കാണാതാകുന്ന കുട്ടികളുടെയും, തട്ടിക്കൊണ്ട് പോകൽ ഭീഷണി നേരിടുന്ന കുരുന്നുകളുടെയും പേരിൽ പ്രചരിക്കുന്ന വാർത്തകളും അതിനെക്കാളേറെ വ്യാജപ്രചരണങ്ങളും കേരളത്തിൽ ഭീതി വിതയ്ക്കുകയാണ്. കഥകൾക്ക് പിന്നിലെ യാഥാർഥ്യം തിരിച്ചറിയാനാകാതെ ഓരോ മലയാളിയും തങ്ങളുടെ പൊന്നോമനകളെ മാറോടണയ്ക്കുന്ന സാഹചര്യത്തിലാണ് എന്റെ വാർത്ത അപ്രതീക്ഷിതമായ ഒരു സംഭവത്തിന് സാക്ഷ്യം വഹിച്ചത്......
തലസ്ഥാന നഗരിയിലൂടെ സഞ്ചരിക്കുകയായിരുന്നു എന്റെ വാർത്ത സംഘം... തമ്പാനൂർ ബസ്സ്റ്റാൻഡിന് മുന്നിലെത്തിയപ്പോൾ ഒരു കാഴ്ച ഞങ്ങളുടെ കണ്ണിൽ പെട്ടു. മുപ്പത് വയസിലധികം പ്രായം തോന്നിക്കുന്ന ഒരു സ്ത്രീ, ഒപ്പം പറക്കമുറ്റാത്ത അഞ്ച് കുട്ടികൾ..... ഒരാണും നാല് പെണ്ണും. സമൂഹത്തിൽ പരക്കുന്ന കുട്ടികളുമായി ബന്ധപ്പെട്ട വാർത്തകളുടെ ഭീതി ഉള്ളിലുള്ളതുകൊണ്ട് തന്നെ ഞങ്ങൾ അവരെ കൂടുതൽ ശ്രദ്ധിച്ചു.
നടപ്പിലും ഭാവത്തിലും എല്ലാം എന്തോ പന്തികേട്. ഓരോ ചലനത്തിലും നിഗൂഢത. അതോടെ അഞ്ച് കുട്ടികൾക്കൊപ്പം നടന്നു നീങ്ങുന്ന ആ സ്ത്രീയെ പിൻതുടരാൻ തന്നെ ഞങ്ങൾ തീരുമാനിച്ചു....
പൊരിവെയിലത്ത് പൊള്ളുന്ന റോഡിലൂടെ ആ സ്ത്രീ കൊച്ചു കുട്ടികളെ കാൽനടയായി കൊണ്ടുപോകുന്ന കാഴ്ച ഉള്ളിൽ ഒരൽപ്പം ദേഷ്യവും അതിനേക്കാൾ സങ്കടവും ഉളവാക്കി. പക്ഷേ ആ നിഗൂഢതയ്ക്ക് പിന്നിലെ സത്യമറിയാനുള്ള താല്പര്യം അവരറിയാതെ പിന്തുടരാൻ തന്നെ ഞങ്ങളെ പ്രേരിപ്പിച്ചു. പാളയം പളളിയ്ക്ക് മുന്നിലൂടെ അവരുടെ യാത്ര തുടർന്നു...
