രക്തസാക്ഷികൾ
സിന്ദാബാദ്..
ജീവിതത്തിന്റെ നടവഴികളിൽ നിന്ന് ലൊക്കേഷനുകളിലേക്ക് ചേക്കേറിയവയാണ് ചെറിയാൻ കല്പകവാടിയുടെ സിനിമകൾ. ചെറിയാന്റെ കഥയിൽ വേണുനാഗവള്ളി സംവിധാനം ചെയ്ത ലാൽസലാം സാമ്പത്തിക വിജയം നേടിയ കമ്യൂണിസ്റ്റ് ചിത്രമായിരുന്നു. ലാൽസലാം റിലീസ് ചെയ്ത് വർഷങ്ങൾ കഴിഞ്ഞ് പുതിയൊരു കമ്മ്യൂണിസ്റ്റ് സിനിമക്ക് വേണ്ടി ചെറിയാൻ തയ്യാറെടുത്തു. ലാൽസലാമിന്റെ വിജയം നൽകിയ ആവേശവും മറ്റൊരു കമ്മ്യൂണിസ്റ്റ് സിനിമക്കായുള്ള പ്രേക്ഷകരുടെ ആവശ്യവും ചെറിയാന് പ്രചോദനമേകി.
ലാൽസലാം ടീമിന്റെ തന്നെയായിരുന്നു രക്തസാക്ഷികൾ സിന്ദാബാദ് എന്ന സിനിമയും. സംവിധാനം വേണുനാഗവള്ളി . താരനിരയിൽ മോഹൻലാലിനൊപ്പം സുരേഷ്‌ഗോപിയും മുരളിയും നാസറും സുകന്യയും. ഇവരിൽ സുരേഷ്‌ഗോപി, നാസർ, സുകന്യ എന്നിവർ ലാൽസലാമിൽ ഉണ്ടായിരുന്നില്ല.
കേരളത്തിൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ ഉദയം, വളർച്ച എന്നീ ചരിത്ര മുഹൂർത്തങ്ങൾക്കു പുറമേ അക്കാലത്തെ സാമൂഹിക ചുറ്റുപാടുകളും രാഷ്ട്രീയാന്തരീക്ഷവും രക്തസാക്ഷികൾക്ക് പ്രമേയമായി. മൂന്നു പ്രധാന കഥാപാത്രങ്ങളിലൂടെ ഒരു കാലഘട്ടത്തിന്റെ സ്പന്ദനങ്ങൾ സെല്ലുലോയ്ഡിലേക്ക് ആവാഹിക്കാനുള്ള ശ്രമമായിരുന്നു ചെറിയാൻ ഈ സിനിമയിലൂടെ നടത്തിയത്.
കേരളത്തിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനം വേരോടിത്തുടങ്ങിയ കാലം. അടിമത്തത്തിലും ചൂഷണത്തിലും കഴിഞ്ഞിരുന്ന അനേകം സാധാരണക്കാർ കേരളം ഇന്നും നെഞ്ചിലേറ്റി ആദരിക്കുന്ന ഒരു കൂട്ടം നേതാക്കളുടെ കീഴിൽ സംഘടിക്കുകയും ശക്തരാകുകയും ചെയ്തു. നിരോധനങ്ങളെയും നിയന്ത്രണങ്ങളെയും അതിജീവിച്ചു കൊണ്ട്, മർദ്ദനങ്ങൾക്കും പീഡനങ്ങൾക്കും തോല്പിക്കാനാകാത്ത വികാരമായി, വിചാരമായി കമ്യൂണിസ്റ്റ് പ്രസ്ഥാനം മലയാളിയുടെ രക്തത്തിൽ അലിഞ്ഞു ചേർന്നു.
മൊറാഴ സംഭവം, കയ്യൂർ കലാപം, പുന്നപ്ര-വയലാർ, ഇടപ്പള്ളി സംഭവം ഇവയൊക്കെ പ്രസ്ഥാനത്തിന്റെ വളർച്ചയിലെ നാഴികക്കല്ലുകളായി. 1931 മുതൽ തിരുവിതാംകൂർ രാജഭരണം ശ്രീ ചിത്തിര തിരുനാൾ മഹാരാജാവിനായിരുന്നു. അമ്മ മഹാറാണി സേതുപാർവതീഭായിയും ദിവാൻ സർ സി.പി.രാമസ്വാമി അയ്യരും ആയിരുന്നു തുടക്കത്തിൽ ഭരണം നിയന്ത്രിച്ചിരുന്നത്. സി.പി. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ അടിച്ചമർത്താൻ ദിവാന്റെ അധികാരങ്ങൾ ഉപയോഗിച്ചു. അദ്ദേഹത്തിനെതിരെ പ്രസ്ഥാനവും ശക്തമായി രംഗത്തെത്തി.
