മരണത്തിന്റെ കയ്യും പിടിച്ചവൻ നടന്നു നീങ്ങിയതെന്തിന് ????
2010ൽ ബി സി ജെയിൽ ഒരു മത്സരാർത്ഥി ആയാണ് സാജൻ എന്റെ മുന്നിൽ ആദ്യം എത്തിയത്. പിന്നീട് എന്റെ വാർത്തയിൽ കുറെ വാർത്തകൾ... അതിനു ശേഷം കഴിഞ്ഞ കുറെ വർഷങ്ങളായി കഥയല്ലിത് ജീവിതത്തിലും മലയാളി ദർബാറിലും ലോക്കൽ കോർഡിനേറ്ററായി സാജൻ എന്റെ ടീമിലുണ്ടായിരുന്നു. ഇക്കഴിഞ്ഞ 2, 3, 4 തിയതികളിൽ നടന്ന ഷൂട്ടിംഗിനും സാജൻ ഉണ്ടായിരുന്നു...
ഇന്നലേയും മിനഞ്ഞാന്നും നടന്ന മലയാളി ദർബാറിന്റെ ഷൂട്ടിംഗിനും അവനെ വിളിച്ചതാണ് . പക്ഷേ അവൻ ഒഴിഞ്ഞു മാറി... അത് ഇതിനു വേണ്ടി ആയിരുന്നോ???
അവിശ്വസനീയം...
അവിശ്വസനീയം...
രണ്ട് വർഷം മുൻപ് എന്റെ വീടിന്റെ ഗൃഹ പ്രവേശത്തിന് രണ്ടു ദിവസം മുഴുവൻ സാജനും എന്നോടൊപ്പം ഉണ്ടായിരുന്നു. പഴയ വീട്ടിൽ നിന്ന് എന്റെ പുസ്തകങ്ങൾ പാക്ക് ചെയ്യാനും അത് പുതിയ വീട്ടിൽ കൊണ്ട് ഷെൽഫിൽ അടുക്കി വയ്ക്കാനും അവൻ മുന്നിട്ടിറങ്ങി. ഒരോ പുസ്തകവും തുറന്നു പേജുകൾ മറിച്ച്
നോക്കി ഒരുപാട് സമയം എടുത്താണ് അവൻ ആ ജോലി തീർത്തത് . പോകാൻ നേരം അവൻ 9 പുസ്തകങ്ങൾ വായിക്കാനായി എടുത്തോട്ടെ എന്ന് മടിയോടെ ചോദിച്ചു. പുസ്തകം എടുത്തോളൂ പക്ഷെ എത്രയും പെട്ടെന്ന് വായിച്ചിട്ട് തിരികെ എത്തിക്കണം എന്ന് ഞാൻ മറുപടി പറഞ്ഞു. ( പുസ്തകം വായിക്കാനായി വാങ്ങി കൊണ്ട് പോയാൽ തിരികെ തരാത്തവരാണു ഏറെ പേരും. എനിക്ക് പ്രിയപ്പെട്ട ചില പുസ്തകങ്ങൾ കൊണ്ട് പോയി ഇനിയും മടക്കി തരാത്ത ഒരു അടുത്ത സുഹൃത്ത് ഇപ്പോഴും ഉണ്ട്. കടം വാങ്ങിയ 1000 രൂപ മടക്കി തന്നില്ലെങ്കിലും അത് ചിലപ്പോൾ നമുക്ക് മറക്കാനാവും പക്ഷേ 1oo രൂപയുടെ ഒരു പുസ്തകം തന്നില്ലെങ്കിൽ നമ്മളത് ഓർത്തിരിക്കുക തന്നെ ചെയ്യും..) ഇത് പറഞ്ഞിട്ടാണ് ഞാൻ അവനന്ന് പുസ്തകം കൊടുത്തത്.
പക്ഷേ ആ പുസ്തകം രണ്ട് വർഷം കഴിഞ്ഞിട്ടും തിരികെ കിട്ടിയിരുന്നില്ല. ഞാൻ ഒന്ന് രണ്ട് വട്ടം ഓർമ്മിപ്പിക്കുകയും വഴക്ക് പറയുകയും ചെയ്തിട്ടും ഒരു പ്രയോജനവും ഉണ്ടായില്ല. ഞാനത് വിട്ടു. എന്നാൽ ജനുവരി 2,3,4 തിയതികളിൽ നടന്ന കഥയല്ലിത് ജീവിതത്തിൻറെ ഷൂട്ടിംഗിനു എത്തിയപ്പോൾ അവൻ അതിൽ 8 പുസ്തകങ്ങൾ തിരികെ കൊണ്ട് വന്ന് സുധീഷിനെ എല്പിച്ചു. ഞാൻ ഈ അടുത്ത കാലത്തൊന്നും പുസ്തകങ്ങൾ തിരികെ ചോദിച്ചിട്ടേ ഇല്ലായിരുന്നു. ഞാനും അത് മറന്നു തുടങ്ങിയിരുന്നു.
