Tuesday, 30 July 2019

ആനക്കാട്ടിൽ ഈപ്പച്ചൻ

മലയാളി മാറോടണച്ച വെള്ളിത്തിരയിലെ 12 ക്രിസ്ത്യാനികൾ    Part 8 


ആനക്കാട്ടിൽ ഈപ്പച്ചൻ 

        
      ആനക്കാട്ടിൽ കുടുംബവും കടയാടി കുടുംബവും നടത്തിയിരുന്ന മദ്യ വ്യാപാരവും അതിനെ തുടർന്നുണ്ടാകുന്ന ശത്രുതയും ഏറ്റുമുട്ടലും വിഷയമാക്കി 1997  സെപ്റ്റംബറിൽ തിയേറ്ററുകളിലെത്തിയ ലേലം എന്ന സൂപ്പർഹിറ്റ് സിനിമയും അതിലെ കഥാപാത്രങ്ങളും മലയാളിയെ അക്കാലത്ത് ഏറെ ഹരംപിടിപ്പിച്ചതാണ്.
      കേരളത്തിൽ ജീവിച്ചിരുന്ന ഒരു മദ്യരാജാവിന്റെ കഥാപാത്രവൽക്കരണമാണ്ആനക്കാട്ടിൽ ഈപ്പച്ചനെന്ന് തിരക്കാഥാകൃത്ത് രഞ്ജി പണിക്കർ വ്യക്തമാക്കുന്നു. കിംഗ് എന്ന മമ്മൂട്ടി സിനിമക്ക് മുൻപ് രഞ്ജിപണിക്കരും ഷാജി കൈലാസും ചേർന്ന്  മോഹൻലാലിനെ നായകനാക്കി ഒരു സിനിമ ചെയ്യാൻ തീരുമാനിച്ചിരുന്നു. അന്ന് ആ സിനിമക്ക് തീരുമാനിച്ചിരുന്ന പേരാണ് ലേലം എന്നത്. പിന്നീട് അത് മാറ്റി വച്ച് മമ്മൂട്ടിയെ നായകനാക്കി കിംഗ് എന്ന സിനിമ ചെയ്തു. കിങ്ങിന് ശേഷം ഷാജി കൈലാസും രഞ്ജി പണിക്കരും ഒരുമിച്ചിനി  സിനിമ ചെയ്യേണ്ട എന്ന തീരുമാനത്തിലെത്തി. ആ സമയത്താണ്  ജോഷി ഒരു സിനിമ ചെയ്യാനായി രഞ്ജിയെ ക്ഷണിച്ചത്.  ലാൽ സിനിമക്ക് മനസ്സിൽ കണ്ടു വച്ച ലേലം എന്ന പേര് ജോഷിയുമൊത്തുള്ള സുരേഷ്‌ഗോപി സിനിമക്ക് നൽകുകയായിരുന്നു.
       താവഴിയിൽ വേരുകൾ പാലയിലാണ്. അവിടെ കണ്ടിട്ടുള്ള കുടിയേറ്റ കൃസ്ത്യാനികളുടെ  പച്ചയായ ജീവിതം ഒരുപാട് ആകർഷിച്ചിട്ടുണ്ടെന്നും രഞ്ജി പണിക്കർ പറഞ്ഞു. ഇവരിൽ പലരെയും വല്ലാത്ത ഒരാരാധനയോടെ നോക്കി നിന്ന  കുട്ടിക്കാലം കഥാകൃത്തിനുണ്ട്. കണ്ടു പരിചയിച്ച തെമ്മാടിത്തവും സന്മനസ്സുമുള്ള ഒരു നാടൻ ചട്ടമ്പിയിൽ നിന്നാണ് ചാക്കോച്ചി എന്ന കഥാപാത്രത്തെ രഞ്ജി പണിക്കർ ഒരുക്കിയത്.
