Saturday, 15 October 2016

      ഒക്ടോബർ 15...
      കലണ്ടറിൽ ഈ ദിവസം ഉണ്ടാകാതിരുന്നെങ്കിലെന്ന് ആഗ്രഹിച്ചു പോകുന്നു. ഇന്ന് കഥയല്ലിത് ജീവിതത്തിന്റെ ഷൂട്ടിങ് നടക്കുന്നു. കഴിഞ്ഞ വർഷം ഒക്ടോബർ 16 നായിരുന്നു കഥയല്ലിത് ജീവിതത്തിന്റെ ഷൂട്ടിങ്. ഒക്ടോബർ 15 ന് ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട തിരക്കുകളിലായിരുന്നു ഞങ്ങൾ എല്ലാവരും. അപ്പോഴാണ് അമ്മക്ക് സുഖമില്ലെന്നും അടുത്ത വീട്ടിലെ കാറിൽ ഹോസ്പിറ്റലിലേക്ക് പോവുകയാണെന്നും  പറഞ്ഞു വൈകിട്ട് വീട്ടിൽ നിന്ന് അച്ഛന്റെ  ഫോൺ വന്നത്.   ഹോസ്പിറ്റലിൽ എത്തുന്നത് വരെ 'അമ്മ കാത്ത് നിന്നില്ല....
      ഇന്നിതാ ഒരു വർഷം... ഇത്രയും നാൾ അമ്മ കൂടെയില്ല എന്ന് തോന്നിയിട്ടേയില്ല.  അമ്മ ഒപ്പം തന്നെയുള്ളതു പോലെയാണ്. ഓരോ മാസവും ബലിയിടുമ്പോൾ മാത്രമായിരുന്നു 'അമ്മ  വിട്ടു പോയെന്നത്  മനസ്സിനെ വേദനിപ്പിക്കുക. അപ്പോൾ ഓരോന്നായി മനസ്സിലേക്ക് കടന്നു വരും... ഒക്ടോബർ 15  എന്ന ദിവസം...  അമ്മ വിട്ടു പോയെന്നറിഞ്ഞു നിറുത്താതെ കരഞ്ഞു കൊണ്ടിരുന്ന പൈതൃകത്തിന്റെ മുഖം... അവൻ  അന്ന് കരഞ്ഞു പറഞ്ഞത് ഇപ്പോഴും മനസ്സിലുണ്ട്...  "അച്‌ഛാ  സ്വർഗ്ഗത്തിലാണ്  അമ്മു  പോയതെങ്കിലും നമ്മളെ കാണാതെ അമ്മുവിന് അവിടെ ഒരു സന്തോഷവും കാണില്ല. അതുകൊണ്ടു നമുക്കും അമ്മുവിൻറെ  കൂടെ പോകാം..."  