Sunday, 18 February 2018

വേദനയോടെ, അമർഷത്തോടെ....


    അങ്ങേയറ്റം നല്ല മനസ്സോടെയും ആത്മാർത്ഥവുമായാണ് തെരുവിൽ അലഞ്ഞു നടന്നിരുന്ന ബിന്ദു എന്ന അമ്മയെയും അവരുടെ 5 മക്കളെയും എന്റെ വാർത്തയിലൂടെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തിയത്... ആ വാർത്ത‍ ടെലികാസ്റ് ചെയ്യും മുൻപ് തന്നെ താൽക്കാലികമായി ആണെങ്കിലും സുരക്ഷിതമായ ഒരിടത്ത് അവരുടെ താമസം ഉറപ്പു വരുത്തിയിരുന്നു.... എന്നാൽ ഇന്ന് ലോകത്തിന്റെ പല കോണുകളിൽ നിന്ന് ഒട്ടേറെ പ്രേക്ഷകർ ബിന്ദുവിനെ സഹായിക്കാൻ മുന്നോട്ടു വന്നിട്ടുണ്ട്.... യാതൊരു പ്രശസ്തിയും ആഗ്രഹിക്കാതെ നന്മ മനസ്സിൽ സൂക്ഷിക്കുന്ന ഒട്ടേറെ വ്യക്തികളും സിനിമ- സാഹിത്യം-മാധ്യമ പ്രവർത്തനം-രാഷ്ട്രീയം - ബന്ധപ്പെട്ട സർക്കാർ വകുപ്പ്‌ - മറ്റ് സർക്കാർ ഉദ്യോഗസ്ഥർ- വിദേശ മലയാളികൾ എന്നിങ്ങനെ ഒട്ടേറെ പേർ ബിന്ദുവിനെ സഹായിക്കാനായി നിരന്തരം അമൃത ടി വി യെ ബന്ധപ്പെടുകയും വേണ്ട സഹായങ്ങൾ ചെയ്യാനുള്ള സന്നദ്ധത പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. അവരോടെല്ലാം തന്നെ തികഞ്ഞ ഉത്തരവാദിത്വത്തോടെ വേണ്ട ചർച്ചകൾ ഞങ്ങൾ നടത്തുന്നുണ്ട്... ബിന്ദുവിന്റെ ബാങ്ക് അക്കൗണ്ടിലേക്കും സുമനസ്സുകളുടെ സഹായം എത്തുന്നുണ്ട്.
എന്നാൽ ഇതിനിടെ ചിലർ മതപരമായും രാഷ്ട്രീയ പരമായും മറ്റും ഇവരെ മുതലെടുക്കാൻ ശ്രമം നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടു... അവരോടു ഒരു അഭ്യർത്ഥന.... ഈ പാവങ്ങളെ വെറുതെ വിടൂ.... ഒരു നേരത്തെ ഭക്ഷണം പോലും ഇല്ലാതെ തല ചായ്ക്കാൻ ഒരിടം ഇല്ലാതെ അത്രയ്ക്ക് കഷ്ടപ്പെട്ട് ജീവിച്ചവരാണ് ഈ അഞ്ച് മക്കൾ... ഹൃദയത്തിൽ നന്മ സൂക്ഷിക്കുന്ന ഒട്ടേറെ പേരുണ്ട് ഈ ലോകത്ത് അവർ ഈ പാവങ്ങളെ സഹായിക്കും എന്ന് ഉറച്ചു വിശ്വസിക്കുന്നുണ്ട് എന്റെ വാർത്ത... മൊബൈൽ ക്യാമറ on ചെയ്തു ഈ പാവങ്ങൾക്ക് പിന്നാലെ ചെന്നു ദയവായി ആരും അവരെ ഉപദ്രവിക്കരുത്... കുട്ടികൾക്ക് ചോക്ലേറ്റ് വാങ്ങാൻ മാത്രം പൈസ നൽകി പിന്നെ കുറെ സഹായ വാഗ്ദാനങ്ങളും നൽകി അവരുടെ ഒപ്പം നിന്ന് ഫോട്ടോ എടുത്ത്‌ അവരുടെ permission ഇല്ലാതെ fb യിൽ ബിന്ദുവിനെ സഹായിച്ചു എന്ന് പോസ്റ്റി പബ്ലിസിറ്റിക്ക് ശ്രമിക്കുന്ന ചിലർ ബിന്ദുവിനും മക്കൾക്കും കിട്ടുന്ന ഉള്ള സഹായങ്ങൾ കൂടി ഇല്ലാതാക്കുകയാണ്.... അതിനു ആരും ദയവായി ശ്രമിക്കരുത്.
ഈ സങ്കടം ബിന്ദു എന്റെ വാർത്തയോട് പങ്ക് വച്ചത് കൂടിയാണ്. ദയവായി സെൽഫി സ്റ്റിക്കുമായി പിന്നാലെ ചെന്നു ഇവരെ വേട്ടയാടരുത്... അവരുടെ permission ടെ മാത്രം ഫോട്ടോ എടുക്കുക, അത്‌ fb യിൽ പോസ്റ്റി ആളാവാൻ വേണ്ടിയാണ് എന്ന് അവരോടു തുറന്ന് പറഞ്ഞ ശേഷം ചെയ്താലും അവർക്കിത്ര വേദനിച്ചു എന്ന് വരില്ല....
വാൽകഷ്ണം : അമൃത ടി. വി. എന്റെ വാർത്തയിൽ ബിന്ദുവിന്റെ സ്റ്റോറി telecast ചെയ്തത് ബിന്ദുവിന്റെ permission വാങ്ങിയ ശേഷം തന്നെയാണ്. അതും പറഞ്ഞു ആരും എന്റെ നെഞ്ചിൽ പൊങ്കാല ഇടാൻ വരണ്ട. ബിന്ദുവിനെ സഹായിച്ച ലോകത്തിന്റെ പല ഭാഗത്തുള്ള പേര് അറിയാത്ത ഒട്ടേറെ പേരുണ്ട്... അവർക്ക്‌ വേണ്ടി ബിന്ദുവിന്റെ ഏറ്റവും പുതിയ വിശേഷങ്ങൾ permission ടെ തന്നെ ഞങ്ങൾ എന്റെ വാർത്തയിലൂടെ അധികം വൈകാതെ പങ്ക് വക്കും എന്നതും കൂടി പറഞ്ഞു കൊള്ളട്ടെ... എന്റെ വാർത്തയിലൂടെ ഇതു വരെ പലർക്കുമായി 10 കോടി രൂപയുടെ സാമ്പത്തിക സഹായം സുമനസ്സുകളായ പ്രേക്ഷകർ ഇതു വരെ എത്തിച്ചിട്ടുണ്ട്... എന്റെ വാർത്തയെ വിശ്വസിക്കുകയും സഹായം എത്തിക്കുകയും ചെയ്ത എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കാൻ കൂടി ഈ അവസരം വിനിയോഗിക്കുന്നു....