      ജോഷി സാറും രഞ്ജി പണിക്കരും ചേർന്നൊരുക്കിയ ഒരു കഥാപാത്രത്തെ അഭിനയിക്കുക എന്നല്ലാതെ കൂടുതലായി ഒന്നും ചെയ്തിട്ടില്ലെന്ന് ചാക്കോച്ചി എന്ന കഥാപാത്രത്തിന് ജീവൻ നൽകിയ നടൻ സുരേഷ്‌ഗോപി. "അത് വിജയിച്ചതും പ്രേക്ഷകർക്ക് ഇഷ്ടമായതും ഈശ്വരാനുഗ്രഹമാവണം." 
     ആനക്കാട്ടിൽ ഈപ്പച്ചനെന്ന കഥാപാത്രത്തെ എം.ജി. സോമൻ അതിമനോഹരമാക്കിയെന്ന് സംവിധായകൻ ജോഷി പറയുമ്പോൾ ലേലവുമായി ബന്ധപ്പെട്ടു വേദനിപ്പിക്കുന്ന ഒരോർമ്മയിലാണ് രഞ്ജിപണിക്കർ.
       "സോമേട്ടനും ഞാനും വ്യക്തിപരമായി നല്ല അടുപ്പത്തിലായിരുന്നു. എന്റെ മിക്ക സ്ക്രിപ്റ്റിലും സോമേട്ടൻ അഭിനയിച്ചിട്ടുമുണ്ട്. കിംഗ് എന്ന സിനിമയുടെ ഷൂട്ടിംഗ്  കഴിഞ്ഞപ്പോൾ സോമേട്ടൻ എന്നോട് പറഞ്ഞു - " എടാ മരിക്കും മുൻപേ എനിക്കൊരു നല്ല കഥാപാത്രത്തെ താടാ"യെന്ന്. പിന്നീട് ആനക്കാട്ടിൽ ഈപ്പച്ചനെന്ന കഥാപാത്രത്തെ സോമേട്ടനായി കരുതി വയ്ക്കുമ്പോൾ പിന്നീടൊരിക്കലും തന്റെ തിരക്കഥയിലഭിനയിക്കാൻ സോമേട്ടനുണ്ടാവില്ലെന്ന് കരുതിയിരുന്നില്ല." ഷൂട്ടിങ് കഴിഞ്ഞും സോമേട്ടൻ അക്കാലത്ത് ആനക്കാട്ടിൽ ഈപ്പച്ചനായി ജീവിക്കുകയായിരുന്നു. രഞ്ജി പണിക്കർ ഓർമ്മിക്കുന്നു.
      ഇന്നും സോമനെന്ന അതുല്യ പ്രതിഭയുടെ വീടിനു മുന്നിൽ ആനക്കാട്ടിൽ ഈപ്പച്ചന്റെ വലിയൊരു ചിത്രമുണ്ട്. ഒരിക്കലും മറക്കാത്ത ഒരോർമ്മക്കുറിപ്പു പോലെ... രഞ്ജി പണിക്കർ സമ്മാനിച്ച ചിത്രം....   


