പുറം കാഴ്ചകളിൽ കണ്ണും നട്ട് നാല് വയസുകാരൻ തേജസ് കാത്തിരിക്കുകയാണ്. സ്കൂളിലേക്ക് പോയ ചേട്ടൻ തുഷാർ തിരിച്ചെത്തിയിട്ട് വേണം അവനൊന്ന് പുറത്തേക്കിറങ്ങാൻ...
ഒറ്റയ്ക്ക് നടക്കാൻ കഴിയാത്ത വിധം തന്റെ കാലുകളെ തളർത്തിയ വിധിയോടുള്ള തേജസിന്റെ പോരാട്ടമാണിത്. എണീറ്റ് നിൽക്കാൻ കഴിയാത്ത വിധം തളർന്ന കാലുകളുമായി ജനിച്ച തേജസ് തന്റെ മനക്കരുത്തിന്റെ ബലത്തിൽ ജ്യേഷ്ഠന്റെ സഹായത്തോടെ ഇപ്പോൾ
പിച്ചവയ്ക്കാൻ തുടങ്ങിയിരിക്കുന്നു....ചികിത്സാ സഹായത്തിനായി പതിച്ച പോസ്റ്റുകളിൽ അമ്മയുടെ ഫോട്ടോ കണ്ട് തുഷാർ അമ്മയോട് എന്നും കാര്യമന്വേഷിക്കും. ഉത്തരം പറയാനാകാതെ ചിരിച്ചു നിൽക്കുന്ന മകന്റെ മുഖത്ത് നോക്കി കണ്ണീരൊഴുക്കാനേ ഈ അമ്മയ്ക്ക് കഴിയാറുള്ളൂ.
തുഷാറിന്റെയും തേജസിന്റെയും ജീവിത പോരാട്ടത്തിന് താങ്ങും തണലുമായി നിന്നത് സ്വന്തം അമ്മയായ നിഷയായിരുന്നു. വിധി തളർത്തിയ മകന് മുന്നിൽ തളർന്നിരിക്കാതെ പോരാടാനുറച്ച ഈ അമ്മ സ്വയം നടന്നു നീങ്ങുന്ന മകനെ സ്വപ്നം കണ്ടു തുടങ്ങിയതാണ്. പക്ഷേ ഈ സ്നേഹനിധിയായ അമ്മയുടെയും മകന്റെയും ജീവിത പോരാട്ടത്തിൽ അസൂയ പൂണ്ട് വിധി മറ്റൊരു ക്രൂരവിനോദം കൂടി ഇവരോട് കാട്ടി. മൂക്കിലൂടെ രക്തം വാർന്നതിനെ തുടർന്ന് പരിശോധനയ്ക്ക് വിധേയയായ നിഷ കാര്യമറിഞ്ഞ് തകർന്നിരുന്നു. രണ്ട് വൃക്കകളുടെയും പ്രവർത്തനം പൂർണമായും നിലച്ചിരിക്കുന്നു. ഒപ്പം തലയിൽ ട്യൂമറും. നിഷയുടെ രോഗവിവരം അറിഞ്ഞതോടെ ഭർത്താവ് രതീഷും രണ്ട് പിഞ്ച് മക്കളും നിസ്സഹായരായി നിന്നു.
വൃക്ക മാറ്റിവയ്ക്കൽ അല്ലാതെ നിഷയുടെ ജീവിതം നില നിർത്താൻ ഇനി മറ്റൊരു മാർഗ്ഗമില്ല. വൃക്കകളുടെ പ്രവർത്തനം നിലച്ചതോടെ തലയിലെ ട്യൂമറിന് വേണ്ട ചികിത്സകൾ ചെയ്യാനോ മരുന്ന് കഴിക്കാനോ കഴിയില്ല. അസഹനീയമായ തലവേദന അപ്രതീക്ഷിതമായി കടന്നു വരുന്നതോടെ വേദന കൊണ്ട് നിലവിളിക്കുന്ന അമ്മയെ നോക്കി തുഷാറും തേജസും നിസ്സഹായരായി നിൽക്കുന്ന കാഴ്ച ആരുടെയും ഹൃദയയത്തിൽ വേദന നിറയ്ക്കും.