ഇന്നും കൂടെയല്ലേ ഇനി അമ്മുവിൻറെ കൂടെ കിടക്കാൻ പറ്റൂ എന്ന് പറഞ്ഞു രാത്രി മുഴുവൻ  അമ്മയുടെ അടുത്ത് നിന്നും മാറാതെ കിടന്നു അവൻ... പിന്നെ വേദനയോടെ നിന്ന വീട്ടിലെ ഓരോരുത്തരുടെയും മുഖങ്ങൾ.... ഓരോന്നായി  മനസ്സിലേക്ക് കടന്നു വരും... പിറ്റേന്ന് മുതൽ ഞാനറിഞ്ഞു, പല കാര്യങ്ങളിലും എനിക്ക് തീരുമാനം എടുക്കാൻ കഴിയാതെ വരുന്നുണ്ടെന്നു  ഓരോ കാര്യങ്ങളിലും തീരുമാനം എടുക്കാൻ അത്രയും നാൾ അമ്മയെയാണ് ഞാൻ ആശ്രയിച്ചിരുന്നത്. മക്കൾക്കോ എനിക്കോ ഒരു ഡ്രസ് എടുക്കുന്നത് വരെയുള്ള നിസ്സാര കാര്യങ്ങളിൽ പോലും  അമ്മയോട് ചോദിച്ചിട്ടായിരുന്നു അത്രയും നാൾ ചെയ്തിരുന്നത്. പക്ഷെ  അമ്മയുടെ മരണാന്തര ചടങ്ങുകളിലും തുടർന്നുള്ള ദിവസങ്ങളിലും  ഓരോ തീരുമാനം എടുക്കേണ്ടി വന്നപ്പോഴൊക്കെ ഞാനറിയാതെ അഭിപ്രായം അറിയാൻ അമ്മയെ വിളിച്ചു. ഇപ്പോഴും അങ്ങനെ തന്നെയാണ്.  ഇതേ മാനസികാവസ്ഥ തന്നെയാണ് അച്ഛന്റേതും....
          ഒരു വർഷം കടന്നു പോയി... ഒരു വർഷവും അമ്മ കൂടെ തന്നെ ഉണ്ടായിരുന്നത് കൊണ്ടാണ് ഞങ്ങൾക്ക് പിടിച്ച് നിൽക്കാനായതും. ഞാൻ വഴക്കു പറയുമ്പോൾ, ചെറിയ തല്ലു കൊടുക്കുമ്പോൾ  പാറു ഇപ്പോഴും പരാതി  പറയും : അമ്മൂ ദാ, അമ്മുവിൻറെ മോനെന്നെ വഴക്കു പറയുന്നു, അടിക്കുന്നു  എന്നൊക്കെ.""എവിടേക്കെങ്കിലും പോകുമ്പോൾ പൈതൃവും  പാറുവും അമ്മയോടിപ്[പ്പോഴും ടാറ്റ പറയും, പുതിയ ഡ്രസ്സ് വാങ്ങുമ്പോൾ അമ്മയോട് ഡ്രസ്സ് കൊള്ളാമോ എന്ന് അവർ അഭിപ്രായം ചോദിക്കും.... അങ്ങനെയങ്ങനെ ഞങ്ങൾക്കെല്ലാവർക്കുമൊപ്പം അമ്മയുണ്ട് എന്നും ഇപ്പോഴും...