  
( കുറിപ്പ് : 2004 ഡിസംബറിൽ കന്യക ദൈവാരികയിൽ സബ് എഡിറ്ററായി ജോലി നോക്കുമ്പോൾ ക്രിസ്മസ് പതിപ്പിനായി ഞാൻ അടുപ്പത്തോടെ നായർജി എന്ന് വിളിക്കുന്ന  എഡിറ്റർ ശ്രീ. എ. ചന്ദ്രശേഖറിന്റെ നിർദ്ദേശപ്രകാരം തയ്യാറാക്കിയ ലേഖനത്തിൽ നിന്ന്.)

Wednesday, 24 July 2019

ആടുതോമയും ചാക്കോ മാഷും

മലയാളി മാറോടണച്ച വെള്ളിത്തിരയിലെ 12 ക്രിസ്ത്യാനികൾ    Part 7


ആടുതോമയും ചാക്കോ മാഷും  

        
      തോമസ് ചാക്കോയെന്ന ആടുതോമ മലയാളി  പ്രേക്ഷകരുടെ എക്കാലത്തെയും വലിയ ഹീറോ ആണ്. അതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് മൂന്നു വർഷത്തിനുള്ളിൽ മലയാളത്തിലെ ഒരു ചാനൽ 44 തവണ സ്ഫടികം  എന്ന സിനിമ ടെലികാസ്റ് ചെയ്ത് റിക്കോഡിട്ടത്.(2004 ലെ കണക്ക് )
        സ്ഫടിക സിനിമാ ത്രയങ്ങളിൽ രണ്ടാമത്തേത് എന്ന് അവകാശപ്പെടുന്ന ഉടയോന്റെ പണിപ്പുരയിലായിരുന്ന സംവിധായകൻ ഭദ്രൻ മാട്ടേലിനെ കാണാൻ ചെന്നപ്പോൾ അദ്ദേഹം കുറച്ചു നേരം ആടുതോമയുടെ ഓർമ്മകളിലേക്ക്   യാത്രയായി... "പാലാക്കാരനായ എനിക്ക് ജീവിതം സമ്മാനിച്ചതും കണ്ടറിഞ്ഞതുമായ അനുഭവങ്ങളാണ് സ്ഫടികം.  പാലാക്കാർ സ്വതവേ ഏറെ പ്രത്യേകതകൾ സ്വഭാവത്തിൽ സൂക്ഷിക്കുന്നവരാണ്. പാലാ കൃസ്ത്യാനികളുടെ ജീവിതത്തിലെ വിവിധ ഭാവങ്ങളായിരുന്നു സ്ഫടികം." കൃസ്ത്യൻ കഥാപാത്രങ്ങളുടെ സമ്പൂർണ്ണതയായിരിക്കും വരാൻ പോകുന്ന ഉടയോനിൽ മോഹൻലാൽ അവതരിപ്പിക്കുന്ന 74 കാരനായ ശൂരനാട്ട് കുഞ്ഞ് എന്ന കുഞ്ഞിപ്പാപ്പ എന്നു കൂടെ ഭദ്രൻ കൂട്ടിച്ചേർത്തു.
        പാലക്കാരായ ഒത്തിരിപ്പേരുടെ പ്രൊഫൈൽ ചേർത്താണ് ആടുതോമയെ സൃഷ്ടിച്ചതെങ്കിൽ സ്വന്തം അപ്പനുൾപ്പെടെയുള്ള കൃസ്ത്യൻ കുടുംബങ്ങളിലെ അപ്പന്മാരും സ്‌കൂളിൽ പഠിപ്പിച്ച പാലായിലെ ആലുംമൂട്ടിൽ തോമസ് സാർ, തൃശൂരിലെ പണിക്കർ സാർ, ഇരിഞ്ഞാലക്കുടയിലെ ഭൂതലിംഗം എന്നിവരെയൊക്കെ ചേരുംപടി ചേർത്താണ് ചാക്കോമാഷിനെ സൃഷ്ടിച്ചതെന്ന് ഭദ്രനും തന്റെ അഭിനയ ജീവിതത്തിലെ മികച്ച കഥാപാത്രങ്ങളിലൊന്നായിരുന്നു ആടുതോമയെന്ന്  മോഹൻലാലും പറയുന്നു.