Monday, 12 February 2018

ഒരമ്മ കിളിയും അഞ്ചോമൽ കുരുന്നുകളും...

      കാണാതാകുന്ന കുട്ടികളുടെയും, തട്ടിക്കൊണ്ട് പോകൽ ഭീഷണി നേരിടുന്ന കുരുന്നുകളുടെയും പേരിൽ പ്രചരിക്കുന്ന വാർത്തകളും അതിനെക്കാളേറെ വ്യാജപ്രചരണങ്ങളും കേരളത്തിൽ ഭീതി വിതയ്ക്കുകയാണ്. കഥകൾക്ക് പിന്നിലെ യാഥാർഥ്യം തിരിച്ചറിയാനാകാതെ ഓരോ മലയാളിയും തങ്ങളുടെ പൊന്നോമനകളെ മാറോടണയ്ക്കുന്ന സാഹചര്യത്തിലാണ് എന്റെ വാർത്ത അപ്രതീക്ഷിതമായ ഒരു സംഭവത്തിന് സാക്ഷ്യം വഹിച്ചത്......
     തലസ്ഥാന നഗരിയിലൂടെ സഞ്ചരിക്കുകയായിരുന്നു  എന്റെ വാർത്ത സംഘം...  തമ്പാനൂർ ബസ്സ്റ്റാൻഡിന് മുന്നിലെത്തിയപ്പോൾ ഒരു കാഴ്ച ഞങ്ങളുടെ കണ്ണിൽ പെട്ടു. മുപ്പത് വയസിലധികം പ്രായം തോന്നിക്കുന്ന ഒരു സ്ത്രീ, ഒപ്പം പറക്കമുറ്റാത്ത അഞ്ച് കുട്ടികൾ.....  ഒരാണും നാല് പെണ്ണും. സമൂഹത്തിൽ പരക്കുന്ന കുട്ടികളുമായി ബന്ധപ്പെട്ട വാർത്തകളുടെ ഭീതി ഉള്ളിലുള്ളതുകൊണ്ട് തന്നെ  ഞങ്ങൾ അവരെ  കൂടുതൽ ശ്രദ്ധിച്ചു.
നടപ്പിലും ഭാവത്തിലും എല്ലാം എന്തോ പന്തികേട്. ഓരോ ചലനത്തിലും നിഗൂഢത.  അതോടെ അഞ്ച് കുട്ടികൾക്കൊപ്പം നടന്നു നീങ്ങുന്ന ആ സ്ത്രീയെ പിൻതുടരാൻ തന്നെ  ഞങ്ങൾ തീരുമാനിച്ചു....

     പൊരിവെയിലത്ത് പൊള്ളുന്ന റോഡിലൂടെ ആ സ്ത്രീ  കൊച്ചു കുട്ടികളെ കാൽനടയായി കൊണ്ടുപോകുന്ന കാഴ്ച ഉള്ളിൽ ഒരൽപ്പം ദേഷ്യവും അതിനേക്കാൾ സങ്കടവും ഉളവാക്കി. പക്ഷേ ആ നിഗൂഢതയ്ക്ക് പിന്നിലെ സത്യമറിയാനുള്ള താല്പര്യം അവരറിയാതെ പിന്തുടരാൻ തന്നെ ഞങ്ങളെ  പ്രേരിപ്പിച്ചു. പാളയം പളളിയ്ക്ക് മുന്നിലൂടെ അവരുടെ യാത്ര തുടർന്നു...