ജന്മിമാരുടെ ചൂഷണത്തിനു ആലപ്പുഴ ജില്ലയിലെ താലൂക്കുകളായ ചേർത്തല, അമ്പലപ്പുഴ എന്നിവിടങ്ങളിലെ സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നിന്ന കർഷകർ ഇരകളായിരുന്നു. ദിവാന്റെയും അദ്ദേഹത്തിന്റെ പോലീസ് സേനയുടെയും ഉറച്ച പിന്തുണ ജന്മിമാർക്ക് ഉണ്ടായിരുന്നു. ചൂഷണത്തെ പ്രതിരോധിക്കുന്നതിനായി കമ്യൂണിസ്റ്റ് പാർട്ടിയുടെ കീഴിൽ
കർഷകർ അണിനിരന്നു. തൊഴിലാളികൾക്ക് അർദ്ധസൈനിക പരിശീലനം നൽകപ്പെട്ടു. 1946 സെപ്റ്റംബറിൽ ആലപ്പുഴയിൽ തൊഴിലാളി പ്രക്ഷോഭങ്ങൾ ശക്തമാകുകയും പൊതു പണിമുടക്ക് പ്രഖ്യാപിക്കുകയും ചെയ്തു. ദിവാൻ ഭരണം അവസാനിപ്പിക്കുക എന്നത് തൊഴിലാളി സംഘടനകൾ ഉന്നയിച്ച ആവശ്യങ്ങളിൽ പ്രധാനപ്പെട്ട ഒന്നായിരുന്നു. ഇതേതുടർന്ന്ഒക്ടോബർ 25 ന് ഈ മേഖലയിൽ പട്ടാളഭരണം പ്രഖ്യാപിക്കുകയും സായുധപോലീസിന്റെ നിയന്ത്രണം ദിവാൻ സി.പി. രാമസ്വാമി അയ്യർ തന്നെ നേരിട്ടേറ്റെടുക്കുകയും ചെയ്തു. രാജാവിന്റെ ജന്മദിനമായ 1946 ഒക്ടോബർ 25 ന് പണിമുടക്കിയ തൊഴിലാളികൾ ആലപ്പുഴയിൽ നിന്നും പുന്നപ്രയിലേക്ക് ജാഥയായി പോയി. ഇവരെ പിരിച്ചുവിടാൻ സൈന്യം വെടിവച്ചു. അടുത്ത ദിവസം മാരാരിക്കുളത്തും തൊട്ടടുത്ത ദിവസം വയലാറിലും സമാനമായ വെടിവെപ്പുകൾ നടന്നു. യന്ത്രത്തോക്കുകളോട് വാരിക്കുന്തവും, കല്ലുമൊക്കെയായാണ് തൊഴിലാളികൾ ഏറ്റുമുട്ടിയത്. സി.പിയുടെ നയങ്ങൾക്കെതിരെ പ്രതിഷേധിച്ച ഇരുനൂറോളം സഖാക്കളുടെ ജീവിതം പുന്നപ്ര വയലാറിൽ എരിഞ്ഞടങ്ങിയതായാണ് കണക്ക്. ആയിരത്തോളം പേർ കൊല്ലപ്പെട്ടു എന്നാണ് അനൗദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നത്. ഇതൊക്കെയായിരുന്നു രക്തസാക്ഷികൾ സിന്ദാബാദ് എന്ന സിനിമയുടെ ഇതിവൃത്തവും. മോഹൻലാൽ,സുരേഷ്‌ഗോപി, മുരളി എന്നിവരിലൂടെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ നേതൃനിരയെ അവതരിപ്പിക്കാനുള്ള ശ്രമമാണ് ചെറിയാൻ കല്പകവാടി ഈ സിനിമയിൽ നടത്തിയത്. തമിഴ് നടൻ നാസറായിരുന്നു സി.പി.രാമസ്വാമി അയ്യരുടെ വേഷം അഭിനയിച്ചത്.