        ഇന്നത്തെ പ്രേക്ഷകർക്ക് നെഗറ്റിവ് ആയി തോന്നാമെങ്കിലും തന്റെ കാഴ്ചപ്പാടിൽ പോസിറ്റിവായ കഥാപാത്രമാണ് ചാക്കോ മാഷെന്ന് ആ കഥാപാത്രത്തെ അവിസ്മരണീയമാക്കിയ നടൻ തിലകൻ. "ഓരോ അച്ഛനും മക്കൾ വലിയവരാകണമെന്ന് ആഗ്രഹിക്കും. അങ്ങനെയല്ലായെങ്കിൽ സ്വന്തം ചോര എന്ന് പറയുന്നതിൽ ഒരർത്ഥവുമില്ല. ചാക്കോ മാഷിനെ ഗംഭീരമാക്കിയെന്ന് പലരും പറഞ്ഞു. പക്ഷെ ആ കഥാപാത്രം ഗംഭീരമല്ല. ആടുതോമക്ക് കയ്യടി കിട്ടാൻ പലപ്പോഴും ചാക്കോമാഷെന്ന കഥാപാത്രത്തെ ദുർബലമാക്കി . അന്നേ സംവിധായകനോട് ഞാനത് തുറന്നു പറഞ്ഞു. ഹീറോ വർഷിപ്പ് ഉണ്ടാക്കുന്നതിന്റെ ഭാഗമായാണ് മകനുണ്ടാക്കിയ ട്രാൻസിസ്റ്റർ അടുപ്പിലിടാനും, സ്‌കൂൾ മണിയെടുത്ത് എറിയാനും  ചാക്കോ മാഷ് നിർബന്ധിതനായത്." തിലകൻ കൂട്ടിച്ചേർത്തു.
       അഭിനയത്തിന്റെ ഈ നാല്പത്തെട്ടാം വർഷത്തിൽ വിലക്കുകൾ മൂലം സിനിമയിൽ അഭിനയിക്കാൻ തിലകന് കഴിയുന്നില്ല. അവിടെ നമുക്ക് നഷ്ടമാകുന്നത് തിലകന് മാത്രം അഭിനയിക്കാൻ കഴിയുന്ന ഇത്തരം ചില കഥാപാത്രങ്ങളാണ്.
        അപ്പൻ പല തവണ അടുത്ത വീട്ടിലെ കുട്ടിയെ ചൂണ്ടിക്കാട്ടി അവനെ കണ്ടു പഠിക്കാൻ പറഞ്ഞിട്ടുണ്ടെന്ന് ഭദ്രൻ. സ്വന്തം അച്ഛൻ ചൂരലുമായി കണക്കു പഠിപ്പിക്കാൻ വിളിക്കുമ്പോൾ അറിയാവുന്നതു കൂടി മറന്നു പോകാറുണ്ടായിരുന്നുവെന്ന് തിലകനും ഓർക്കുന്നു.
       കുടിയേറ്റക്കാരായ കുടുംബങ്ങളിലെ സർവ കൃസ്ത്യൻ കഥാപാത്രങ്ങളും സ്ഫടികത്തിലുണ്ടായിരുന്നു. ഉള്ളിന്റെ ഉള്ളിൽ മകനെ സ്നേഹിച്ച ഒരപ്പൻ, അപ്പനോടുള്ള പ്രതിഷേധത്തിൽ തെമ്മാടിയായി തീരുന്ന മകൻ, ഇതിനിടയിൽ വേദനിക്കുന്ന ഹൃദയവുമായി ഒരമ്മയും സഹോദരിയും. ഇവരെല്ലാം ഒത്തു ചേർന്നപ്പോൾ ആടുതോമയും ചാക്കോ മാഷും പ്രേക്ഷക മനസ്സിൽ സ്ഥിര പ്രതിഷ്ഠ നേടിയ കഥാപാത്രങ്ങളായി മാറുകയായിരുന്നു. 1995 ൽ പുറത്തിറങ്ങിയ സ്ഫടികം മലയാള സിനിമ കണ്ട എക്കാലത്തെയും വലിയ ഹിറ്റുകളിൽ ഒന്നായി മാറി. സ്ഫടികം എന്ന സിനിമ കൊണ്ട് ജീവിതം മാറി മറിഞ്ഞ ഒരാൾ കൂടെയുണ്ട്. സിനിമയിൽ വില്ലനായി അരങ്ങേറ്റം കുറിച്ച ജോർജ് പിന്നീട് സ്ഫടികം ജോർജായി  അറിയപ്പെടാൻ തുടങ്ങി.    