     സെക്രട്ടറിയേറ്റിന്റെ മുന്നിൽ വിശ്രമിക്കുന്നത് കണ്ടപ്പോൾ, ഒരു സമരത്തിനുള്ള മുന്നൊരുക്കമാണെന്ന് തോന്നി. ഒരു കുപ്പി വെള്ളത്തിൽ ദാഹമകറ്റി ആറുപേരും വിശ്രമിക്കുകയാണ്. രാവിലെ തുടങ്ങിയ കാൽനടയാത്രയുടെ ക്ഷണം ഓരോ മുഖത്തും വ്യക്തം. ആകാംക്ഷയോടെ കാത്തിരുന്ന ഞങ്ങളെ അമ്പരപ്പിച്ചു കൊണ്ട് കൊടുംവെയിലിനെ വകവയ്ക്കാതെ അവർ വീണ്ടും നടന്നു തുടങ്ങി. തിരക്കുപിടിച്ച നഗരജീവിതത്തിനിടയിലൂടെ ഇവരുടെ നടത്തം കണ്ട് അമ്പരപ്പോടെ ഞങ്ങൾ വീണ്ടും പിന്തുടർന്നു. തിരുവനന്തപരും ബസ് സ്റ്റാൻഡിൽ നിന്നാരംഭിച്ച യാത്ര നഗര ഹൃദയത്തെ വലംവച്ച് വീണ്ടും അതേ ഭാഗത്തേക്ക് തന്നെ. തമ്പാനൂർ റെയിൽവേ സ്റ്റേഷനിലേക്ക് കയറിയ അവർക്കൊപ്പം ഞങ്ങളും നടന്നു. സമയം ഉച്ച പിന്നിട്ട് മൂന്ന് മണിയോടടുത്തിരിക്കുന്നു. ഇതിനിടയിൽ ഇവരാരും തന്നെ ഭക്ഷണം കഴിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയിൽ പെട്ടില്ല. കുഞ്ഞ് കുട്ടികളുടെ ദൈന്യത കണ്ട്  ഭക്ഷണത്തിന്റെ കാര്യം നേരിൽ ചോദിക്കാമെന്ന് വിചാരിച്ച് അവർക്കരികിലേക്ക് എത്തുന്നതിന് മുൻപ് തന്നെ അവർ വീണ്ടും യാത്ര തുടങ്ങിയിരുന്നു. ആ നടത്തം അവസാനിച്ചത് രണ്ട് കിലോമീറ്റർ അകലെയുള്ള പേട്ട റെയിൽവേ സ്റ്റേഷനിലാണ്. പൂർണമായും തളർന്ന ആറു പേരും ഫ്ലാറ്റ്ഫോമിൽ ഇരുന്നു. ഇനിയും ഒരടി നടക്കാനുള്ള ആരോഗ്യം അവർക്കില്ല. സത്യമറിയാൻ ഇനിയും കാത്തിരിക്കാനുള്ള ക്ഷമ ഞങ്ങളിലും ഇല്ലാതായി. ഈ ദുരിതയാത്രയുടെ രഹസ്യമറിയാൻ.... ആ സ്ത്രീ ആരെന്നറിയാൻ... ഒപ്പമുള്ള കുട്ടികളുടെ കാര്യമറിയാൻ... നിഗൂഢതകൾ നിറഞ്ഞ കഥകളറിയാൻ ഒടുവിൽ ഞങ്ങൾ അവരെ സമീപിച്ചു. പിന്നീട് അവർ പറഞ്ഞ ജീവിതകഥ കേട്ട് അമ്പരന്നിരിക്കാനേ ഞങ്ങൾക്കായുള്ളൂ...
     സംശയങ്ങൾക്കൊന്നും സ്ഥാനമില്ലാത്ത  ജീവിത യാഥാർത്ഥ്യങ്ങളാണ് ഈ അമ്മയ്ക്കും അഞ്ച് മക്കൾക്കും പറയാനുണ്ടായിരുന്നത്. തൃശ്ശൂർ കോടാലി സ്വദേശിനിയാണ് മുപ്പത്തിരണ്ടുകാരിയായ ബിന്ദു. ആലുവ സ്വദേശിയായ ഹരിയെ പ്രണയിച്ച് വിവാഹം കഴിച്ചതോടെ സ്വന്തം വീട്ടിൽ നിന്ന് പുറത്താക്കപ്പെട്ട ഒറ്റ മകളായിരുന്നു ബിന്ദു. നാട്ടിൽ നിൽക്കാൻ കഴിയാതായതോടെ നാടുവിട്ട ബിന്ദുവും ഭർത്താവും ബാംഗ്ലൂരിൽ വാടകയ്ക്ക് താമസമാക്കി. ഒറ്റ മകളായി ജീവിച്ച തനിക്ക് അഞ്ച് മക്കളെങ്കിലും വേണമെന്ന സ്വപ്നവുമായി ചെറിയൊരു കടയും നടത്തി ഭർത്താവിനൊപ്പം ജീവിക്കുകയായിരുന്നു ബിന്ദു. നാല് മക്കൾക്ക് ജൻമം നൽകുകയും അഞ്ചാമത്തെയാളെ ഗർഭം ധരിക്കുകയും ചെയ്ത സമയത്താണ് ഇടിത്തീ പോലെ ആ ദിവസം കടന്ന് വന്നത്. 2015 ഡിസംബർ 15. മോഷണ കേസിന് ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്ത ശേഷമാണ് അയാളുടെ ചരിത്രം ബിന്ദു അറിയുന്നത്. പക്ഷേ നിയമത്തിന് മുന്നിൽ ഈ അമ്മയുടെയും മക്കളുടെയും നിലവിളി നിശ്ശബ്ദമാക്കപ്പെട്ടു. ഭർത്താവ് ജയിലിലായതോടെ നാല് മക്കളെ മാറോടണച്ച് ഉദരത്തിൽ മറ്റൊരു ജീവനും പേറി ബിന്ദു നിസ്സഹായയായി നിന്നു. ഇതിനിടയിൽ അഞ്ചാമത്തെ കുട്ടിക്ക് ജൻമവും നൽകി. പക്ഷേ വാടക നൽകാൻ കഴിയാതായതോടെ വാടക വീട് ഒഴിയേണ്ടി വന്നു. 14 വയസുകാരൻ വൈശാഖ്, 9 വയസുകാരി ഹരിത, 7 വയസുകാരി കല്യാണി, 4 വയസുകാരി കൃഷ്ണപ്രിയ, ഒന്നര വയസുകാരി മിത്ര .... ഈ 5 മക്കളേയും കൊണ്ട് ബിന്ദുവിന് തെരുവിലേക്കിറങ്ങേണ്ടി വന്നു.