സെക്രട്ടറിയേറ്റിന്റെ മുന്നിൽ വിശ്രമിക്കുന്നത് കണ്ടപ്പോൾ, ഒരു സമരത്തിനുള്ള മുന്നൊരുക്കമാണെന്ന് തോന്നി. ഒരു കുപ്പി വെള്ളത്തിൽ ദാഹമകറ്റി ആറുപേരും വിശ്രമിക്കുകയാണ്. രാവിലെ തുടങ്ങിയ കാൽനടയാത്രയുടെ ക്ഷണം ഓരോ മുഖത്തും വ്യക്തം. ആകാംക്ഷയോടെ കാത്തിരുന്ന ഞങ്ങളെ അമ്പരപ്പിച്ചു കൊണ്ട് കൊടുംവെയിലിനെ വകവയ്ക്കാതെ അവർ വീണ്ടും നടന്നു തുടങ്ങി. തിരക്കുപിടിച്ച നഗരജീവിതത്തിനിടയിലൂടെ ഇവരുടെ നടത്തം കണ്ട് അമ്പരപ്പോടെ ഞങ്ങൾ വീണ്ടും പിന്തുടർന്നു. തിരുവനന്തപരും ബസ് സ്റ്റാൻഡിൽ നിന്നാരംഭിച്ച യാത്ര നഗര ഹൃദയത്തെ വലംവച്ച് വീണ്ടും അതേ ഭാഗത്തേക്ക് തന്നെ. തമ്പാനൂർ റെയിൽവേ സ്റ്റേഷനിലേക്ക് കയറിയ അവർക്കൊപ്പം ഞങ്ങളും നടന്നു. സമയം ഉച്ച പിന്നിട്ട് മൂന്ന് മണിയോടടുത്തിരിക്കുന്നു. ഇതിനിടയിൽ ഇവരാരും തന്നെ ഭക്ഷണം കഴിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയിൽ പെട്ടില്ല. കുഞ്ഞ് കുട്ടികളുടെ ദൈന്യത കണ്ട് ഭക്ഷണത്തിന്റെ കാര്യം നേരിൽ ചോദിക്കാമെന്ന് വിചാരിച്ച് അവർക്കരികിലേക്ക് എത്തുന്നതിന് മുൻപ് തന്നെ അവർ വീണ്ടും യാത്ര തുടങ്ങിയിരുന്നു. ആ നടത്തം അവസാനിച്ചത് രണ്ട് കിലോമീറ്റർ അകലെയുള്ള പേട്ട റെയിൽവേ സ്റ്റേഷനിലാണ്. പൂർണമായും തളർന്ന ആറു പേരും ഫ്ലാറ്റ്ഫോമിൽ ഇരുന്നു. ഇനിയും ഒരടി നടക്കാനുള്ള ആരോഗ്യം അവർക്കില്ല. സത്യമറിയാൻ ഇനിയും കാത്തിരിക്കാനുള്ള ക്ഷമ ഞങ്ങളിലും ഇല്ലാതായി. ഈ ദുരിതയാത്രയുടെ രഹസ്യമറിയാൻ.... ആ സ്ത്രീ ആരെന്നറിയാൻ... ഒപ്പമുള്ള കുട്ടികളുടെ കാര്യമറിയാൻ... നിഗൂഢതകൾ നിറഞ്ഞ കഥകളറിയാൻ ഒടുവിൽ ഞങ്ങൾ അവരെ സമീപിച്ചു. പിന്നീട് അവർ പറഞ്ഞ ജീവിതകഥ കേട്ട് അമ്പരന്നിരിക്കാനേ ഞങ്ങൾക്കായുള്ളൂ...
സംശയങ്ങൾക്കൊന്നും സ്ഥാനമില്ലാത്ത ജീവിത യാഥാർത്ഥ്യങ്ങളാണ് ഈ അമ്മയ്ക്കും അഞ്ച് മക്കൾക്കും പറയാനുണ്ടായിരുന്നത്. തൃശ്ശൂർ കോടാലി സ്വദേശിനിയാണ് മുപ്പത്തിരണ്ടുകാരിയായ ബിന്ദു. ആലുവ സ്വദേശിയായ ഹരിയെ പ്രണയിച്ച് വിവാഹം കഴിച്ചതോടെ സ്വന്തം വീട്ടിൽ നിന്ന് പുറത്താക്കപ്പെട്ട ഒറ്റ മകളായിരുന്നു ബിന്ദു. നാട്ടിൽ നിൽക്കാൻ കഴിയാതായതോടെ നാടുവിട്ട ബിന്ദുവും ഭർത്താവും ബാംഗ്ലൂരിൽ വാടകയ്ക്ക് താമസമാക്കി. ഒറ്റ മകളായി ജീവിച്ച തനിക്ക് അഞ്ച് മക്കളെങ്കിലും വേണമെന്ന സ്വപ്നവുമായി ചെറിയൊരു കടയും നടത്തി ഭർത്താവിനൊപ്പം ജീവിക്കുകയായിരുന്നു ബിന്ദു. നാല് മക്കൾക്ക് ജൻമം നൽകുകയും അഞ്ചാമത്തെയാളെ ഗർഭം ധരിക്കുകയും ചെയ്ത സമയത്താണ് ഇടിത്തീ പോലെ ആ ദിവസം കടന്ന് വന്നത്. 2015 ഡിസംബർ 15. മോഷണ കേസിന് ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്ത ശേഷമാണ് അയാളുടെ ചരിത്രം ബിന്ദു അറിയുന്നത്. പക്ഷേ നിയമത്തിന് മുന്നിൽ ഈ അമ്മയുടെയും മക്കളുടെയും നിലവിളി നിശ്ശബ്ദമാക്കപ്പെട്ടു. ഭർത്താവ് ജയിലിലായതോടെ നാല് മക്കളെ മാറോടണച്ച് ഉദരത്തിൽ മറ്റൊരു ജീവനും പേറി ബിന്ദു നിസ്സഹായയായി നിന്നു. ഇതിനിടയിൽ അഞ്ചാമത്തെ കുട്ടിക്ക് ജൻമവും നൽകി. പക്ഷേ വാടക നൽകാൻ കഴിയാതായതോടെ വാടക വീട് ഒഴിയേണ്ടി വന്നു. 14 വയസുകാരൻ വൈശാഖ്, 9 വയസുകാരി ഹരിത, 7 വയസുകാരി കല്യാണി, 4 വയസുകാരി കൃഷ്ണപ്രിയ, ഒന്നര വയസുകാരി മിത്ര .... ഈ 5 മക്കളേയും കൊണ്ട് ബിന്ദുവിന് തെരുവിലേക്കിറങ്ങേണ്ടി വന്നു.