  
( കുറിപ്പ് : 2004 ഡിസംബറിൽ കന്യക ദൈവാരികയിൽ സബ് എഡിറ്ററായി ജോലി നോക്കുമ്പോൾ ക്രിസ്മസ് പതിപ്പിനായി ഞാൻ അടുപ്പത്തോടെ നായർജി എന്ന് വിളിക്കുന്ന  എഡിറ്റർ ശ്രീ. എ. ചന്ദ്രശേഖറിന്റെ നിർദ്ദേശപ്രകാരം തയ്യാറാക്കിയ ലേഖനത്തിൽ നിന്ന്.)

Monday, 22 July 2019

തിയേറ്ററുകളെ കണ്ണീർ പുഴയാക്കി ആനി

മലയാളി മാറോടണച്ച വെള്ളിത്തിരയിലെ 12 ക്രിസ്ത്യാനികൾ    Part 6 



ആനി 

        
      1993 ൽ  ആനിയെ അവതരിപ്പിക്കാൻ സംവിധായകൻ സിബി മലയിൽ പല നടിമാരെയും സമീപിച്ചു. കഥാവസാനം മരിക്കുന്ന, നാല് കുട്ടികളുടെ അമ്മയെ അവതരിപ്പിക്കാൻ അന്നത്തെ പല പ്രശസ്ത നടിമാരും തയ്യാറായില്ല. ഒടുവിൽ പൊതുവെ ഭാഗ്യമില്ലാത്ത  നടിയായി അക്കാലത്ത് സിനിമാ ലോകം കരുതിയിരുന്ന മാധവിയെ ആനി എന്ന കഥാപാത്രം ഏൽപ്പിക്കാൻ സിബി മലയിൽ തീരുമാനിച്ചു. ഇത് സിനിമയുടെ പിന്നാമ്പുറക്കഥ. 
      ആകാശദൂത്  എന്ന സിബിമലയിൽ ചിത്രം തിയേറ്ററുകളിലെത്തിയപ്പോൾ പ്രേക്ഷകർ  ആനിയുടെ കണ്ണുനീരിനു മുന്നിൽ നോവുന്ന ഹൃദയവുമായി കണ്ണീരൊഴുക്കി. നാലുകുട്ടികളുടെ അമ്മ, അതിലൊന്ന് കൈക്കുഞ്ഞും മറ്റൊരാൾ അംഗ വൈകല്യമുള്ള ആൺകുട്ടിയും. ഏറ്റവും മുകളിലുള്ളതാകട്ടെ പെൺകുട്ടി. ഭർത്താവ് മദ്യപൻ. നൊമ്പര തീക്കടലിൽ നിൽക്കുമ്പോഴാണ് ഭേദമാക്കാനാകാത്ത അസുഖമാണ് തനിക്കെന്നവൾ തിരിച്ചറിയുന്നത്. ഇനി കുറച്ച് നാളത്തെ ജീവിതമേ ബാക്കിയുള്ളുവെന്ന യാഥാർഥ്യമറിഞ്ഞു   കണ്ണീരോടെ നിൽക്കുന്ന ആനി. എത്ര ചേർത്ത് പിടിച്ചിട്ടും കൈക്കുമ്പിളിൽ നിന്നൂർന്ന് പോകുന്ന ജലം കണക്കെ അവളുടെ ജീവിതം.
         ആനിയെ കണ്ടു മോഹിച്ചൊരാൾ ഭർത്താവിനെ വക വരുത്തുക കൂടി ചെയ്യുന്നതോടെ അവൾ തീർത്തും നിസ്സഹായയായി. മരണത്തെ മുന്നിൽ കണ്ട അമ്മയുടെ മുന്നിൽ മക്കളുടെ ഭാവി ചോദ്യ ചിഹ്നമാകുന്നു. താൻ മരണമടഞ്ഞാൽ മക്കൾ അനാഥരായി മാറുമെന്ന തിരിച്ചറിവിൽ ആ അമ്മ വേദനയോടെ മക്കളെ ആർക്കെങ്കിലുമൊക്കെ വളർത്താൻ കൊടുക്കാനായി തീരുമാനിക്കുന്നു. അപ്പോഴും ഒരു പ്രശ്നം. അംഗ വൈകല്യമുള്ള കുട്ടിയെ മാത്രം ആരും ദത്തെടുക്കാൻ തയ്യാറായില്ല. തീരാത്ത നൊമ്പരത്തോടെ ഒടുവിൽ അവൾ മരണത്തിനു മുന്നിൽ പരാജയം സമ്മതിച്ചു.
         കേരളത്തിലെ തിയേറ്ററുകളെ കണ്ണീർ പുഴയാക്കാൻ ആകാശദൂതിനു സാധിച്ചു. സ്ത്രീകൾ മാത്രമല്ല പുരുഷന്മാരും  ആനിയുടെ ദുഃഖം തിയേറ്ററുകളിൽ ഏറ്റു  വാങ്ങിയതായി സംവിധായകൻ സിബി മലയിൽ.             "ആകാശദൂത് വിജയിച്ചതിനു പിന്നിലെ കാരണം അതൊരു ഫാമിലി സെന്റിമെന്റ്സ് ആയതുകൊണ്ടാണ്."
        " ഒരു ഹൈ വോൾട്ടേജ് സെന്റിമെന്റ്സ് കഥയെഴുതി. പ്രേക്ഷകർ  അത് സ്വീകരിച്ചു .ആനിയുടെ കഥ പറയാൻ പറ്റിയത് കൃസ്ത്യൻ പശ്ചാത്തലമായിരുന്നു.അതുകൊണ്ട് ആനി കൃസ്ത്യാനിയായി." തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫ് .
     ആകാശദൂത് തിയേറ്ററുകളിലെത്തിയപ്പോൾ പ്രേക്ഷകർ ആനിക്ക് നൽകിയ ഹൃദയം നിറഞ്ഞ അംഗീകാരം കണ്ടപ്പോൾ ആ വേഷം വേണ്ടെന്ന് തീരുമാനിച്ചത് തെറ്റായി പോയെന്ന് ചില നടിമാരെങ്കിലും വേദനയോടെ ഓർത്തിട്ടുണ്ടാവും....