     ബാംഗ്ലൂരിൽ നിന്ന് അഭയം തേടി സ്വന്തം മണ്ണിലെത്തി. പക്ഷേ തന്നെയും ഭർത്താവിനെയും ആട്ടിപ്പായിച്ച സ്വന്തം നാട്ടിലേക്ക് മടങ്ങിപ്പോകാൻ ബിന്ദുവിന് ധൈര്യമില്ലായിരുന്നു. അഭയം തേടിയുള്ള നീണ്ടൊരു യാത്രയായിരുന്നു പിന്നീട്.  പല തൊഴിലുകൾ ചെയ്ത് ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ ശ്രമം നടത്തി. പക്ഷേ ഭക്ഷണ ചെലവിന് പോലും അത് തികയുമായിരുന്നില്ല.

      മക്കളെ അനാഥാലയത്തിൽ നിർത്തിയ അനുഭവങ്ങൾ പറയുമ്പോൾ മറ്റെല്ലാ വേദനകളും മറന്ന് ബിന്ദു പൊട്ടി കരയുകയായിരുന്നു.

      ദുരനുഭവങ്ങൾ വിടാതെ പിന്തുടർന്നപ്പോഴാണ് എന്ത് ത്യാഗം സഹിച്ചും എല്ലാ മക്കളെയും ഒപ്പം കൂട്ടാൻ ബിന്ദു തീരുമാനിച്ചത്. അതോടെ  അഞ്ച് മക്കളെയും കൊണ്ട്  ജോലികൾക്കൊന്നും പോകാൻ കഴിയാതെയായി. കുഞ്ഞു മക്കളെ വിശപ്പ് തളർത്തിയ ഒരു തവണ ഒരു യാത്രക്കാരന് മുന്നിൽ കൈ നീട്ടേണ്ടി വന്നതൊഴിച്ചാൽ ആരുടെയും മുന്നിൽ യാചിച്ച് ജീവിക്കാനും ഇവർക്ക് മനസില്ല. യാത്രക്കാർ നൽകുന്ന ഭക്ഷണവും, വഴിയിൽ കാണുന്ന ഫലവർഗ്ഗങ്ങൊമൊക്കെ  കഴിച്ച്
പകൽ സമയങ്ങൾ കാൽനടയായി ഓരോ സ്ഥലങ്ങളിൽ സഞ്ചരിക്കും.  രാത്രിയിൽ മക്കളുടെ സുരക്ഷയോർക്കുമ്പോൾ തെരുവിൽ കിടന്നുറങ്ങാൻ കഴിയാതെ വരും. ഒടുവിൽ അതിന് ബിന്ദു കണ്ടെത്തിയ മാർഗ്ഗം അൽപ്പം വിചിത്രമാണ്. വിദൂരയാത്ര പോകുന്ന ഏതെങ്കിലും ട്രെയിനിൽ മക്കളെയും കൊണ്ട് കയറും. രാത്രി മുഴുവൻ ട്രെയിനിൽ ഉറങ്ങും.  ടിക്കറ്റ് ചെക്കിംഗിനിടെ പിടിക്കപ്പെട്ടാലോ, പുലർച്ചെ ഉണരുമ്പോഴോ തൊട്ടടുത്ത  സ്റ്റേഷനിൽ ഇറങ്ങും. പിന്നെ മടക്കയാത്ര. കേൾക്കുമ്പോൾ അമ്പരപ്പ് മാത്രം തോന്നുന്ന ജീവിതകഥ...!