Thursday, 14 January 2016

മരണത്തെ മുഖാമുഖം കണ്ട് തിരിച്ചു വന്ന ചിലർക്കൊപ്പം...

മറക്കാനാവാത്ത 
ചില
 കൊച്ച് സന്തോഷങ്ങൾ        

        സ്വന്തം മകളെ ഒന്ന് വാരിയെടുക്കാണോ  ഉമ്മ വയ്ക്കാനോ പോലും ആകാതെ കിടക്കയിൽ തളര്ന്നു കിടന്നിരുന്ന അച്ഛൻ ശ്രീജിത്തിന്റെ അരികിലിരുന്ന്  അയാളോട് കളിക്കാനും കൂട്ടുകൂടാനും ശ്രമിച്ചിരുന്ന മണിക്കുട്ടി എന്ന  പിഞ്ചോമന. സാമ്പത്തിക ബുദ്ധിമുട്ട് കാരണം ഇടുപ്പെല്ല് മാറ്റി വയ്ക്കാനാകാതെ കണ്ണീരോടെയാണ് ശ്രീജിത്ത് ഓരോ നാളും തള്ളി നീക്കിയിരുന്നത്‌. ശ്രീജിത്ത് ഇന്ന് മണിക്കുട്ടിയേയും എടുത്ത്‌  നടക്കുന്നത് കാണുമ്പോൾ പറഞ്ഞറിയിക്കാനാകത്ത  ഒരു സന്തോഷമുണ്ട് എനിക്കും എന്റെ ടീമിനും...
     അത് പോലെ തന്നെയാണ്  സാമ്പത്തിക ബുദ്ധിമുട്ട്  മൂലം  വൃക്ക മാറ്റി വയ്ക്കാൻ  കഴിയാതെ മരണത്തെ മുഖാമുഖം കണ്ട വിജിത്  എന്ന കൗമാരക്കാരൻ...  അമ്മ വൃക്ക നല്കാൻ തയ്യാറായിട്ടും ശസ്ത്രക്രിയ നടത്താൻ വിജിത്തിന് പണമില്ലായിരുന്നു. ശസ്ത്രക്രിയ കഴിഞ്ഞ് ഇന്നിപ്പോൾ വിജിത് സന്തോഷത്തോടെ ജീവിതം മുന്നോട്ട് നീക്കുന്നു.  മകനെക്കുറിച്ചോർത്ത് കണ്ണീരൊഴുക്കിയിരുന്ന അവന്റെ അമ്മയുടെ മുഖത്തിപ്പോൾ പുഞ്ചിരി മാത്രം.
      കരൾ  മാറ്റ  ശസ്ത്രക്രിയക്ക് പണമില്ലാതെ ശരീരമാകെ വ്രണം ബാധിച്ചു  ഗുരുതരാവസ്ഥയിൽ മരണത്തെ മുഖാമുഖം നോക്കി കഴിഞ്ഞിരുന്ന മനാഫ്.  പാതി വഴിയില പഠനം ഉപേക്ഷിച്ച് ഭക്ഷണത്തിനു പോലും വകയില്ലാതെ പട്ടിണി കിടന്നിരുന്ന മനാഫിന്റെ മക്കൾ... വയനാട് സ്വദേശിയായ മനാഫിന്ന്  ആരോഗ്യത്തോടെ എണീറ്റ് നടക്കുന്നു. മക്കളുടെ മുഖത്തും ഇന്ന് നിറഞ്ഞ സന്തോഷം....
     രോഗ ബാധിതനായി തല ചായ്ക്കാൻ ഒരു വീട് പോലും ഇല്ലാതെ ദുരിതം അനുഭവിച്ചിരുന്ന  കായകുളം സ്വദേശി രാജേഷ്‌... രാജേഷ് ഇന്ന് അന്തിയുറങ്ങുന്നത് സ്വന്തം വീട്ടിലാണ്.....
   നെയ്യാറ്റിൻകര  സ്വദേശി ശ്യാമള, വിളപ്പിൽശാല സ്വദേശി കൃഷ്ണൻകുട്ടി അങ്ങനെ മരണത്തെ തോല്പിച്ച്  2015 ൽ ജീവിതത്തിലേക്ക് തിരികെ വന്നവർ  വേറെയുമുണ്ട്.   ഇവരെ  ജീവിതത്തിലേക്ക് തിരികെയെത്തിച്ചത് എന്റെ വാർത്തയാണ്... എന്റെ വാർത്തയുടെ  പ്രേക്ഷകർ  നല്കിയ സാമ്പത്തിക സഹായം ആണ്  ഇവർക്ക്  തുണയായത്.
      ഇത്  2015 ൽ ഞങ്ങൾക്ക്  ചെയ്യാനായ ഏതാനും നല്ല കാര്യങ്ങളിൽ ചിലത് മാത്രം. എല്ലാ പ്രിയ പ്രേക്ഷകർക്കും  നന്ദി... 
        

Monday, 11 January 2016

അരയാലിലയും അവസാന ഉമ്മയും....

മരണത്തിന്റെ കയ്യും പിടിച്ചവൻ നടന്നു നീങ്ങിയതെന്തിന് ????


    