ബാംഗ്ലൂരിൽ നിന്ന് അഭയം തേടി സ്വന്തം മണ്ണിലെത്തി. പക്ഷേ തന്നെയും ഭർത്താവിനെയും ആട്ടിപ്പായിച്ച സ്വന്തം നാട്ടിലേക്ക് മടങ്ങിപ്പോകാൻ ബിന്ദുവിന് ധൈര്യമില്ലായിരുന്നു. അഭയം തേടിയുള്ള നീണ്ടൊരു യാത്രയായിരുന്നു പിന്നീട്. പല തൊഴിലുകൾ ചെയ്ത് ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ ശ്രമം നടത്തി. പക്ഷേ ഭക്ഷണ ചെലവിന് പോലും അത് തികയുമായിരുന്നില്ല.
മക്കളെ അനാഥാലയത്തിൽ നിർത്തിയ അനുഭവങ്ങൾ പറയുമ്പോൾ മറ്റെല്ലാ വേദനകളും മറന്ന് ബിന്ദു പൊട്ടി കരയുകയായിരുന്നു.
ദുരനുഭവങ്ങൾ വിടാതെ പിന്തുടർന്നപ്പോഴാണ് എന്ത് ത്യാഗം സഹിച്ചും എല്ലാ മക്കളെയും ഒപ്പം കൂട്ടാൻ ബിന്ദു തീരുമാനിച്ചത്. അതോടെ അഞ്ച് മക്കളെയും കൊണ്ട് ജോലികൾക്കൊന്നും പോകാൻ കഴിയാതെയായി. കുഞ്ഞു മക്കളെ വിശപ്പ് തളർത്തിയ ഒരു തവണ ഒരു യാത്രക്കാരന് മുന്നിൽ കൈ നീട്ടേണ്ടി വന്നതൊഴിച്ചാൽ ആരുടെയും മുന്നിൽ യാചിച്ച് ജീവിക്കാനും ഇവർക്ക് മനസില്ല. യാത്രക്കാർ നൽകുന്ന ഭക്ഷണവും, വഴിയിൽ കാണുന്ന ഫലവർഗ്ഗങ്ങൊമൊക്കെ കഴിച്ച്
പകൽ സമയങ്ങൾ കാൽനടയായി ഓരോ സ്ഥലങ്ങളിൽ സഞ്ചരിക്കും. രാത്രിയിൽ മക്കളുടെ സുരക്ഷയോർക്കുമ്പോൾ തെരുവിൽ കിടന്നുറങ്ങാൻ കഴിയാതെ വരും. ഒടുവിൽ അതിന് ബിന്ദു കണ്ടെത്തിയ മാർഗ്ഗം അൽപ്പം വിചിത്രമാണ്. വിദൂരയാത്ര പോകുന്ന ഏതെങ്കിലും ട്രെയിനിൽ മക്കളെയും കൊണ്ട് കയറും. രാത്രി മുഴുവൻ ട്രെയിനിൽ ഉറങ്ങും. ടിക്കറ്റ് ചെക്കിംഗിനിടെ പിടിക്കപ്പെട്ടാലോ, പുലർച്ചെ ഉണരുമ്പോഴോ തൊട്ടടുത്ത സ്റ്റേഷനിൽ ഇറങ്ങും. പിന്നെ മടക്കയാത്ര. കേൾക്കുമ്പോൾ അമ്പരപ്പ് മാത്രം തോന്നുന്ന ജീവിതകഥ...!