        സ്വന്തമായൊരു വീടിനായി പല അധികാര കേന്ദ്രങ്ങളിലും കയറിയിറങ്ങിയെങ്കിലും ആശ്വാസവാക്കുകൾ പറഞ്ഞൊഴിവാക്കിയതല്ലാതെ ജയിൽ പുളിയുടെ ഭാര്യയെയും മക്കളെയും സഹായിക്കാൻ ആരും തയ്യാറായില്ല. ഭർത്താവിന്റെ മേൽ ചുമത്തപ്പെട്ട കേസുകളിൽ പലതിനും ജാമ്യമെടുത്തെങ്കിലും രണ്ട് കേസുകൾ ഇപ്പോഴും തുടരുന്നു. ജാമ്യത്തിന് വേണ്ട നടപടികൾക്കോ, വക്കീൽ ഫീസിനോ കാശില്ലാതായതോടെ ഭർത്താവിനെ ജയിൽ മോചിതനാക്കാൻ കഴിയുമെന്ന പ്രതീക്ഷ ഇല്ലാതായി. സ്വന്തം മക്കളെ സുരക്ഷിതമായി വളർത്തണമെന്ന മോഹം മാത്രമാണ് ഇപ്പോൾ ഈ അമ്മയ്ക്കുള്ളത്.

      നാടുകൾ തോറും അലഞ്ഞുള്ള ഇവരുടെ ജീവിതത്തിനിടെ കുട്ടികളുടെ വിദ്യാഭ്യാസവും നഷ്ടപ്പെട്ടു. അഞ്ച് മക്കൾക്കും ഈ അമ്മയ്ക്കും അത്യാവശ്യമായി വേണ്ടത് ഒരു കിടപ്പാടമാണ്. ഒപ്പം അന്നം കണ്ടെത്തുന്നതിന് ബിന്ദുവിന് ഒരു തൊഴിലും. ഈ അമ്മയുടെയും മക്കളുടെയും ജീവിതകഥ സർക്കാരിന് മുന്നിൽ ഞങ്ങൾ എത്തിക്കുകയാണ്. അടച്ചുറപ്പുള്ള വീട്ടിൽ പോലും സുരക്ഷിതമായി ജീവിക്കാൻ കഴിയാത്ത ഇന്നത്തെ സാഹചര്യത്തിൽ,  തെരുവിലലയുന്ന 6 ജീവിതങ്ങളുടെ ഉത്തരവാദിത്വം സർക്കാർ ഏറ്റെടുക്കണം. സാമൂഹ്യക്ഷേമ വകുപ്പ് ഇവരുടെ ജീവിത ദുരിതം ഇനിയെങ്കിലും തിരിച്ചറിയണം.
പ്രിയരേ, ഇവരുടെ  ജീവിതയാത്രയ്ക്ക് തണലൊരുക്കാൻ എന്റെ വാർത്ത പ്രേക്ഷക സഹായം കൂടി അഭ്യർത്ഥിക്കുകയാണ്. നിങ്ങളുടെ സാമ്പത്തിക സഹായങ്ങൾ ബിന്ദുവിന്റെ പേരിൽ കാനറാ ബാങ്കിന്റെ തൃശ്ശൂർ വെസ്റ്റ് പാലസ് റോഡ് ബ്രാഞ്ചിലെ 0721101066882 എന്ന അക്കൗണ്ടിൽ മാറാവുന്ന വിധത്തിൽ ചെക്കായോ  ഡിഡിയായോ.... ദ സീനിയർ മാനേജർ, എച്ച് ആർ , അമൃത ടി.വി, ഗാന്ധിനഗർ, വഴുതക്കാട്, തിരുവനന്തപുരം - 14 എന്ന വിലാസത്തിൽ ഇന്ന് തന്നെ അയയ്ക്കുക...
ഇപ്പോൾ സമയം രാത്രിയാകുന്നു... തിരക്കൊഴിഞ്ഞ ഒരു ട്രെയിൻ കാത്ത് ഇവർ നിൽക്കുകയാണ്. ലക്ഷ്യമില്ലാത്ത ഒരു യാത്രയ്ക്കായി. പക്ഷേ ഇവരെ സുരക്ഷിത സ്ഥാനം എന്ന ലക്ഷ്യത്തിലെത്തിക്കാൻ എന്റെ വാർത്ത ശ്രമം തുടർന്നുകൊണ്ടിരിക്കും. മനസാക്ഷിയുള്ളവർ വരൂ, നീതിക്ക് വേണ്ടിയുള്ള ഈ അമ്മയുടെ പോരാട്ടവും അഭയം തേടിയുള്ള ഈ മക്കളുടെ യാത്രയും ലക്ഷ്യം കാണുന്നത് വരെ ഈ ജീവിതയാത്രയിൽ നമുക്കും ഒപ്പം കൂടാം.

എന്റെ വാർത്ത  10/02/2018  

Monday, 5 February 2018

ഇത് നന്മയുടെ വിജയം


തേജസിന്റെയും തുഷാറിന്റെയും ജീവിതവഴിയിൽ തണലൊരുക്കാൻ നിഷയെ നമുക്ക് സഹായിക്കാം

പുറം കാഴ്ചകളിൽ കണ്ണും നട്ട് നാല് വയസുകാരൻ തേജസ് കാത്തിരിക്കുകയാണ്. സ്കൂളിലേക്ക് പോയ ചേട്ടൻ തുഷാർ തിരിച്ചെത്തിയിട്ട് വേണം അവനൊന്ന് പുറത്തേക്കിറങ്ങാൻ...

