംബ ബന്ധത്തിന്റെയും സമാന്തരമായ ഒരു പാത സൃഷ്ടിക്കേണ്ടത് അനിവാര്യമായിരുന്നു. അതിനായി ജീവിതത്തിൽ നിന്ന് സ്വന്തം അച്ഛനമ്മമാരുടെ പ്രണയം തന്നെ സിനിമയിലേക്ക് അതേപടി പകർത്തി."
വർഗീസ് വൈദ്യൻ മരിച്ച് ഒരു വർഷത്തിന് ശേഷം 1989 ലാണ് ലാൽസലാം തിയേറ്ററുകളിലെത്തിയത്. അമ്മയെയും കൂട്ടി ചെറിയാൻ സിനിമ കാണാൻ തിയേറ്ററിൽ പോയി.
താൻ സഞ്ചരിച്ച ജീവിത പാതകളുടെ ചില യഥാർത്ഥ നിമിഷങ്ങൾ സ്‌ക്രീനിൽ കണ്ടപ്പോൾ ആ അമ്മ തരിച്ചിരുന്നു. അപ്പൻ മരിക്കുന്നതും അവസാനമായി അപ്പന്റെ മുഖം ഒരു നോക്ക് കാണാൻ അന്നമ്മ പോകുന്നതും സഹോദരന്മാർ അത് സമ്മതിക്കാതിരിക്കുന്നതും തുടന്നുർണ്ടാകുന്ന സംഭവങ്ങളുമൊക്കെ ചെറിയാന്റെ അമ്മയുടെ ജീവിതത്തിൽ യഥാർത്ഥത്തിൽ സംഭവിച്ചതാണ്. ആ രംഗം എത്തിയപ്പോൾ ചെറിയാൻ അമ്മയുടെ മുഖത്തേക്ക് നോക്കി. അവരുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. കവിളിലേക്ക് ഒലിച്ചിറങ്ങിയ കണ്ണുനീർ അമ്മ കൈകൊണ്ട് തുടക്കുന്നത് തിയേറ്ററിലെ അരണ്ട വെളിച്ചത്തിൽ മകൻ കണ്ടു. ചെറിയാന്റെ കണ്ണുകളും അപ്പോൾ ഈറനണിഞ്ഞു.
മോഹൻലാലിനെയും മുരളിയേയും കൂടാതെ ഗീത, ഉർവശി, രേഖ, മധു, ലാലു അലക്സ്, ജഗതി ശ്രീകുമാർ, നെടുമുടി വേണു, കരമന ജനാർദ്ദനൻ നായർ, തിക്കുറിശ്ശി തുടങ്ങിയ വലിയൊരു താര നിര തന്നെ ലാൽസലാമിൽ ഉണ്ടായിരുന്നു. വേണുനാഗവള്ളി തന്നെയാണ് തിരക്കഥ എഴുതിയത്. കെ.പി.നമ്പ്യാതിരി ഛായാഗ്രഹണവും എൻ.ഗോപാലകൃഷ്ണൻ എഡിറ്റിങ്ങും നിർവഹിച്ചു. സിനിമ പോലെ തന്നെ ഓ.എൻ.വി. രചിച്ച് രവീന്ദ്രൻ മാഷ് സംഗീതം നൽകിയ ഗാനങ്ങളും സൂപ്പർ ഹിറ്റായി.
ജീവിതം, സിനിമയാകുമ്പോൾ അതിന് അതിന്റേതായ ശക്തിയുണ്ടെന്ന് ചെറിയാൻ കല്പകവാടി വിശ്വസിക്കുന്നു. ലാൽസലാമിലെ ഓരോ ഡയലോഗുകളും പ്രേക്ഷകർ കയ്യടിയോടെയാണ് സ്വീകരിച്ചത്. വിപ്ലവ രാഷ്ട്രീയത്തിന്റെ ഒരു കാലഘട്ടത്തെ വരച്ച ചലച്ചിത്രമായിട്ടു കൂടി ലാൽസലാമിന് ലഭിച്ചത് വൻ സ്വീകരണമായിരുന്നു. കേരളം നെഞ്ചിലേറ്റി നടന്ന ഒരു കൂട്ടം സാമൂഹ്യ പ്രവർത്തകരുടെ ജീവിതം മലയാളിക്ക് ചലച്ചിത്രത്തിനപ്പുറത്തെ വികാരമായി മാറി. ആവേശവും...
-സുപാ സുധാകരൻ
[ജീവൻ ടി.വിക്കു വേണ്ടി 2002 ൽ തിരുവനന്തപുരത്തെ ntv നിർമ്മിച്ച ജീവിതം സിനിമ എന്ന പ്രോഗ്രാമിന് വേണ്ടി ഞാനെഴുതിയ സ്ക്രിപ്റ്റ്. രഞ്ജിയേട്ടനായിരുന്നു (രഞ്ജി പണിക്കർ) ജീവിതം സിനിമയുടെ അവതാരകൻ. ഇതു പിന്നീട് ശ്രീ. എ. ചന്ദ്രശേഖർ എഡിറ്റർ ഇൻ ചാർജ് ആയിരുന്നപ്പോൾ രാഷ്ട്ര ദീപിക സിനിമ വീക്കിലിയിൽ 2004 ഏപ്രിലിൽ പ്രസിദ്ധീകരിച്ചിരുന്നു. നന്ദി: ജീവിതം സിനിമ എന്ന പ്രോഗ്രാമിന്റെ പ്രൊഡ്യൂസറായി അക്കാലത്ത് എന്നെ നിയോഗിച്ച എൻ.ടി.വി. ഡയറക്ടർ ലീൻ സാറിനോട്. (ശ്രീ.ലീൻ ബി. ജസ്മസിനോട്)]