                         2010ൽ ബി സി ജെയിൽ ഒരു മത്സരാർത്ഥി ആയാണ് സാജൻ എന്റെ മുന്നിൽ ആദ്യം എത്തിയത്. പിന്നീട് എന്റെ വാർത്തയിൽ കുറെ വാർത്തകൾ... അതിനു ശേഷം കഴിഞ്ഞ കുറെ വർഷങ്ങളായി കഥയല്ലിത് ജീവിതത്തിലും മലയാളി ദർബാറിലും ലോക്കൽ കോർഡിനേറ്ററായി സാജൻ എന്റെ ടീമിലുണ്ടായിരുന്നു. ഇക്കഴിഞ്ഞ 2, 3, 4 തിയതികളിൽ നടന്ന ഷൂട്ടിംഗിനും സാജൻ ഉണ്ടായിരുന്നു... 
                   ഇന്നലേയും മിനഞ്ഞാന്നും നടന്ന മലയാളി ദർബാറിന്റെ ഷൂട്ടിംഗിനും അവനെ വിളിച്ചതാണ് . പക്ഷേ അവൻ ഒഴിഞ്ഞു മാറി... അത് ഇതിനു വേണ്ടി ആയിരുന്നോ???
അവിശ്വസനീയം...
                    രണ്ട്  വർഷം  മുൻപ് എന്റെ വീടിന്റെ ഗൃഹ പ്രവേശത്തിന്  രണ്ടു ദിവസം മുഴുവൻ സാജനും എന്നോടൊപ്പം ഉണ്ടായിരുന്നു. പഴയ വീട്ടിൽ നിന്ന് എന്റെ പുസ്തകങ്ങൾ പാക്ക് ചെയ്യാനും അത് പുതിയ വീട്ടിൽ കൊണ്ട് ഷെൽഫിൽ അടുക്കി വയ്ക്കാനും അവൻ മുന്നിട്ടിറങ്ങി. ഒരോ പുസ്തകവും തുറന്നു  പേജുകൾ മറിച്ച്  
നോക്കി ഒരുപാട് സമയം എടുത്താണ് അവൻ ആ ജോലി തീർത്തത് . പോകാൻ നേരം അവൻ 9 പുസ്തകങ്ങൾ വായിക്കാനായി എടുത്തോട്ടെ എന്ന് മടിയോടെ ചോദിച്ചു. പുസ്തകം എടുത്തോളൂ പക്ഷെ എത്രയും പെട്ടെന്ന് വായിച്ചിട്ട്  തിരികെ എത്തിക്കണം എന്ന് ഞാൻ മറുപടി  പറഞ്ഞു. ( പുസ്തകം വായിക്കാനായി വാങ്ങി കൊണ്ട് പോയാൽ തിരികെ തരാത്തവരാണു ഏറെ പേരും. എനിക്ക് പ്രിയപ്പെട്ട ചില പുസ്തകങ്ങൾ കൊണ്ട് പോയി ഇനിയും മടക്കി തരാത്ത ഒരു അടുത്ത സുഹൃത്ത് ഇപ്പോഴും ഉണ്ട്. കടം വാങ്ങിയ  1000 രൂപ മടക്കി തന്നില്ലെങ്കിലും അത് ചിലപ്പോൾ  നമുക്ക് മറക്കാനാവും പക്ഷേ 1oo രൂപയുടെ ഒരു പുസ്തകം തന്നില്ലെങ്കിൽ നമ്മളത് ഓർത്തിരിക്കുക തന്നെ ചെയ്യും..) ഇത് പറഞ്ഞിട്ടാണ് ഞാൻ അവനന്ന് പുസ്തകം കൊടുത്തത്.
                   പക്ഷേ  ആ പുസ്തകം രണ്ട് വർഷം കഴിഞ്ഞിട്ടും തിരികെ കിട്ടിയിരുന്നില്ല. ഞാൻ ഒന്ന് രണ്ട്  വട്ടം ഓർമ്മിപ്പിക്കുകയും വഴക്ക് പറയുകയും ചെയ്തിട്ടും ഒരു പ്രയോജനവും ഉണ്ടായില്ല. ഞാനത് വിട്ടു. എന്നാൽ ജനുവരി 2,3,4 തിയതികളിൽ നടന്ന കഥയല്ലിത് ജീവിതത്തിൻറെ ഷൂട്ടിംഗിനു എത്തിയപ്പോൾ അവൻ അതിൽ 8 പുസ്തകങ്ങൾ തിരികെ കൊണ്ട് വന്ന്  സുധീഷിനെ എല്പിച്ചു. ഞാൻ ഈ അടുത്ത കാലത്തൊന്നും പുസ്തകങ്ങൾ തിരികെ  ചോദിച്ചിട്ടേ ഇല്ലായിരുന്നു. ഞാനും അത് മറന്നു തുടങ്ങിയിരുന്നു. 