ഒറ്റയ്ക്ക് നടക്കാൻ കഴിയാത്ത വിധം തന്റെ കാലുകളെ തളർത്തിയ വിധിയോടുള്ള തേജസിന്റെ പോരാട്ടമാണിത്. എണീറ്റ് നിൽക്കാൻ കഴിയാത്ത വിധം തളർന്ന കാലുകളുമായി ജനിച്ച തേജസ് തന്റെ മനക്കരുത്തിന്റെ ബലത്തിൽ ജ്യേഷ്ഠന്റെ സഹായത്തോടെ ഇപ്പോൾ
പിച്ചവയ്ക്കാൻ തുടങ്ങിയിരിക്കുന്നു....
ചികിത്സാ സഹായത്തിനായി പതിച്ച പോസ്റ്റുകളിൽ അമ്മയുടെ ഫോട്ടോ കണ്ട് തുഷാർ അമ്മയോട് എന്നും കാര്യമന്വേഷിക്കും. ഉത്തരം പറയാനാകാതെ ചിരിച്ചു നിൽക്കുന്ന മകന്റെ മുഖത്ത് നോക്കി  കണ്ണീരൊഴുക്കാനേ ഈ അമ്മയ്ക്ക് കഴിയാറുള്ളൂ.


തുഷാറിന്റെയും തേജസിന്റെയും ജീവിത പോരാട്ടത്തിന് താങ്ങും തണലുമായി നിന്നത് സ്വന്തം അമ്മയായ നിഷയായിരുന്നു. വിധി തളർത്തിയ മകന് മുന്നിൽ തളർന്നിരിക്കാതെ പോരാടാനുറച്ച ഈ അമ്മ സ്വയം നടന്നു നീങ്ങുന്ന മകനെ സ്വപ്നം കണ്ടു തുടങ്ങിയതാണ്. പക്ഷേ ഈ സ്നേഹനിധിയായ അമ്മയുടെയും മകന്റെയും ജീവിത പോരാട്ടത്തിൽ അസൂയ പൂണ്ട് വിധി മറ്റൊരു ക്രൂരവിനോദം കൂടി ഇവരോട് കാട്ടി. മൂക്കിലൂടെ രക്തം വാർന്നതിനെ തുടർന്ന്  പരിശോധനയ്ക്ക് വിധേയയായ നിഷ കാര്യമറിഞ്ഞ് തകർന്നിരുന്നു. രണ്ട് വൃക്കകളുടെയും പ്രവർത്തനം പൂർണമായും നിലച്ചിരിക്കുന്നു. ഒപ്പം തലയിൽ ട്യൂമറും. നിഷയുടെ രോഗവിവരം അറിഞ്ഞതോടെ ഭർത്താവ് രതീഷും രണ്ട് പിഞ്ച് മക്കളും നിസ്സഹായരായി നിന്നു.

വൃക്ക മാറ്റിവയ്ക്കൽ അല്ലാതെ നിഷയുടെ ജീവിതം നില നിർത്താൻ ഇനി മറ്റൊരു മാർഗ്ഗമില്ല. വൃക്കകളുടെ പ്രവർത്തനം നിലച്ചതോടെ തലയിലെ ട്യൂമറിന് വേണ്ട ചികിത്സകൾ ചെയ്യാനോ മരുന്ന് കഴിക്കാനോ കഴിയില്ല. അസഹനീയമായ തലവേദന അപ്രതീക്ഷിതമായി കടന്നു വരുന്നതോടെ  വേദന കൊണ്ട് നിലവിളിക്കുന്ന അമ്മയെ നോക്കി  തുഷാറും തേജസും നിസ്സഹായരായി  നിൽക്കുന്ന കാഴ്ച ആരുടെയും ഹൃദയയത്തിൽ വേദന നിറയ്ക്കും.

വീണ് പരിക്കേറ്റതിനെ തുടർന്ന് നട്ടെല്ലിന് പരിക്കേറ്റ രതീഷ്, സ്വന്തം പരിക്ക് വകവയ്ക്കാതെയാണ് കുടുംബത്തെ സംരക്ഷിച്ചിരുന്നത്. തേജസിന്റെ ചികിത്സയ്ക്കായി ഉണ്ടായിരുന്ന അഞ്ച് സെന്റും വീടും ഇതിനോടകം തന്നെ വിറ്റു കഴിഞ്ഞ രതീഷിന് ഭാര്യയുടെ കണ്ണീരിന് മുന്നിൽ വേദനയോടെ നിൽക്കാനല്ലാതെ മറ്റൊരു മാർഗ്ഗവുമില്ല. നാട്ടുകാരുടെ കനിവിൽ കോട്ടയം അർപ്പൂക്കരയിലെ വാടക വീട്ടിലാണ് ഇന്നിവർ  കഴിയുന്നത്. വാടക കൊടുക്കാൻ പോലും പണമില്ലാതായതോടെ നിഷയ്ക്ക്  അത്യാവശ്യമായി  ചെയ്യേണ്ട ഡയാലിസിസ് പോലും മുടങ്ങിയിരിക്കുകയാണിപ്പോൾ.

പഞ്ചായത്ത് അധികൃതരും നാട്ടുകാരും ഈ കുടുംബത്തെ സഹായിക്കാൻ മുന്നോട്ട് വന്നിട്ടുണ്ടെങ്കിലും ആവശ്യമായ തുക സ്വരൂപിക്കാൻ കഴിഞ്ഞിട്ടില്ല. നിഷയുടെയും തേജസിന്റെയും ചികിത്സയ്ക്കായി ലക്ഷങ്ങളുടെ കണക്കുകൾക്ക് മുന്നിൽ പകച്ചു നിൽക്കുകയാണ് ഇന്നീ കുടുംബം.