  
( കുറിപ്പ് : 2004 ഡിസംബറിൽ കന്യക ദൈവാരികയിൽ സബ് എഡിറ്ററായി ജോലി നോക്കുമ്പോൾ ക്രിസ്മസ് പതിപ്പിനായി ഞാൻ അടുപ്പത്തോടെ നായർജി എന്ന് വിളിക്കുന്ന  എഡിറ്റർ ശ്രീ. എ. ചന്ദ്രശേഖറിന്റെ നിർദ്ദേശപ്രകാരം തയ്യാറാക്കിയ ലേഖനത്തിൽ നിന്ന്.)

Friday, 19 July 2019

തൊമ്മി

മലയാളി മാറോടണച്ച വെള്ളിത്തിരയിലെ 12 ക്രിസ്ത്യാനികൾ    Part 5




തൊമ്മി  

        
      പ്രശസ്ത  കഥാകൃത്ത് സക്കറിയയുടെ പിതാവിന് കർണ്ണാടകത്തിൽ കൃഷിത്തോട്ടമുണ്ടായിരുന്നു. കുട്ടിക്കാലത്തും മുതിർന്ന ശേഷവും സക്കറിയ പലവട്ടം അവിടെ പോയിട്ടുണ്ട്.അവിടെ പരിചയപ്പെട്ട രണ്ടു പേരിൽ ഒരു നോവലിന് പറ്റിയ സങ്കേതമുണ്ടെന്നു തിരിച്ചറിഞ്ഞപ്പോൾ  സക്കറിയ ഒരു നോവലെഴുതി- ഭാസ്കര പട്ടേലരും ഞാനും.
      പ്രത്യേക രീതിയിൽ ക്രൂരനും എന്നാൽ ആ   ക്രൂരത സ്വയം  തിരിച്ചറിയാത്തയാളുമായ പട്ടേലരും  അയാളുടെ  ക്രൂരതക്ക് വിധേയനാകുന്ന തൊമ്മിയും. ഇവരുടെ കഥയായിരുന്നു സക്കറിയ പറഞ്ഞത്. അതിൽ ദൃശ്യ വ്യാഖ്യാനത്തിന്റെ സാധ്യതകൾ തിരിച്ചറിഞ്ഞ പ്രശസ്ത സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ സക്കറിയയെ തേടിയെത്തി. അങ്ങനെ 1993 ൽ വിധേയൻ തിയേറ്ററുകളിൽ എത്തി.
       അവിശ്വാസിയായ ഹിന്ദുവിൽ വിശ്വാസിയായ കൃസ്ത്യാനിയുടെ വിജയമായി വിധേയനെ കണക്കാക്കാമെന്ന് അടൂർ പറയുന്നു: " പാപത്തെ പറ്റിയുള്ള ധാരണകൾ, ചോദ്യം ചെയ്യപ്പെടാത്ത വിശ്വാസം എന്നിവ തൊമ്മി എന്ന കഥാപാത്രത്തിലുണ്ട്. അധികാരത്തിനു മുന്നിൽ സ്വയം അടിയറവു പറയുന്നയാളാണ് തൊമ്മി തൊമ്മിയുടെ ആന്തരികമായ വളർച്ചയാണ് വിധേയൻ.
         ഒരു കൃസ്ത്യൻ പേരുണ്ടായി എന്നല്ലാതെ കൃസ്തീയ ബിംബങ്ങളോ ശക്തമായ കൃസ്തീയ അടിത്തറകളോ നോവലിലെ തൊമ്മിക്കുണ്ടായിരുന്നില്ലെന്ന് സക്കറിയ പറഞ്ഞു: " തൊമ്മിയെ യഥാർത്ഥത്തിൽ കൃസ്ത്യാനിയാക്കിയത് അടൂരാണ്. നോവലും സിനിമയും രണ്ടു മാധ്യമങ്ങൾ എന്ന നിലയിൽ കൈവരുന്ന വ്യത്യാസം മാത്രമാണതെന്നും " സക്കറിയ.