              ഒരെണ്ണം കാണാനില്ലെന്നും 8 പുസ്തകങ്ങൾ സുധീഷിനെ എല്പിച്ച്ചിട്ടുണ്ടെന്നും   അവൻ പോകാൻ നേരം എന്നോട് പറഞ്ഞു. അപ്പോൾ സുധീഷ്‌ പറഞ്ഞു "ചേട്ടാ അതിൽ ഒരു പുസ്തകത്തിനകത്ത് ഉണങ്ങിയ ഒരു അരയാൽ ഇല ഇരിക്കുന്നു. ഞാൻ ചോദിച്ചു എന്താടാ വല്ല കൂടോത്രവും ആണോ. അപ്പോൾ അവൻ പറഞ്ഞ മറുപടി ഇങ്ങനെ ആയിരുന്നു. " സാറിന്റെ  വീട്ടിൽ നിന്ന് കൊണ്ട് പോകുമ്പോൾ അത് ആ പുസ്തകത്തിനകത്ത് ഉണ്ടായിരുന്നു. അതെങ്ങാനും കളഞ്ഞു പോയാൽ ഇനി വഴക്ക് പറയുമോ എന്ന് കരുതിയാണ്  ഞാൻ  അത് സൂക്ഷിച്ചു വച്ചത്."
              വർക്കിനിടയിൽ എന്തെങ്കിലും തെറ്റ് കാണിച്ചാൽ എല്ലാ കണ്ട്രോളും വിട്ട് ഞാൻ എന്റെ ടീമിനെ വഴക്ക് പറയാറുണ്ട്... എവിടെയാണെന്നോ ആരൊക്കെ നില്ക്കുന്നുന്ടെന്നോ  ഒന്നും ഞാനപ്പോൾ ശ്രദ്ധിക്കാറില്ല. എന്നാൽ ആ ദിവസം  പിരിയുന്നതിനു മുന്പ് ഞങ്ങൾ ആ പ്രശ്നം പറഞ്ഞ് അവസാനിപ്പിക്കുകയും  പോകുന്നതിനു മുൻപ് ടീം അംഗങ്ങൾ എല്ലാ ദേഷ്യവും കളഞ്ഞ് എന്റെ കവിളിൽ ഒരുമ്മ നല്കി, പഴയ സ്നേഹത്തോടെയാണു ഞങ്ങൾ അന്ന് യാത്രയാവുക. 2008 ൽ തുടങ്ങിയ ഒരു ശീലമാണത്‌. അന്നേരം ഞാനൊരു വല്യേട്ടനും അവർ കുഞ്ഞനുജന്മാരും ആയി മാറുന്നു.എന്റെ ടീമിന്റെ ഒരു വിജയ രഹസ്യവും അതാണ്‌ .
               ഇത്തവണ  ജനുവരിയിൽ നടന്ന ഷൂട്ടിങ്ങിനിടയിലും  ഇത്തരത്തിൽ ചില വഴക്കുകൾ പറയേണ്ടി വരികയും അതെല്ലാം പറഞ്ഞ്  തീർത്ത് ഞാൻ കാറിൽ കയറി കഴിഞ്ഞപ്പോൾ വിൻഡോയിലൂടെ  ഓരോരുത്തരായി എൻറെ കവിളിൽ ഓരോ ഉമ്മ നല്കുകയും ചെയ്തു. അന്ന് സാജൻ നല്കിയത് അവസാന ഉമ്മയായിരുന്നു എന്ന് അപ്പോൾ ഞങ്ങളാരും അറിഞ്ഞതേയില്ലല്ലോ.... എന്റെ ടീമിലെ ഒരോരുത്തരും അഗാധമായി വേദനിക്കുന്നു. സിനുവും പൈതൃകും ഇന്നലെ രാത്രി വൈകിയും സംസാരിച്ചത് സാജനെക്കുറിച്ചായിരുന്നു.
         പാരാ സൈക്കോളജിയെന്നും, ഹൊറർ നോവലെന്നും സിനിമ സ്ക്രിപ്റ്റെന്നും  ഒക്കെ പറഞ്ഞ് ഒരോ കഥകളുമായി ഞങ്ങളെ ശല്യപ്പെടുത്താൻ ഇനി അവൻ വരില്ല....
          ഒരു ചോദ്യം മാത്രം ഞങ്ങൾക്കിടയിൽ ബാക്കിയാവുന്നു... ഞങ്ങൾ ആരോടും പറയാതെ മരണത്തിൻറെ കയ്യും പിടിച്ചവൻ  നടന്നു പോയതെന്തിന് ????