സ്വന്തമായൊരു വീടിനായി പല അധികാര കേന്ദ്രങ്ങളിലും കയറിയിറങ്ങിയെങ്കിലും ആശ്വാസവാക്കുകൾ പറഞ്ഞൊഴിവാക്കിയതല്ലാതെ ജയിൽ പുളിയുടെ ഭാര്യയെയും മക്കളെയും സഹായിക്കാൻ ആരും തയ്യാറായില്ല. ഭർത്താവിന്റെ മേൽ ചുമത്തപ്പെട്ട കേസുകളിൽ പലതിനും ജാമ്യമെടുത്തെങ്കിലും രണ്ട് കേസുകൾ ഇപ്പോഴും തുടരുന്നു. ജാമ്യത്തിന് വേണ്ട നടപടികൾക്കോ, വക്കീൽ ഫീസിനോ കാശില്ലാതായതോടെ ഭർത്താവിനെ ജയിൽ മോചിതനാക്കാൻ കഴിയുമെന്ന പ്രതീക്ഷ ഇല്ലാതായി. സ്വന്തം മക്കളെ സുരക്ഷിതമായി വളർത്തണമെന്ന മോഹം മാത്രമാണ് ഇപ്പോൾ ഈ അമ്മയ്ക്കുള്ളത്.
നാടുകൾ തോറും അലഞ്ഞുള്ള ഇവരുടെ ജീവിതത്തിനിടെ കുട്ടികളുടെ വിദ്യാഭ്യാസവും നഷ്ടപ്പെട്ടു. അഞ്ച് മക്കൾക്കും ഈ അമ്മയ്ക്കും അത്യാവശ്യമായി വേണ്ടത് ഒരു കിടപ്പാടമാണ്. ഒപ്പം അന്നം കണ്ടെത്തുന്നതിന് ബിന്ദുവിന് ഒരു തൊഴിലും. ഈ അമ്മയുടെയും മക്കളുടെയും ജീവിതകഥ സർക്കാരിന് മുന്നിൽ ഞങ്ങൾ എത്തിക്കുകയാണ്. അടച്ചുറപ്പുള്ള വീട്ടിൽ പോലും സുരക്ഷിതമായി ജീവിക്കാൻ കഴിയാത്ത ഇന്നത്തെ സാഹചര്യത്തിൽ, തെരുവിലലയുന്ന 6 ജീവിതങ്ങളുടെ ഉത്തരവാദിത്വം സർക്കാർ ഏറ്റെടുക്കണം. സാമൂഹ്യക്ഷേമ വകുപ്പ് ഇവരുടെ ജീവിത ദുരിതം ഇനിയെങ്കിലും തിരിച്ചറിയണം.
പ്രിയരേ, ഇവരുടെ ജീവിതയാത്രയ്ക്ക് തണലൊരുക്കാൻ എന്റെ വാർത്ത പ്രേക്ഷക സഹായം കൂടി അഭ്യർത്ഥിക്കുകയാണ്. നിങ്ങളുടെ സാമ്പത്തിക സഹായങ്ങൾ ബിന്ദുവിന്റെ പേരിൽ കാനറാ ബാങ്കിന്റെ തൃശ്ശൂർ വെസ്റ്റ് പാലസ് റോഡ് ബ്രാഞ്ചിലെ 0721101066882 എന്ന അക്കൗണ്ടിൽ മാറാവുന്ന വിധത്തിൽ ചെക്കായോ ഡിഡിയായോ.... ദ സീനിയർ മാനേജർ, എച്ച് ആർ , അമൃത ടി.വി, ഗാന്ധിനഗർ, വഴുതക്കാട്, തിരുവനന്തപുരം - 14 എന്ന വിലാസത്തിൽ ഇന്ന് തന്നെ അയയ്ക്കുക...
ഇപ്പോൾ സമയം രാത്രിയാകുന്നു... തിരക്കൊഴിഞ്ഞ ഒരു ട്രെയിൻ കാത്ത് ഇവർ നിൽക്കുകയാണ്. ലക്ഷ്യമില്ലാത്ത ഒരു യാത്രയ്ക്കായി. പക്ഷേ ഇവരെ സുരക്ഷിത സ്ഥാനം എന്ന ലക്ഷ്യത്തിലെത്തിക്കാൻ എന്റെ വാർത്ത ശ്രമം തുടർന്നുകൊണ്ടിരിക്കും. മനസാക്ഷിയുള്ളവർ വരൂ, നീതിക്ക് വേണ്ടിയുള്ള ഈ അമ്മയുടെ പോരാട്ടവും അഭയം തേടിയുള്ള ഈ മക്കളുടെ യാത്രയും ലക്ഷ്യം കാണുന്നത് വരെ ഈ ജീവിതയാത്രയിൽ നമുക്കും ഒപ്പം കൂടാം.
എന്റെ വാർത്ത 10/02/2018