തന്റെ ജീവൻ നഷ്ടപ്പെട്ടാലും സാരമില്ല,  മകനെ ചികിത്സിക്കാൻ പറഞ്ഞ് ഭർത്താവിന് മുന്നിൽ നിഷ പലപ്പോഴും കണ്ണീരൊഴുക്കും. പക്ഷേ, സ്വയം നടക്കാനാകാതെ മകൻ തേജസ് അമ്മയെ കൂട്ട് വിളിക്കുമ്പോൾ നിഷയുടെ മനസ് മാറും. മകന് വേണ്ടി, അവൻ എഴുന്നേറ്റ് നടക്കുന്നത് ഒരു നോക്ക് കാണാൻ വേണ്ടി,  തന്റെ ജീവൻ പിടിച്ചു നിർത്തണമെന്ന മോഹം ഈ അമ്മയുടെ ഉള്ളിലുദിക്കും. അമ്മയായ തനിക്കല്ലാതെ തേജസിനെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ട് വരാൻ മറ്റാർക്കും  കഴിയില്ലെന്ന തിരിച്ചറിവിൽ വേദനകളെ കടിച്ചമർത്തി നിഷ പോരാടാൻ തീരുമാനിക്കും. പക്ഷേ, അപ്പോഴെല്ലാം പണം എന്ന അത്യാവശ്യം ഇവർക്ക് മുന്നിൽ വില്ലൻ വേഷമണിയും.

സ്കൂളിലേക്കുള്ള യാത്രക്കിടെ ചികിത്സാ സഹായത്തിനായി പതിച്ച പോസ്റ്റുകളിൽ അമ്മയുടെ ഫോട്ടോ കണ്ട് തുഷാർ അമ്മയോട് എന്നും കാര്യമന്വേഷിക്കും. ചിരിച്ചു നിൽക്കുന്ന മകന്റെ മുഖത്ത് നോക്കി  ഉത്തരം പറയാനാകാതെ  കണ്ണീരൊഴുക്കാനേ ഈ അമ്മയ്ക്ക് കഴിയാറുള്ളൂ.

പ്രിയരേ, തേജസിന്റെയും തുഷാറിന്റെയും ജീവിതവഴിയിൽ തണലൊരുക്കാൻ നിഷയെ നമുക്ക് സഹായിക്കാം. നിങ്ങളുടെ സാമ്പത്തിക സഹായങ്ങൾ എസ്.ബി.ഐ കോട്ടയം ശാഖയിലെ 20364955005 എന്ന അക്കൗണ്ടിൽ മാറ്റാവുന്ന വിധത്തിൽ ചെക്കായോ ഡി ഡിയായോ ഇന്ന് തന്നെ അയയ്ക്കുക....

തേജസിന്റയും തുഷാറിന്റെയും ജീവിതത്തിൽ അമ്മയുടെ സ്നേഹവും കരുതലും ഉറപ്പാക്കണം. അതിനായി  നിഷയുടെ ജീവിത പോരാട്ടത്തിൽ നമുക്ക് കരുത്തേകാം, ഇവരെ മനസറിഞ്ഞ് സഹായിക്കാം ....!

Tuesday, 16 January 2018

അച്ഛനെ മരണം കൊണ്ട് പോയി, അമ്മയെ എങ്കിലും മരണത്തിൽ നിന്ന് ഈ പിഞ്ചോമനകൾക്ക് രക്ഷിക്കണം...

ഈ  പിഞ്ചോമനകൾക്കു 
വേണം  നിങ്ങളുടെ  കാരുണ്യം.... 

സൗഹൃദങ്ങളുടെയും സന്തോഷത്തിന്റെയും കഥകൾക്ക് മാത്രം പശ്ചാത്തലമൊരുക്കിയ ആ സ്കൂൾ മുറ്റത്ത് പഴയകാല കൂട്ടുകാർ ഒത്തുചേരുകയാണ്. നെയ്യാറ്റിൻകര കമുകിൻകോട് സെന്റ് മേരീസ് സ്കൂളിലെ 1998 ബാച്ചിന്റെ സൗഹൃദ കൂട്ടായ്മ.

പൊട്ടിച്ചിരിപ്പിക്കുന്ന ഓർമ്മകൾക്കിടയിലേക്ക്  കുഞ്ഞുമക്കളുടെ കൈ പിടിച്ച് അവൾ നടന്നടുത്തു. ആ കാഴ്ച വിശ്വസിക്കാനാകാതെ നിന്ന കൂട്ടുകാർക്കിടയിലേക്ക്
മെലിഞ്ഞുണങ്ങിയ ശരീരവുമായി അവൾ പതിയെ നടന്നെത്തി. ചിരി മാഞ്ഞ മുഖങ്ങളെ നോക്കി അവൾ പുഞ്ചിരിച്ചു.
ഏവരുടെയും പ്രിയപ്പെട്ട കൂട്ടുകാരി... സുഫിദ.

കളിയും ചിരിയുമായി നടന്ന പ്രിയ കൂട്ടുകാരിയുടെ മാറ്റത്തിന്റെ കഥയറിയാൻ സ്കൂളങ്കണത്തിൽ അവരൊന്നിച്ച് അവൾക്കൊപ്പമിരുന്നു. സുഫിദ തന്റെ ജീവിതം ഓർത്തെടുക്കുകയാണ്...