വീണ് പരിക്കേറ്റതിനെ തുടർന്ന് നട്ടെല്ലിന് പരിക്കേറ്റ രതീഷ്, സ്വന്തം പരിക്ക് വകവയ്ക്കാതെയാണ് കുടുംബത്തെ സംരക്ഷിച്ചിരുന്നത്. തേജസിന്റെ ചികിത്സയ്ക്കായി ഉണ്ടായിരുന്ന അഞ്ച് സെന്റും വീടും ഇതിനോടകം തന്നെ വിറ്റു കഴിഞ്ഞ രതീഷിന് ഭാര്യയുടെ കണ്ണീരിന് മുന്നിൽ വേദനയോടെ നിൽക്കാനല്ലാതെ മറ്റൊരു മാർഗ്ഗവുമില്ല. നാട്ടുകാരുടെ കനിവിൽ കോട്ടയം അർപ്പൂക്കരയിലെ വാടക വീട്ടിലാണ് ഇന്നിവർ കഴിയുന്നത്. വാടക കൊടുക്കാൻ പോലും പണമില്ലാതായതോടെ നിഷയ്ക്ക് അത്യാവശ്യമായി ചെയ്യേണ്ട ഡയാലിസിസ് പോലും മുടങ്ങിയിരിക്കുകയാണിപ്പോൾ.
പഞ്ചായത്ത് അധികൃതരും നാട്ടുകാരും ഈ കുടുംബത്തെ സഹായിക്കാൻ മുന്നോട്ട് വന്നിട്ടുണ്ടെങ്കിലും ആവശ്യമായ തുക സ്വരൂപിക്കാൻ കഴിഞ്ഞിട്ടില്ല. നിഷയുടെയും തേജസിന്റെയും ചികിത്സയ്ക്കായി ലക്ഷങ്ങളുടെ കണക്കുകൾക്ക് മുന്നിൽ പകച്ചു നിൽക്കുകയാണ് ഇന്നീ കുടുംബം.
തന്റെ ജീവൻ നഷ്ടപ്പെട്ടാലും സാരമില്ല, മകനെ ചികിത്സിക്കാൻ പറഞ്ഞ് ഭർത്താവിന് മുന്നിൽ നിഷ പലപ്പോഴും കണ്ണീരൊഴുക്കും. പക്ഷേ, സ്വയം നടക്കാനാകാതെ മകൻ തേജസ് അമ്മയെ കൂട്ട് വിളിക്കുമ്പോൾ നിഷയുടെ മനസ് മാറും. മകന് വേണ്ടി, അവൻ എഴുന്നേറ്റ് നടക്കുന്നത് ഒരു നോക്ക് കാണാൻ വേണ്ടി, തന്റെ ജീവൻ പിടിച്ചു നിർത്തണമെന്ന മോഹം ഈ അമ്മയുടെ ഉള്ളിലുദിക്കും. അമ്മയായ തനിക്കല്ലാതെ തേജസിനെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ട് വരാൻ മറ്റാർക്കും കഴിയില്ലെന്ന തിരിച്ചറിവിൽ വേദനകളെ കടിച്ചമർത്തി നിഷ പോരാടാൻ തീരുമാനിക്കും. പക്ഷേ, അപ്പോഴെല്ലാം പണം എന്ന അത്യാവശ്യം ഇവർക്ക് മുന്നിൽ വില്ലൻ വേഷമണിയും.
സ്കൂളിലേക്കുള്ള യാത്രക്കിടെ ചികിത്സാ സഹായത്തിനായി പതിച്ച പോസ്റ്റുകളിൽ അമ്മയുടെ ഫോട്ടോ കണ്ട് തുഷാർ അമ്മയോട് എന്നും കാര്യമന്വേഷിക്കും. ചിരിച്ചു നിൽക്കുന്ന മകന്റെ മുഖത്ത് നോക്കി ഉത്തരം പറയാനാകാതെ കണ്ണീരൊഴുക്കാനേ ഈ അമ്മയ്ക്ക് കഴിയാറുള്ളൂ.
പ്രിയരേ, തേജസിന്റെയും തുഷാറിന്റെയും ജീവിതവഴിയിൽ തണലൊരുക്കാൻ നിഷയെ നമുക്ക് സഹായിക്കാം. നിങ്ങളുടെ സാമ്പത്തിക സഹായങ്ങൾ എസ്.ബി.ഐ കോട്ടയം ശാഖയിലെ 20364955005 എന്ന അക്കൗണ്ടിൽ മാറ്റാവുന്ന വിധത്തിൽ ചെക്കായോ ഡി ഡിയായോ ഇന്ന് തന്നെ അയയ്ക്കുക....
തേജസിന്റയും തുഷാറിന്റെയും ജീവിതത്തിൽ അമ്മയുടെ സ്നേഹവും കരുതലും ഉറപ്പാക്കണം. അതിനായി നിഷയുടെ ജീവിത പോരാട്ടത്തിൽ നമുക്ക് കരുത്തേകാം, ഇവരെ മനസറിഞ്ഞ് സഹായിക്കാം ....!
No comments:
Post a Comment