ഒരെണ്ണം കാണാനില്ലെന്നും 8 പുസ്തകങ്ങൾ സുധീഷിനെ എല്പിച്ച്ചിട്ടുണ്ടെന്നും അവൻ പോകാൻ നേരം എന്നോട് പറഞ്ഞു. അപ്പോൾ സുധീഷ് പറഞ്ഞു "ചേട്ടാ അതിൽ ഒരു പുസ്തകത്തിനകത്ത് ഉണങ്ങിയ ഒരു അരയാൽ ഇല ഇരിക്കുന്നു. ഞാൻ ചോദിച്ചു എന്താടാ വല്ല കൂടോത്രവും ആണോ. അപ്പോൾ അവൻ പറഞ്ഞ മറുപടി ഇങ്ങനെ ആയിരുന്നു. " സാറിന്റെ വീട്ടിൽ നിന്ന് കൊണ്ട് പോകുമ്പോൾ അത് ആ പുസ്തകത്തിനകത്ത് ഉണ്ടായിരുന്നു. അതെങ്ങാനും കളഞ്ഞു പോയാൽ ഇനി വഴക്ക് പറയുമോ എന്ന് കരുതിയാണ് ഞാൻ അത് സൂക്ഷിച്ചു വച്ചത്."
വർക്കിനിടയിൽ എന്തെങ്കിലും തെറ്റ് കാണിച്ചാൽ എല്ലാ കണ്ട്രോളും വിട്ട് ഞാൻ എന്റെ ടീമിനെ വഴക്ക് പറയാറുണ്ട്... എവിടെയാണെന്നോ ആരൊക്കെ നില്ക്കുന്നുന്ടെന്നോ ഒന്നും ഞാനപ്പോൾ ശ്രദ്ധിക്കാറില്ല. എന്നാൽ ആ ദിവസം പിരിയുന്നതിനു മുന്പ് ഞങ്ങൾ ആ പ്രശ്നം പറഞ്ഞ് അവസാനിപ്പിക്കുകയും പോകുന്നതിനു മുൻപ് ടീം അംഗങ്ങൾ എല്ലാ ദേഷ്യവും കളഞ്ഞ് എന്റെ കവിളിൽ ഒരുമ്മ നല്കി, പഴയ സ്നേഹത്തോടെയാണു ഞങ്ങൾ അന്ന് യാത്രയാവുക. 2008 ൽ തുടങ്ങിയ ഒരു ശീലമാണത്. അന്നേരം ഞാനൊരു വല്യേട്ടനും അവർ കുഞ്ഞനുജന്മാരും ആയി മാറുന്നു.എന്റെ ടീമിന്റെ ഒരു വിജയ രഹസ്യവും അതാണ് .
ഇത്തവണ ജനുവരിയിൽ നടന്ന ഷൂട്ടിങ്ങിനിടയിലും ഇത്തരത്തിൽ ചില വഴക്കുകൾ പറയേണ്ടി വരികയും അതെല്ലാം പറഞ്ഞ് തീർത്ത് ഞാൻ കാറിൽ കയറി കഴിഞ്ഞപ്പോൾ വിൻഡോയിലൂടെ ഓരോരുത്തരായി എൻറെ കവിളിൽ ഓരോ ഉമ്മ നല്കുകയും ചെയ്തു. അന്ന് സാജൻ നല്കിയത് അവസാന ഉമ്മയായിരുന്നു എന്ന് അപ്പോൾ ഞങ്ങളാരും അറിഞ്ഞതേയില്ലല്ലോ.... എന്റെ ടീമിലെ ഒരോരുത്തരും അഗാധമായി വേദനിക്കുന്നു. സിനുവും പൈതൃകും ഇന്നലെ രാത്രി വൈകിയും സംസാരിച്ചത് സാജനെക്കുറിച്ചായിരുന്നു.
പാരാ സൈക്കോളജിയെന്നും, ഹൊറർ നോവലെന്നും സിനിമ സ്ക്രിപ്റ്റെന്നും ഒക്കെ പറഞ്ഞ് ഒരോ കഥകളുമായി ഞങ്ങളെ ശല്യപ്പെടുത്താൻ ഇനി അവൻ വരില്ല....
ഒരു ചോദ്യം മാത്രം ഞങ്ങൾക്കിടയിൽ ബാക്കിയാവുന്നു... ഞങ്ങൾ ആരോടും പറയാതെ മരണത്തിൻറെ കയ്യും പിടിച്ചവൻ നടന്നു പോയതെന്തിന് ????

No comments:
Post a Comment