1946 ലെ അമേരിക്കൻ മോഡൽ ഭരണ പരിഷ്കാരത്തിന്റെ ചുവട് പിടിച്ച് 1947 ൽ സ്വതന്ത്ര തിരുവിതാംകൂർ വാദവുമായി സി.പി.മുന്നോട്ട് നീങ്ങി. പാർട്ടി ഇതിനെതിരായിരുന്നു. 1947 ജൂലൈ 25 ന് തിരുവനന്തപുരത്ത് സ്വാതിതിരുനാൾ അക്കാദമിയിൽ ചേർന്ന ചടങ്ങിൽ സർ സി.പിയെ കേരള സോഷ്യലിസ്റ്റ് പാർട്ടിക്കാരനായ കെ.സി.എസ്. മണി വെട്ടിപ്പരിക്കേൽപിച്ചു. 1947 ഓഗസ്റ്റ് 14 ന് ദിവാൻപദം രാജിവച്ച സി.പി. ഓഗസ്റ്റ് 19 ന് തിരുവനന്തപുരം വിട്ട് കോയമ്പത്തൂർ വഴി ഊട്ടിയിലേക്ക് കടന്നു. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെ മുതിർന്ന ഒരു നേതാവിന്റെ ജീവിതവും കെ.സി.എസ്. മണിയുടെ ജീവിതം കൂട്ടി ചേർത്താണ് മോഹൻലാൽ അവതരിപ്പിച്ച ശിവ സുബ്രഹ്മണ്യ അയ്യർ എന്ന കഥാപാത്രത്തെ ചെറിയാൻ കല്പകവാടി മെനഞ്ഞെടുത്തത്.
1998 ഒക്ടോബറിൽ രക്തസാക്ഷികൾ സിന്ദാബാദ് തിയേറ്ററുകളിലെത്തി. നെടുമുടി വേണു, കരമന ജനാർദ്ദനൻ നായർ, രാജൻ പി.ദേവ്, സൈനുദീൻ, രഞ്ജിത, മാതു, സുകുമാരി തുടങ്ങിയവരായിരുന്നു പ്രധാന അഭിനേതാക്കൾ. പി.സുകുമാർ ഛായാഗ്രഹണംവും എൻ.ഗോപാലകൃഷ്ണൻ എഡിറ്റിങ്ങും നിർവഹിച്ചു. വേണു നാഗവള്ളിയും ചെറിയാൻ കല്പകവാടിയും ചേർന്നാണ് തിരക്കഥ ഒരുക്കിയത്.
ഒരു കമ്യൂണിസ്റ്റ് സിനിമ എടുക്കുമ്പോൾ പ്രസ്ഥാനം അതെങ്ങനെ നോക്കിക്കാണുമെന്ന് പാർട്ടി അനുഭാവികളായ വേണുനാഗവള്ളിയും ചെറിയാൻ കല്പകവാടിയും ചിന്തിച്ചില്ല. അതുകൊണ്ട് തന്നെ ചരിത്രം പറയുന്നതിനൊപ്പം സിനിമയുടെ വിജയത്തിനാവശ്യമായ പല നാടകീയ സംഭവങ്ങളും സിനിമയിൽ ഉൾപ്പെടുത്തി. മോഹൻലാലിന്റെ കഥാപാത്രമായ ശിവസുബ്രഹ്‌മണ്യവും സുകന്യ അവതരിപ്പിച്ച ശിവകാമി അമ്മാളും തമ്മിലുള്ള പ്രണയവും മറ്റും അങ്ങനെയാണ് സിനിമയിലേക്ക് കടന്നു വന്നത്. ഇത്രയൊക്കെ സിനിമാ മുഹൂർത്തങ്ങൾ കഥയിൽ ഉൾക്കൊള്ളിച്ചിട്ടും ലാൽസലാമിന്റെ വിജയം ആവർത്തിക്കാൻ രക്തസാക്ഷികൾ സിന്ദാബാദ് എന്ന ചിത്രത്തിന് കഴിഞ്ഞില്ല.
-സുപാ സുധാകരൻ
[ജീവൻ ടി.വിക്കു വേണ്ടി 2002 ൽ തിരുവനന്തപുരത്തെ ntv നിർമ്മിച്ച ജീവിതം സിനിമ എന്ന പ്രോഗ്രാമിന് വേണ്ടി ഞാനെഴുതിയ സ്ക്രിപ്റ്റ്. രഞ്ജിയേട്ടനായിരുന്നു (രഞ്ജി പണിക്കർ) ജീവിതം സിനിമയുടെ അവതാരകൻ. ഇതു പിന്നീട് ശ്രീ. എ. ചന്ദ്രശേഖർ എഡിറ്റർ ഇൻ ചാർജ് ആയിരുന്നപ്പോൾ രാഷ്ട്ര ദീപിക സിനിമ വീക്കിലിയിൽ 2004 മേയിൽ പ്രസിദ്ധീകരിച്ചിരുന്നു. നന്ദി: ജീവിതം സിനിമ എന്ന പ്രോഗ്രാമിന്റെ പ്രൊഡ്യൂസറായി അക്കാലത്ത് എന്നെ നിയോഗിച്ച എൻ.ടി.വി. ഡയറക്ടർ ലീൻ സാറിനോട്. (ശ്രീ.ലീൻ ബി. ജസ്മസിനോട്)]