ഏറെ സന്തോഷത്തോടെ ഭർത്താവിനും രണ്ട് മക്കൾക്കുമൊപ്പം ജീവിച്ച സുഫിദയെ ക്യാൻസറിന്റെ രൂപത്തിൽ  വിധി വേട്ടയാടി തുടങ്ങിയത് മൂന്ന് വർഷങ്ങൾക്ക് മുൻപാണ്. സ്നേഹനിധിയായ ഭർത്താവിന്റെ തണലിൽ രോഗത്തോട് പോരാടിയ സുഫിദ, ജീവിതത്തിലേക്ക് മടങ്ങി വന്നതാണ്. പക്ഷേ, ഹൃദയാഘാദത്തിന്റെ രൂപത്തിൽ ഭർത്താവിന്റെ ജീവനും കവർന്നെടുത്ത് വിധി ഒരിക്കൽ കൂടി ക്രൂരവിനോദം കാട്ടിയപ്പോൾ പറക്കമുറ്റാത്ത രണ്ട് പിഞ്ച്  മക്കളേയും മാറോടണച്ച് രോഗശയ്യയിൽ അവൾ തളർന്നിരുന്നു.

സ്നേഹനിധിയായ അച്ഛനെ കുറച്ച് ചോദിച്ചപ്പോൾ മകൻ ഇന്ദ്രജിത്തിന്റെ വാക്കുകൾ ഇടറി, നിലയ്ക്കാത്ത കണ്ണീര് മാത്രമായിരുന്നു അവന്റെ മറുപടി.

സുഫിദയുടെ ചികിത്സയ്ക്കായി പണം പലിശയ്ക്കെടുത്ത് കടം കയറിയതിനിടയ്ക്കാണ് ഭർത്താവ് വിധിക്ക് മുന്നിൽ കീഴടങ്ങിയത്.
അതോടെ നിത്യവൃത്തിക്കും കുട്ടികളുടെ പഠനത്തിനും പണമില്ലാതെ ഈ കുടുംബം കണ്ണീർ കടലിൽ മുങ്ങി. സ്വന്തമായി ഒരു വീട് പോലുമില്ലാത്ത ഈ കുടുംബം നാട്ടുകാരുടെയും കൂട്ടുകാരുടെയും കനിവിലാണ് ഇന്ന് കഴിയുന്നത്
അച്ഛനെ നഷ്ടപ്പെട്ടതോടെ വീട്ടുകാര്യങ്ങളുടെ ഭാരം കുഞ്ഞുചുമലിൽ ഏറ്റെടുക്കേണ്ട അവസ്ഥയിലാണ് ഇന്ദ്രജിത്തും ദേവജിത്തും. ആഗ്രഹങ്ങളെല്ലാം ഉള്ളിലൊതുക്കി വീട്ടുകാര്യങ്ങളിൽ ശ്രദ്ധിച്ച് തുടങ്ങിയെങ്കിലും ഇടയ്ക്കൊക്കെ ഈ കുഞ്ഞുമനസുകളുടെ പിടിവിടും. കൂടുകാരെപ്പോലെ നല്ലൊരു വസ്ത്രം ധരിക്കാൻ... കൊതിയാകുന്ന ഭക്ഷണം കഴിക്കാൻ കഴിയാത്ത നൊമ്പരം പറഞ്ഞ് അമ്മയുടെ മടിയിൽ തല ചായ്ച്ചുറങ്ങും. നിറഞ്ഞൊഴുകുന്ന കണ്ണുകളുമായി ഈ അമ്മ കുഞ്ഞു നൊമ്പരങ്ങൾ കേട്ടിരിക്കും.

ക്യാൻസറെന്ന മാരകരോഗം നൽകുന്ന വേദനയെക്കാൾ ഈ അമ്മയെ വേദനിപ്പിക്കുന്നത് തന്റെ പിഞ്ചോമനകളെ കുറിച്ചുള്ള ചിന്തകളാണ്. മക്കളുടെ കാലുറയ്ക്കും വരെയെങ്കിലും ആയുസ്സ് നീട്ടിത്തരണമെന്ന പ്രാർത്ഥന മാത്രമാണ് ഇന്നീ അമ്മയ്ക്കുള്ളത്.

പ്രിയരേ, ഈ അമ്മയുടെയും രണ്ട് പിഞ്ചോമനകളുടെയും ജീവിത പോരാട്ടത്തിൽ നമുക്കും പങ്കാളികളാകാം. ഈ കുരുന്നു സ്വപ്നങ്ങളെ കരുപ്പിടിപ്പിക്കാൻ നമുക്കിവരെ സഹായിക്കാം. നിങ്ങളുടെ സാമ്പത്തിക സഹായങ്ങൾ ഇന്ദ്രജിത്തിന്റെയും  സുഫിദയുടെയും പേരിൽ കാനറാ ബാങ്കിന്റെ കമുകിൻകോട്‌ ബ്രാഞ്ചിലുള്ള 1566108083715 എന്ന ജോയിന്റ് അക്കൗണ്ടിൽ മാറാവുന്ന വിധത്തിൽ ചെക്കായോ ഡിഡിയായോ ഇന്ന് തന്നെ അയയ്ക്കുക.....