Sunday, 1 October 2017

ശിവകാർത്തിക

        വൾ ശിവകാർത്തിക.  ക്ലാസിൽ ഫസ്റ്റ്, പാഠ്യേതര പ്രവർത്തനങ്ങളിൽ മുന്നിൽ, ക്ലാസ് ലീഡർ... അങ്ങനെ വിളപ്പിൽശാല ഗവ: യു പി എസിലെ ആറാം ക്ലാസ് വിദ്യാർത്ഥിനിയായ ശിവകാർത്തിക ഏവരുടെയും പ്രിയങ്കരിയാണ്. എപ്പോഴും ചിരിച്ചു കളിച്ച് നടന്ന ഈ മിടുക്കിക്കുട്ടിയുടെ മുഖത്ത് അപ്രതീക്ഷിത  മൗനം കണ്ടാണ് അദ്ധ്യാപകർ കാര്യം അന്യേഷിച്ചത്. അടക്കിപ്പിടിച്ചിരുന്ന കുഞ്ഞു മനസ് വിതുമ്പി. ക്യാൻസർ ബാധിതയായ അമ്മയുടെയും രോഗിയായ അച്ഛന്റെയും വീട്ടിലെയും അവസ്ഥകൾ പറഞ്ഞ് പിന്നീട് അവൾ പൊട്ടി കരയുകയായിരുന്നു. 

മിടുക്കികുട്ടിയായ ശിവകാർത്തികയുടെ നൊമ്പര ജീവിതം ആരുടെയും ഹൃദയത്തിൽ ആഴത്തിൽ മുറിവേൽപ്പിക്കും. രണ്ട് വർഷമായി ക്യാൻസർ ബാധിതയായി വീട്ടിൽ കഴിയുന്ന അമ്മയുടെ അവസ്ഥ കണ്ട് കണ്ണീരോടെയാണ് ഓരോ ദിവസവും ഇവൾ വീടിന്റെ പടവുകൾ ഇറങ്ങുന്നത്. അമ്മ എന്ന വാക്ക് കേൾക്കുമ്പോൾ തന്നെ അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങും. 

തലയിലും നട്ടെല്ലിലും ക്യാൻസർ ബാധിച്ച അനിതകുമാരി
കഴിഞ്ഞ രണ്ട് വർഷമായി ഇതേ കിടപ്പാണ്.  തെങ്ങ് കയറ്റ തൊഴിലാളിയായ മധുസൂദനനാകട്ടെ  ഭാര്യയുടെ ചികിത്സ താങ്ങാവുന്നതിലും അപ്പുറമാണ്.  വർഷങ്ങൾക്ക് മുൻപ് തെങ്ങിൽ നിന്ന് വീണ് മധുസൂദനന് സാരമായ പരിക്കേറ്റിരുന്നു. കുടുംബത്തിന്റെ അവസ്ഥ കഷ്ടത്തിലായതോടെ എല്ലാം മറന്ന് വീണ്ടും ജോലിക്ക് പോകാൻ നിർബന്ധിതനായി. അപ്പോഴാണ് തൊഴിലുറപ്പ് തൊഴിലാളിയായിരുന്ന അനിതയെ ക്യാൻസർ കീഴ്പ്പെടുത്തിയത്. അതോടെ ഉണ്ടായിരുന്നതെല്ലാം വിറ്റ് ചികിത്സ നടത്തി. ചെലവ് താങ്ങാവുന്നതിലധികമായതോടെ വിധിക്ക് മുന്നിൽ തകർന്നിരിക്കുകയാണ് ഇന്നീ കുടുംബം. പ്രായമായ മുത്തശ്ശിക്കൊപ്പം വീട്ടുകാര്യങ്ങളും അമ്മയുടെ പരിചരണവും ശിവകാർത്തികയാണ് ചെയ്യുന്നത്. ഇതിനിടയിലാണ് അവളുടെ പഠനം.   