          സമൂഹത്തിൽ ഒരുപാട് തൊമ്മിമാരുണ്ടെന്ന് തൊമ്മിക്ക്  ജീവൻ നൽകിയ നടൻ എം.ആർ.ഗോപകുമാർ പറഞ്ഞു. " സ്വയം ജീവിക്കാതെ മറ്റുള്ളവർക്ക് വേണ്ടി ജീവിക്കുന്ന വിധേയന്മാർ. സ്വന്തം ഭാര്യയെ പട്ടേലർ പ്രാപിക്കുമ്പോൾ പോലും അത് തടയാൻ തൊമ്മിയുടെ വിധേയത്വം അനുവദിക്കുന്നില്ല.  മറിച്ച് ഓമനേ, വന്നുവന്ന് നിനക്കിപ്പം പട്ടേലരുടെ സെന്റിന്റെ മണമാ " എന്നാണയാൾ ഭാര്യയോട് പറയുന്നത്.
         മെരുക്കാനാകാത്ത വന്യമായ ഒരു ശക്തി സക്കറിയയുടെ കഥക്കുണ്ടായിരുന്നു. അതായിരുന്നു അടൂരിലെ ചലച്ചിത്രകാരനെ തൊമ്മിയിലേക്കും പട്ടേലരിലേക്കും ആകർഷിച്ചത്.   നടനെ കണ്ടാൽ കഥാപാത്രമാണെന്ന് തോന്നണം അതാണ് പ്രധാനം. തൊമ്മിയോട്‌ ഗോപകുമാറെന്ന നടനുണ്ടായിരുന്ന രൂപത്തിലും ഭാവത്തിലുമുള്ള സാദൃശ്യം പ്രേക്ഷക മനസ്സിലിടം നേടാൻ സഹായിച്ചിട്ടുണ്ടെന്ന് അടൂർ.
           അടൂർ വിളിക്കുമ്പോൾ മതിലുകളിൽ ചെയ്ത പോലെ ഏതോ ചെറിയ വേഷത്തിനു വേണ്ടി ആയിരിക്കും എന്നാണ് ഗോപകുമാർ കരുതിയത്. പിന്നീട് നോവൽ വായിച്ചപ്പോഴാണ് കഥാപാത്രത്തിന്റെ ശക്തി മനസ്സിലായത്. അന്ന്  സുഹൃത്തുക്കൾ പറഞ്ഞത് ഗോപകുമാർ ഇന്നും ഓർമ്മിക്കുന്നു - " ഇനി ഒരു വേഷവും ചെയ്തില്ലെങ്കിലും നിന്നിലെ നടൻ ഈ കഥാപാത്രത്തിലൂടെ മാത്രം അറിയപ്പെടും."
         പട്ടേലർക്ക് നൽകാൻ തൊമ്മിക്ക് ഒത്തിരി കാര്യങ്ങളുണ്ടായിരുന്നു. അഭയം, ഭക്ഷണം, കൂട്ട് ഇവയൊക്കെ തൊമ്മി നൽകി. എന്നാൽ തൊമ്മിക്ക് നൽകാനൊന്നും തന്നെ പട്ടേലർക്ക് ഉണ്ടായിരുന്നില്ല. ഇല്ലാത്ത അധികാരങ്ങൾക്കു മുന്നിൽ നിഷ്ടൂരത കാണിക്കുന്ന പട്ടേലർക്ക് മുന്നിൽ തനിക്കെന്തൊക്കെയോ നഷ്ടപ്പെടാനുണ്ടെന്ന് കരുതി അരുതെന്ന് പറയാൻ മടിക്കുന്ന തൊമ്മി ഇന്നും നമ്മുടെയൊക്കെ മനസ്സിൽ ജീവിക്കുന്നു. കാരണം നമ്മളിലൊരാളായി ഇന്നുമുണ്ട് സമൂഹത്തിൽ തൊമ്മിമാർ.... 
  
( കുറിപ്പ് : 2004 ഡിസംബറിൽ കന്യക ദൈവാരികയിൽ സബ് എഡിറ്ററായി ജോലി നോക്കുമ്പോൾ ക്രിസ്മസ് പതിപ്പിനായി ഞാൻ അടുപ്പത്തോടെ നായർജി എന്ന് വിളിക്കുന്ന  എഡിറ്റർ ശ്രീ. എ. ചന്ദ്രശേഖറിന്റെ നിർദ്ദേശപ്രകാരം തയ്യാറാക്കിയ ലേഖനത്തിൽ നിന്ന്.)