പഠനത്തിൽ മിടുക്കിയായ തങ്ങളുടെ മകളുടെ പഠനം മുടങ്ങരുതെന്ന ആഗ്രഹം മാത്രമാണ് ഇന്നീ മാതാപിതാക്കൾക്കുള്ളത്. ഭക്ഷണത്തിനും ചികിത്സയ്ക്കും പുറമേ ഏക മകളുടെ പഠനത്തിനും മാർഗ്ഗമില്ലാതായതോടെ ഇവർ നാട്ടുകാരുടെ കനിവ് തേടി. മകൾക്ക് വേണ്ടി മാത്രമാണ് തങ്ങൾ ജീവിക്കുന്നതെന്ന് പറഞ്ഞ് വിതുമ്പി കരയുന്ന ഈ അച്ഛന്റെയും അമ്മയുടെയും മുന്നിൽ മറ്റെല്ലാ വേദനകളും അലിഞ്ഞില്ലാതാകും.

വേദനകലിങ്ങനെ  വേട്ടയാടുമ്പോഴും തളരാതെ ഈ കൊച്ചു മിടുക്കി പോരാടുകയാണ്.  അമ്മയെ എണീൽപ്പിച്ച് നടത്തണം, അച്ഛന്റെ കഷ്ടപ്പാടുകൾ മാറ്റണം... ഒപ്പം പഠിച്ച് പഠിച്ച് അവൾക്കൊരു ഐ.പി.എസുകാരിയാകണം.

പന്ത്രണ്ട് വയസ്സിനുള്ളിൽ ശിവകാർത്തിക അനുഭവിച്ചറിഞ്ഞ ജീവിതപാഠത്തോളം വരില്ല മറ്റൊരനുഭവവും. ആഗ്രഹങ്ങളെല്ലാം ഉള്ളിലൊതുക്കി അച്ഛനേയും അമ്മയേയും തളർത്തിയ വിധിയോട് ഒറ്റയ്ക്ക് പോരാടാനുറച്ച് മുന്നോട്ട് പോവുകയാണ് ഈ കൊച്ചു മിടുക്കി. പ്രിയരേ   ഇവളുടെ ജീവിത പോരാട്ടത്തിൽ നമുക്കും അണിചേരാം. ഈ കുടുംബത്തിന്റെ കണ്ണീരൊപ്പാൻ നമുക്ക് ആവുന്ന സഹായങ്ങൾ ചെയ്യാം. നിങ്ങളുടെ സാമ്പത്തിക സഹായങ്ങൾ അനിതകുമാരിയുടെ പേരിൽ എസ്.ബി.ടി പേയാട് ശാഖയിലുള്ള 67221943538 എന്ന അകൗണ്ടിൽ മാറാവുന്ന വിധത്തിൽ ചെക്കായോ ഡി സിയായോ ദ സീനിയർ മാനേജർ, എച്ച് ആർ , അമൃത ടി.വി, ഗാന്ധിനഗർ, വഴുതക്കാട്, തിരുവനന്തപുരം - 14 എന്ന വിലാസത്തിൽ ഇന്ന് തന്നെ അയയ്ക്കുക.

ജീവിതത്തെ കുറിച്ചും സ്വപ്നങ്ങളെ കുറിച്ചും ശിവകാർത്തികയ്ക്ക് പറയാൻ ഒരുപാടുണ്ട്. പക്ഷേ, നിറഞ്ഞൊഴുകുന്ന കണ്ണീർതുള്ളികൾ  അവളുടെ വാക്കുകളെ മറയ്ക്കുകയാണ്. നൊമ്പരത്തിന്റെ ഈ മുഖം ഓരോ ഹൃദയത്തിലും ആഴത്തിൽ മുറിവേൽപ്പിക്കുകയാണ്... നമുക്ക് കൈ കോർക്കാം, ഇവളുടെ കണ്ണീരൊപ്പാം.

https://www.facebook.com/amritachallenge/videos/1656502014390925/   

എന്റെ വാർത്ത - 01 / 10 / 17 

Thursday, 17 August 2017


ഇന്ന്  മുതൽ 
ലാൽസലാം 

    മലയാളത്തിന്റെ  പ്രിയ താരം മോഹൻലാൽ ആദ്യമായി മിനി സ്ക്രീനിൽ എത്തുന്ന അമൃത ടി വിയുടെ  ലാൽസലാം  എന്ന കമ്പ്ലീറ്റ്  എന്റർടയിൻമെന്റ്   ടി വി  ഷോ  ഇന്ന്  സംപ്രേഷണം  ആരംഭിക്കുന്നു.  തികച്ചും  വേറിട്ടൊരു  ദൃശ്യ അനുഭവം  കേരളത്തിന്‌  സമ്മാനിക്കുന്ന  തരത്തിലാണ്‌  ഈ  ഷോ  ഒരുക്കിയിട്ടുള്ളത്.  മോഹൻലാലിനു  പുറമേ സംഗീത ലോകത്ത്  മലയാളിയുടെ  ഹരമായ  സ്റ്റീഫൻ ദേവസിയും  നടി  മീര  നന്ദനും  ലാൽ സലാമിലെ  സ്ഥിരം സാന്നിധ്യമാണ്.  മലയാളത്തിലെയും തമിഴിലെയും ഏതാണ്ട്  എല്ലാ താരങ്ങളും ലാലിനൊപ്പം  ലാൽസലാമിൽ പങ്കെടുക്കുന്നുണ്ട് എന്നതാണ്‌  ഈ  പരിപാടിയുടെ  മറ്റൊരു  പ്രത്യേകത.  ഇതിനെല്ലാം  പുറമേ  മറ്റൊരുപാട്  വിസ്മയങ്ങളും  ലാൽ സലാമിൽ  ഉൾപ്പെടുത്തിയിട്ടുണ്ട്.
 എല്ലാ  ആഴ്ചകളിലും  വെള്ളി,  ശനി  ദിവസങ്ങളിൽ  രാത്രി  8 മണിക്ക്  അമൃത  ടി വി  ലാൽ സലാം  സംപ്രേഷണം  ചെയ്യുന്നു.


Tuesday, 8 August 2017

മിണ്ടാപ്രാണി 

                                                                     

   കഴിഞ്ഞ ദിവസം സന്ധ്യാനേരം. പാറുവിന്റെ ശബ്ദം വീട്ടിൽ ഉയർന്നു കേട്ടു....
    "ചേട്ടാ...."
    "എന്താ വാവേ " ഉണ്ണിക്കണ്ണൻ ഓടി ചെന്നു...
    "ചേട്ടാ... ഇതാണോ ഈ മിണ്ടാപ്രാണി..."   നടന്നു  വന്നപ്പോൾ അവളറിയാതെ   ചവിട്ടേറ്റ്  നിലത്ത് കിടന്നിരുന്ന ഒരു ഈയലിനെ ചൂണ്ടി കാട്ടി  അവൾ ചോദിച്ചു.
    "അതെ വാവേ... ഇതും ഒരു മിണ്ടാപ്രാണി ആണ്... " ഉണ്ണിക്കണ്ണൻ മറുപടി നൽകി...
    "അയ്യോ... ചേട്ടാ... എനിക്കറിയില്ലായിരുന്നു , ഇതാണ് മിണ്ടാപ്രാണിയെന്ന്... അച്ഛൻ  പറഞ്ഞിട്ടുണ്ട് മിണ്ടാപ്രാണികളെ കൊല്ലരുതെന്ന്... ഞാനറിയാതെ ചവിട്ടിയതാ... ഇനി എന്ത് ചെയ്യും? " പാറു ചോദിച്ചു...
     "സാരമില്ല വാവേ..." ഉണ്ണിക്കണ്ണൻ മറുപടി നൽകി. ജീവിതത്തിൽ ആദ്യമായി മിണ്ടാപ്രാണിയെ കണ്ടുമുട്ടിയ ആശ്വാസത്തിൽ, ഇനി  മിണ്ടാപ്രാണിയെ കൊല്ലില്ലെന്ന തീരുമാനവുമായി പാറുക്കുട്ടിയും നടന്നു... ടി.വിയുടെ മുന്നിലേക്ക്...